പത്തനംതിട്ട : ക്രമസമാധാനം പാലിക്കാൻ ബാധ്യതപ്പെട്ട ഭരണകക്ഷിയിൽപ്പെട്ടവർ തന്നെ അത് അട്ടിമറിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് രാഹുൽ ഗാന്ധിയുടെ ഓഫീസിനു നേരെ നടന്ന എസ് എഫ് ഐ അക്രമണമെന്ന് യു ഡി എഫ് തിരുവല്ല നിജോകമണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ മതേതരമുഖമായ രാഹുൽ ഗാന്ധിയെ തകർക്കാൻ ബി ജെ പി നടത്തുന്നതിനേക്കാൾ ഹീനമായ പ്രവർത്തിയാണ് എസ് എഫ് ഐയുടേതെന്നും ബി ജെ പിയുടെ ബി ടീമായി കേരളത്തിലെ സിപിഎം തരംതാണെന്നും യോഗം ആരോപിച്ചു.
സ്വർണ്ണ കടത്തു കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുക്ക്യമന്ത്രി മാറി നിന്നു അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു യുഡിഎഫ് ജൂലൈ 2 ന് നടത്തുന്ന കളക്ടറേറ്റ് മാർച്ചും ധർണ്ണയും വിജയിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. സമീപനപാത തകർന്നത് മൂലം ഗതാഗതം മുടങ്ങിയ കോമളം പാലത്തിലൂടെയുള്ള യാത്ര പുനസ്ഥാപിക്കാൻ അടിയന്തിര സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 6 ന് തിരുവല്ലയിലെ പി ഡബ്ലിയു ഡി ബ്രിഡ്ജസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസിന് മുമ്പിൽ ജനപ്രതിനിധികളുടെ ധർണ്ണ നടത്താനും യോഗം തീരുമാനിച്ചു.
കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി യോഗം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ലാലു തോമസ് അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞുകോശി പോൾ, റെജി തോമസ്, വർഗീസ് മാമ്മൻ, പി. ജി. പ്രസന്നകുമാർ, എബി മേക്കരിങ്ങാട്ട്, സാം ഈപ്പൻ, ബിജു ലങ്കാഗിരി, ജോസ് പഴയിടം, ജോർജ് മാത്യു, തോമസ് വർഗീസ്, ചെറിയാൻ മണ്ണാഞ്ചേരി മധുസൂദനൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.