ഗുജറാത്ത് : ചത്ത പശുവിന്റെ തൊലിയുരിക്കുന്ന ഒരു സംഘം ദലിത് യുവാക്കളെ ഗുജറാത്തിലെ ഉനയില്‍ വസ്ത്രമുരിഞ്ഞ് കാറില്‍ കെട്ടി മര്‍ദിച്ച സംഭവം രാജ്യം ഞെട്ടലോടെയാണ് കേട്ടത്. ദലിത് രാഷ്ട്രീയത്തെ മാറ്റിമറിച്ച സംഭവമായിരുന്നു ഇത്. 2016 ജൂലൈ 11 നായിരുന്നു ഉനയിലെ ദലിതര്‍ക്ക് നേരെ അക്രമിസംഘം അതിക്രമം നടത്തിയത്.
ഉന നഗരത്തില്‍ ചത്ത പശുവിന്റെ തോലുരിയുകയായിരുന്ന ഇവരെ ഗോരക്ഷാപ്രവര്‍ത്തകരും സവര്‍ണ്ണ വിഭാഗത്തിലെ 40 ഓളം പേരും ചേര്‍ന്ന് കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഗുജറാത്തില്‍ ജിഗ്‌നേഷ് മേവാനിയുടെ നേതൃത്വത്തില്‍ നടന്ന ദലിത് മഹാറാലി രാജ്യത്ത് വന്‍ ചലനങ്ങളുണ്ടാക്കിയിരുന്നു. തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ ആക്രമണത്തില്‍ ഇരകളായ എല്ലാവര്‍ക്കും വലിയ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. എല്ലാവര്‍ക്കും അഞ്ച് ഏക്കര്‍ ഭൂമി വീതം അനുവദിക്കും. യോഗ്യതകള്‍ പരിശോധിച്ച് സര്‍ക്കാര്‍ ജോലി നല്‍കും. ഇരകളെ ഗ്രാമത്തില്‍നിന്നും മാറ്റിപ്പാര്‍പ്പിക്കും തുടങ്ങിയവയായിരുന്നു ആനന്ദി ബെന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന വാഗ്ദാനങ്ങള്‍.
ഇപ്പോഴിതാ, ക്രൂര മര്‍ദനത്തിന് ഇരയായ ഏഴു പേരില്‍ ഒരാള്‍ തന്നെയും തന്റെ സഹോദരങ്ങളെയും വിവേചനം നേരിടാത്ത ഒരു രാജ്യത്തേക്ക് നാടുകടത്തണമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദിനോട് യാചിച്ച് രംഗത്തുവന്നിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തങ്ങളെ ഇന്ത്യയിലെ പൗരന്മാരെപ്പോലെയല്ല പരിഗണിക്കുന്നതെന്ന് വശ്രം സർവയ്യ ആരോപിച്ചു. ചത്ത കന്നുകാലികളുടെ തൊലിയുരിക്കൽ ഇവരുടെ പരമ്പരാഗത തൊഴിലിന്റെ ഭാഗമായിരുന്നു. എന്നാൽ പശുവിനെ ഇവര്‍ കൊന്നുവെന്ന് ആരോപിച്ചായിരുന്നു അക്രമികളുടെ നരനായാട്ട്.
ജനുവരി ഏഴിന് ഉനയുടെ ഗിർ-സോംനാഥ് ജില്ലാ കലക്ടറേറ്റ് ഓഫീസിലെ കോർഡിനേറ്റീവ് യൂണിറ്റിനാണ് വശ്രം സർവയ്യ അപേക്ഷ നല്‍കിയത്. “ഉന സംഭവം ഞങ്ങളുടെ മൗലികാവകാശങ്ങളും പരമ്പരാഗത തൊഴിലുകളും നഷ്ടപ്പെടുത്തി,” സർവയ്യ പറഞ്ഞു. “ഇപ്പോൾ ഞങ്ങൾ ഈ രാജ്യത്തിന്റെ ഭാഗമല്ല എന്ന മട്ടിലാണ് സർക്കാർ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്. ഞങ്ങളെ ഈ രാജ്യത്തെ പൗരന്മാരായി കണക്കാക്കാൻ കഴിയുന്നില്ലെങ്കിൽ, ഞങ്ങളുടെ പൗരത്വം റദ്ദ് ചെയ്ത്, വിവേചനം നേരിടാത്ത ഒരു രാജ്യത്തേക്ക് ഞങ്ങളെ നാടുകടത്തണം.” സര്‍വയ്യ പറഞ്ഞു.
രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സംസ്ഥാന സർക്കാർ ഇരകള്‍ക്ക് അതിവേഗ നീതി വാഗ്ദാനം ചെയ്തിരുന്നു. “ഒരു മാസത്തിനുള്ളിൽ ഞങ്ങളെ വീണ്ടും സന്ദർശിക്കുമെന്ന് അവർ [മുൻ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേൽ] പറഞ്ഞിരുന്നു,” സർവയ്യ പറഞ്ഞു. “പക്ഷേ ആനന്ദിബെന്നോ ഒരു സംസ്ഥാന സർക്കാർ പ്രതിനിധിയോ ഞങ്ങളെ സന്ദർശിക്കുകയോ വാഗ്ദാനങ്ങൾ പാലിക്കുകയോ ചെയ്തില്ല. അവകാശങ്ങൾ സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകാൻ രാഷ്ട്രപതിക്ക് കഴിയുന്നില്ലെങ്കിൽ ദയാവധം തിരഞ്ഞെടുക്കാൻ അവരെ അനുവദിക്കണമെന്നും സർവയ്യ പറഞ്ഞു. അപേക്ഷ പരിഗണിച്ചില്ലെങ്കിൽ രാഷ്ട്രപതി ഭവന് പുറത്ത് ആത്മാഹൂതി ചെയ്യുമെന്നും സര്‍വയ്യ പറഞ്ഞു.