മൂന്നാര്‍ : അലവന്‍സ് കൈപ്പറ്റിയശേഷം യൂണിഫോം ധരിക്കാത്ത ഗ്രാമ വികസന വകുപ്പിലെ ജീവനക്കാരില്‍ നിന്ന് സര്‍ക്കാര്‍ അനുവദിച്ച തുക പലിശയടക്കം തിരികെ പിടിക്കും. 12 ശതമാനം പലിശയുള്‍പ്പെടെ തിരിച്ചു പിടിക്കാനാണ് ഉത്തരവ്. ബ്ലോക്ക് പ്രോജക്‌ട് ഓഫീസ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം, എ.ഡി.സി.ജനറല്‍, എ.ഡി.സി. പെര്‍ഫോമന്‍സ് ഓഡിറ്റ് തുടങ്ങിയ വിഭാഗങ്ങളിലെ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ, യൂണിഫോം അലവന്‍സ് കൈപ്പറ്റുന്ന ജീവനക്കാര്‍ക്കായാണ് ഉത്തരവ്.
ഉത്തരവുപ്രകാരം അലവന്‍സ് കൈപ്പറ്റുന്ന മുഴുവന്‍ ജീവനക്കാരും നിര്‍ബന്ധമായി ഡ്യൂട്ടി സമയത്ത് യൂണിഫോം ധരിക്കണം. ധരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ച് അലവന്‍സ് തുക 12 ശതമാനം പലിശ ഉള്‍പ്പെടെ തിരിച്ചുപിടിക്കണം. ഡ്യൂട്ടിസമയത്ത് യൂണിഫോം ധരിക്കുന്നത് സംബന്ധിച്ച് ജീവനക്കാര്‍ സാക്ഷ്യപത്രം സമര്‍പ്പിക്കണം. ഉദ്യോഗസ്ഥര്‍ യൂണിഫോം അലവന്‍സ് കൈപ്പറ്റിയ ശേഷം ജോലിസമയത്ത് ഇവ ധരിക്കാതെ എത്തുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് 2017-ല്‍ ധനകാര്യവകുപ്പ് ഉത്തരവിറക്കിയിരുന്നു.