ന്യൂഡല്‍ഹി : കേന്ദ്രമന്ത്രി സഭാ പുനഃസംഘടന ഉടന്‍. പുതിയ ഏഴ് മന്ത്രിമാരെ കാബിനറ്റില്‍ ഉള്‍പ്പെടുത്തും എന്നാണ് വിവരം. മലയാളിയായ ഒരാള്‍ക്ക് കൂടി മന്ത്രിസഭയില്‍ ഇടം ലഭിച്ചേക്കും. ബീഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിടിവാശി ഉപേക്ഷിച്ച് ജെഡിയുവിന്റെ മന്ത്രിസഭ പ്രവേശനത്തിനുള്ള സന്നദ്ധത അറിക്കാനായിരുന്നു സന്ദര്‍ശനം. ഒരു കാബിനറ്റ് മന്ത്രിസ്ഥാനം ഉള്‍പ്പെടെ രണ്ട് മന്ത്രിസ്ഥാനം ജെഡിയുവിന് വാഗ്ദാനം ചെയ്യപ്പെട്ടതായി പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. മാസങ്ങള്‍ക്ക് മുമ്പ് നടത്താന്‍ ആലോചിച്ച മന്ത്രിസഭാ പുനഃസംഘടന നടപടികളാണ് വീണ്ടും ഇപ്പോള്‍ പ്രധാനമന്ത്രി വേഗത്തിലാക്കിയത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകും എന്നാണ് വിവരം.
എഐഎഡിഎംകെയ്ക്ക് പുനഃസംഘടനയില്‍ മന്ത്രിസഭാ പ്രവേശനം ലഭിക്കും. അവര്‍ക്കും രണ്ട് മന്ത്രിസ്ഥാനം നല്‍കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. ബിജെപി മന്ത്രിമാരില്‍ ചിലരുടെ വകുപ്പുകള്‍ക്ക് മാറ്റം ഉണ്ടാകും. വി മുരളീധരനടക്കം ഉള്ള ഏതാനും പേരെ കാബിനറ്റ് മന്ത്രിമാരാക്കുന്ന കാര്യവും പരിഗണിക്കുന്നു എന്നാണ് സൂചന. കേരളത്തിന് ഒരു മന്ത്രിസ്ഥാനം കൂടി നല്‍കുന്ന കാര്യവും ഇപ്പോള്‍ പരിഗണിക്കുന്നുണ്ട്. മധ്യപ്രദേശില്‍ നിന്നുള്ള ജ്യോതിരാദിത്യ സിന്ധ്യയുടെ മന്ത്രിസഭാ പ്രവേശനം പുനഃസംഘടനയില്‍ യാഥാര്‍ത്ഥ്യമാകും. ഇന്നലെ ചിരാഗ് പാസ്വാന്‍ പ്രധാനമന്ത്രിയെ കണ്ടെങ്കിലും പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം നല്‍കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയില്ല എന്നാണ് വിവരം.