വടശ്ശേരിക്കര : വടശ്ശേരിക്കര – ചിറ്റാർ റോഡിന്റെ വശങ്ങളിൽ കാട് വളർന്നത് കാല്‍നട യാത്രക്കാർക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാകുന്നു. വടശ്ശേരിക്കര മുതൽ ബൗണ്ടറി വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമാണ് മാസങ്ങളായി കാടുകൾ വെട്ടിമാറ്റാതെ കിടക്കുന്നത്. കാൽനട യാത്രക്കാർക്ക് റോഡിലൂടെ നടക്കാൻ പോലും ഇപ്പോള്‍ ഇടമില്ല. രാത്രി കാലങ്ങളിൽ തെരുവ് വിളക്കുകളുടെ വെളിച്ചം പോലും മറയ്ക്കുന്ന രീതിയിലാണ് കാടുകൾ വളർന്നിരിക്കുന്നത്. കൂടാതെ വന്യമൃഗങ്ങളുടെയും വിഷപ്പാമ്പുകളുടെയും ശല്യവും പ്രദേശത്ത് രൂക്ഷമായിട്ടുണ്ട്. റോഡിലെ കാടുകൾ നീക്കം ചെയ്യുന്നതിനായി പൊതുമരാമത്ത് വകുപ്പ് കരാർ നൽകിയിരുന്നെങ്കിലും ജോലി പൂർണ്ണമായി ചെയ്തുതീർക്കാതെ കരാറുകാരൻ തുക മാറിയെടുത്തതായി നാട്ടുകാർ ആരോപിക്കുന്നു.
പ്രധാന ഭാഗങ്ങളിൽ ചിലയിടത്ത് പേരിന് മാത്രം കാട് വെട്ടി മാറ്റി ബാക്കി മുഴുവൻ ഭാഗങ്ങളും അതുപോലെ തന്നെ ഉപേക്ഷിക്കുകയാണ് കരാറുകാരന്‍ ചെയ്തത്. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ അനാസ്ഥ കാണിച്ച കരാറുകാരനും ജോലി കൃത്യമായി പരിശോധിക്കാതെ തുക അനുവദിച്ച് നൽകിയ ഉദ്യോഗസ്ഥർക്കുമെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കരാറുകാരൻ ബില്ല് മാറിയെടുത്ത സാഹചര്യത്തിൽ ഇനി ഈ കാടുകൾ ആര് നീക്കം ചെയ്യുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. വിഷയത്തിൽ പൊതുമരാമത്ത് വകുപ്പ് ഉന്നതാധികാരികൾ അടിയന്തിരമായി ഇടപെട്ട് റോഡിലെ കാടുകൾ വെട്ടിമാറ്റാനും ക്രമക്കേട് നടത്തിയ കരാറുകാരനെതിരെ കർശന നടപടി സ്വീകരിക്കുവാനും തയ്യാറാകണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.






























