34.1 C
Pathanāmthitta
Thursday, January 27, 2022 2:40 pm
- Advertisment -

വാലാങ്കര – അയിരൂർ റോഡിന്റെ നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയെന്ന് ആക്ഷന്‍ കൌണ്‍സില്‍

റാന്നി : വാലാങ്കര അയിരൂർ റോഡിന്റെ നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയെന്ന് നാട്ടുകാര്‍. ഈ റോഡിന്റെ വികസന പ്രവർത്തനം കിഫ്ബി ഫണ്ട് ഉപയോഗിച്ച് KRFB (Kerala Road Fund Board) നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ്. കരിങ്കുറ്റിയിൽ കൺസ്ട്രക്ഷൻ & ഡെവലപ്പേഴ്സ് ആണ് കരാർ എടുത്തിരിക്കുന്നത്. 8.327 കിലോമീറ്റര്‍  നീളമുള്ള റോഡ് 10.5 മീറ്റർ വീതി ആക്കി 6850 മീറ്റർ ഡ്രൈനേജ്, 1600 മീറ്റർ ഡക്ട്ട്, 3636 മീറ്റർ D R retaining wall, 6 ക്രോസ്സ് ഡക്ട്, 32 പുതിയ കലുങ്കുകൾ, 3 പഴയ കലുങ്കുകളുടെ വീതി കൂട്ടി, റോഡ് ഉയർത്തി, മെറ്റിൽ ഇട്ട് ഉറപ്പിച്ച് , BMBC ടാറിംഗ് നടത്തി ട്രാഫിക് ലൈറ്റ്സ്, സൈൻ ബോർഡ്, ക്രാഷ് ബാരിയേഴ്സ് മുതലായവ സ്ഥാപിച്ചു നവീകരിക്കുന്നതിന് കരാർ തുക 20,20,67,453 രുപായും കാലാവധി 9 മാസവും ആയിരുന്നു. നിർമ്മാണ ചിലവ് കിലോമീറ്ററിന് ഏകദേശം 250 ലക്ഷം രൂപ. 2019 ഫെബ്രുവരിയിൽ ആരംഭിച്ച പണികൾ 2019 നവംബറിൽ പൂർത്തീകരിക്കേണ്ടതായിരുന്നു. എന്നാല്‍ 2 വർഷവും 10 മാസവും കഴിഞ്ഞിട്ടും ഏകദേശം പകുതി ജോലികൾ മാത്രമാണ് പൂര്‍ത്തീകരിച്ചത്.

റോഡ് പുനരുദ്ധാരണത്തിന്റെ അടിസ്ഥാന പ്രവർത്തിയാണ് അലൈൻമെന്റ് നടത്തി റോഡിന്റെ  അവസ്ഥ മെച്ചപ്പെടുത്തുക എന്നത്. എന്നാൽ ഈ റോഡിന്റെ  പലയിടങ്ങളിലും ഒരു വശം മാത്രം മൊത്തം വീതികൂട്ടിയ കാരണത്താൽ റോഡിന്റെ ഘടന തന്നെ മാറുകയും സ്ഥിതി മോശപ്പെടുകയും ചെയ്തു. റോഡിന്റെ  പല ഭാഗങ്ങളിലും പല കലുങ്കുകളിലും റോഡ് ഒരു വശം ചേർത്താണ് വന്നിരിക്കുന്നത്. അതായത് ഒരു വശം റോഡിന്റെ  അരികുവരെ ടാറിങ്ങും മറുവശത്ത് നാലും അഞ്ചും മീറ്റർ ടാറില്ലാതെയുമാണ്. റോഡിന്റെ  നിർമ്മാണത്തിൽ ശരിയായ മേൽനോട്ടം കരാറുകാരന്റെ  ഭാഗത്തുനിന്നും KRFB യുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നത് വ്യക്തമാണ്. പല ഘട്ടങ്ങളിലും വകുപ്പുതല ഉദ്യോഗസ്ഥരെ സമീപിച്ചപ്പോൾ കരാറുകാരന്റെ  ഭാഷയാണ് കേൾക്കാൻ കഴിഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു.

എസ്റ്റിമേറ്റിൽ പറഞ്ഞിരിക്കുന്ന ജോലികൾ പൂർത്തീകരിക്കാതെ എസ്റ്റിമേറ്റിൽ നിന്നും അധികരിച്ച് ചെയ്തു എന്നു പറയപ്പെടുന്ന ജോലിയുടെ പണത്തിനായും അഡീഷണൽ എസ്റ്റിമേഷന്റെ  അനുമതിക്കായും കാത്തിരിക്കുന്ന കരാകാരന്റെ  നിഷേധാത്മകമായ നിലപാടാണ് പണികൾ അനിശ്ചിതമായി നീണ്ടുപോകാൻ കാരണമായിരിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. റോഡിന്റെ  പുനരുദ്ധാരണ പ്രവർത്തികളായ വീതിയെടുപ്പ്, പോസ്റ്റ് മാറ്റിയിടൽ, ഓട നിർമ്മാണം, ഡക്ടു നിർമ്മാണം, സംരക്ഷണ ഭിത്തി നിർമ്മാണം, കലുങ്ക് നിർമ്മാണം എന്നിവ പൂർത്തീകരിക്കാതെ ഉപരിതല നിർമ്മാണം (Bitumen Mecadem) നടത്തിയത് പലവിധ സംശയങ്ങൾക്കും കാരണമാണ്.

മലയുടെ അടിവാരത്തിൽക്കൂടി നിർമ്മിച്ചിരിക്കുന്ന ഈ റോഡിൽ മഴക്കാലത്ത് മലയിൽനിന്നും മഴവെള്ളവും ഉറവ ജലവും അതിശക്തമായി ഒഴുകി എത്തുന്നതിനാൽ വെള്ളക്കെട്ടുകൾ ഉണ്ടാകാറുണ്ട്. ഈ  കാരണത്താൽ ഡ്രൈനേജ് നെറ്റ്വർക്കിങ് ഈ റോഡിനെ സംബന്ധിച്ച് വളരെ പ്രധാനമാണ്. എന്നാല്‍ ആവശ്യമായ പല സ്ഥലങ്ങളിലും ഓടകൾ നിർമ്മിച്ചിട്ടില്ല. കിലോമീറ്ററുകളോളം നീളത്തിൽ സംരക്ഷണ ഭിത്തികൾ നിർമ്മിച്ചിട്ടില്ല. വീതി എടുപ്പ് ജോലി പൂർത്തീകരിച്ചിട്ടില്ല. കലുങ്കുകൾക്ക് പാരപ്പെറ്റ് നിർമിച്ചിട്ടില്ല. ഇത്തരത്തിലുള്ള അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ കാരണം ഈ റോഡിൽ ദിനംപ്രതി നിരവധി അപകടങ്ങള്‍ ഉണ്ടാകാറുണ്ട്.

റോഡിന് ആവശ്യമായ വീതി എടുത്ത് നിർമ്മാണം നടത്താത്തതിനാൽ ഇലക്ട്രിക് പോസ്റ്റുകൾ പലതും ഗതാഗത തടസ്സം സൃഷ്ടിക്കുകയാണ്.  ഇത് അപകടങ്ങൾ വർധിക്കുന്നതിന് ഇടയാക്കും. വാലാങ്കര – അയിരൂർ റോഡിന്റെ അശാസ്ത്രീയമായ നിര്‍മ്മാണങ്ങള്‍ക്കെതിരെ ആക്ഷൻ കൗൺസിൽ  നിയമ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകംതന്നെ  ഉന്നത അധികാരികൾക്കെല്ലാം ആക്ഷൻ കൗൺസിലിന്റെ നേത്രുത്വത്തില്‍  പരാതി നല്‍കിയിട്ടുണ്ടെന്ന് ചെയര്‍മാന്‍ ലാലു തോമസ്‌, വൈസ് ചെയര്‍മാന്‍ ജോയി എ.ചെറിയാന്‍, സെക്രട്ടറി എം.വി വര്‍ഗീസ്‌, ജോയിന്റ് സെക്രട്ടറി ബിനു ടി.സാമുവേല്‍, ട്രഷറാര്‍ ഷാജി തോമസ്‌ എന്നിവര്‍ പറഞ്ഞു.

- Advertisment -
Advertisment
Advertisment
- Advertisment -
- Advertisment -

Most Popular