തിരുവനന്തപുരം : എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ അതിജീവിതയെ അപമാനിക്കുകയാണെന്നും ഏതെങ്കിലും ആവശ്യത്തിന് വേണ്ടി ഇങ്ങനെയൊരു ഹര്‍ജി ആരെങ്കിലും നല്‍കുമോയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.സംസ്ഥാന സര്‍ക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരെ ആരോപണമുന്നയിച്ച് ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹരജിക്ക് പിന്നില്‍ ബാഹ്യ ഇടപെടലുകള്‍ എന്ന ഇ.പിയുടെ സംശയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കാലത്ത് ഹര്‍ജി നല്‍കരുത് എന്നില്ലല്ലോയെന്നും കടകംപള്ളിക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ പ്രധാനപ്രതിയുടെ തന്നെ രാഷ്ട്രീയ ബന്ധങ്ങള്‍ അന്വേഷിച്ചാല്‍ ചുരുളഴിയുമെന്ന് നടപടികളില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് തന്നെ ഇടപെടലുണ്ടായെന്ന ആരോപണത്തോട് പ്രതികരിച്ച് ഇ.പി പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിലകൊള്ളുന്നത് സ്ത്രീ സുരക്ഷിതത്വത്തിന് വേണ്ടിയാണെന്നും ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹരജി ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട നടി ഹരജി നല്‍കിയത് ചൂണ്ടിക്കാണിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം. എല്ലാവരുടെയും സുരക്ഷക്കായാണ് സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാറിനെ അറിയുന്നവരെല്ലാം പൊലീസ് നീതിപൂര്‍വം പ്രവര്‍ത്തിക്കുമെന്നും ക്രമസമാധാനം സംരക്ഷിക്കുമെന്നും പറയുമെന്നും ഇ.പി ജയരാജന്‍ അവകാശപ്പെട്ടു. നടി ഈ ഹരജി നല്‍കിയതിന്റെ കാരണം അവരോട് തന്നെ ചോദിക്കണമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ പ്രതിഭാഗം അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കുന്നത് കോടതി തീരുമാനിക്കേണ്ടതാണെന്നും അതില്‍ അവര്‍ ശരി കാണുമെന്നും നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോടതിയില്‍ കൊടുത്ത കാര്യം അവര്‍ തീരുമാനിക്കുമെന്നും കോടതിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും തൃക്കാക്കരയില്‍ യുഡിഎഫിന് വികസനം പറയാനില്ലെന്നും അവര്‍ ഭയപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കെതിരെ സംസ്‌കാര ശൂന്യമായ പദപ്രയോഗങ്ങള്‍ നടത്തുകയാണെന്നും ജനകീയ പ്രശ്നങ്ങളില്‍ ശ്രദ്ധ തിരിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടില്ലെന്ന് പി.ടി തോമസ് ഭയന്നിരുന്നുവെന്നും അദ്ദേഹം ഭയന്നതാണ് ഇപ്പോള്‍ സംഭവിച്ചതെന്നും തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും അദ്ദേഹത്തിന്റെ ഭാര്യയുമായ ഉമാ തോമസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരെ ആരോപണമുന്നയിച്ച് ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹരജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് അവരുടെ പ്രതികരണം. നടിക്കൊപ്പം നിലകൊണ്ടിരുന്ന പി.ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അവരുടെ ഹരജി ചര്‍ച്ചയായിരിക്കുകയാണ്.
തുടരന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കാനും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും രാഷ്ട്രീയ ഉന്നതര്‍ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നതായാണ് നടിയുടെ ഹരജിയിലെ ആരോപണം. കോടതിയിലുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം വന്നതായി ഫോറന്‍സിക് ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചിട്ടും ഇക്കാര്യത്തില്‍ വിചാരണക്കോടതി യാതൊരു അന്വേഷണവും നടത്തിയില്ലെന്നും ഹരജിയില്‍ പറഞ്ഞു. ഹൈക്കോടതിയുടെ മേല്‍നോട്ടമില്ലെങ്കില്‍ തുടരന്വേഷണം ശരിയായ വിധം നടക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടി ഹര്‍ജി നല്‍കിയിരിക്കുന്നത്.
































