പത്തനംതിട്ട : ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടേയും നിര്‍ദേശ പ്രകാരം 2021 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി താഴെതട്ടിലെ ശുദ്ധീകരിക്കപ്പെട്ട വോട്ടര്‍പട്ടിക കുറ്റമറ്റ നിലയില്‍ വേഗം തയാറാക്കണമെന്ന് ഇലക്ടറല്‍ റോള്‍ ഒബ്സര്‍വര്‍ കൂടിയായ ഭക്ഷ്യപൊതു വിതരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി നിര്‍ദേശിച്ചു. പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തുന്നതിന് തിരുവല്ല റസ്റ്റ്ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ഇലക്ടറല്‍ റോള്‍ ഒബ്സര്‍വര്‍.
പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയ്ക്ക് ഏറ്റവും കൂടുതല്‍ പങ്ക് വഹിക്കാനാകുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്കുമാണ്. ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് തെരഞ്ഞെടുപ്പിന് മുന്നോടിയായി പരിശീലനം ലഭ്യമാക്കേണ്ടതുണ്ട്. മരണപ്പെട്ട വോട്ടര്‍മാര്‍, ഒരിടത്തുനിന്ന് മറ്റൊരിടത്തേയ്ക്ക് മാറ്റപ്പെട്ട വോട്ടര്‍മാര്‍, നവവോട്ടര്‍മാര്‍ എന്നിവരെക്കുറിച്ച് ബി.എല്‍.ഒ മാരുടെ ശ്രദ്ധയില്‍പ്പെടുത്താനും കഴിയും. ഇതിലൂടെ ഇരട്ടിപ്പ് ഇല്ലാതാക്കാനാകും. പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയില്‍ ഈ മാസം 15 വരെയുള്ള സമയത്ത് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലോ പരാതികളോ ഉണ്ടെങ്കില്‍ അവ തിരുത്താനും സാധിക്കും. ceo.kerala.gov.in എന്ന, മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ് സൈറ്റിലും, electoralsearch.in എന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോര്‍ട്ടലിലും കരട് വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് ലഭ്യമാണ്. പരാതി ഉള്ളവര്‍ക്ക് 1950(ഓഫീസ് സമയം) എന്ന നമ്പരില്‍ ബന്ധപ്പെടാം.
പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിനുളള അവസാന തീയതി ഈമാസം 15 ആയതിനാല്‍ അക്ഷയ സെന്ററുകള്‍ ഇതിന് പ്രാധാന്യം നല്‍കണം. പ്രവാസി വോട്ടര്‍മാര്‍ക്ക് 15 വരെയുള്ള സമയം ഓണ്‍ലൈനായി അപേക്ഷിക്കാനാകും. ഇങ്ങനെ ചെയ്താല്‍ അവരുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെടാനുള്ള സാധ്യത ഇല്ലാതാകുമെന്നും തെരഞ്ഞെടുപ്പ് സമയം നാട്ടില്‍ വന്ന് വോട്ടുചെയ്യാനാകുമെന്നും ഇലക്ടറല്‍ റോള്‍ ഒബ്സര്‍വര്‍ വ്യക്തമാക്കി.
ബി.എല്‍.ഒ, ബി.എല്‍.എ എന്നിവര്‍ ചേര്‍ന്ന പ്രാദേശിക സംവിധാനം വളരെ ശക്തമായാല്‍ വോട്ടര്‍ പട്ടികയിലെ കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും സൂക്ഷ്മവും കുറ്റമറ്റതുമായി നടപ്പാക്കാന്‍ സാധിക്കും. ഇത്തരത്തില്‍ ജില്ലയിലെ വോട്ടര്‍ പട്ടിക ശുദ്ധീകരണ പ്രക്രിയ കുറ്റമറ്റതായി തീരുമെന്നും ഇലക്ടറല്‍ റോള്‍ ഒബ്സര്‍വര്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് പത്തനംതിട്ടയും കൊല്ലവും മറ്റുള്ള ജില്ലകള്‍ക്ക് ഇക്കാര്യത്തില്‍ മാതൃകയായിരുന്നു.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി നൂഹ്, ഇലക്ഷന്‍ ഡെപ്യുട്ടി കളക്ടര്‍ എന്‍.കെ. കൃപ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ.ആര്‍. സനല്‍കുമാര്‍, ജോസഫ് എം പുതുശേരി, വിജയകുമാര്‍ മണിപ്പുഴ, കെ.ജി. രതീഷ് കുമാര്‍, രാജു വാണിയപ്പുരയ്ക്കല്‍, തിരുവല്ല തഹസില്‍ദാര്‍ ജോണ്‍ വര്‍ഗീസ്, കോഴഞ്ചേരി എല്‍.ആര്‍ തഹസില്‍ദാര്‍ വിജയകുമാര്‍, കോന്നി തഹസില്‍ദാര്‍ സി.ആര്‍ സോമനാഥന്‍ നായര്‍, റാന്നി തഹസില്‍ദാര്‍ സാജന്‍ വി. കുര്യാക്കോസ്, അടൂര്‍ തഹസില്‍ദാര്‍ ബീന എസ്. ഹനീഫ്, അസി.ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍, ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.