പത്തനംതിട്ട : ചിത്രകലാ ഗുരുവായ ആർട്ടിസ്റ്റ് വി എസ് വല്യത്താന്റെ ഓർമയ്ക്കായി ശിഷ്യരും കുടുംബാംഗങ്ങളും ചേർന്ന് തയ്യാറാക്കിയ അദ്ദേഹം വരച്ച ചിത്രങ്ങളുടെ ഗാലറി ഫെബ്രുവരി 2 ന് സാംസ്കാരിക കേരളത്തിനായി തുറന്ന്
കൊടുക്കുകയാണ്. പന്തളം മണികണ്ഠനാൽത്തറയ്ക്ക് സമീപം ഒരുക്കിയിട്ടുള്ള ഗാലറിയിൽ വല്യത്താൻ്റെ ചിത്രങ്ങൾ ഇനിയുള്ള കാലം മിഴിവൂറി നിൽക്കും.
ചായക്കൂട്ടുകളാൽ ക്യാൻവാസിൽ വെളിച്ചവും ഇരുട്ടും സൃഷ്ടിച്ച പ്രതിഭയായിരുന്നു വല്യത്താൻ. രവിവർമ ശൈലിയുടെ സവിശേഷതകൾ ആർജിച്ച് ചിത്രരചന നടത്തിയ കലാകാരനായിരുന്നു വട്ടപ്പറമ്പിൽ ശങ്കരൻ വല്യത്താനെന്ന ആർട്ടിസ്റ്റ് വി എസ് വല്യത്താൻ. വെളിച്ചം-നിഴൽ എന്ന കണക്കിൽ ചിത്രഭാഷ ഉപയോഗിക്കുന്നതിലുള്ള കഴിവ് അദ്ദേഹത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളിലും തെളിഞ്ഞുകാണാം. സ്ത്രീ സൗന്ദര്യത്തെ വര കൊണ്ട് പ്രത്യേക അഴകിൽ കാഴ്ചക്കാരിലേക്കെത്തിക്കുന്നതും അദ്ദേഹത്തിന്റെ വരയിലെ സവിശേഷതയായിരുന്നു. മോഡലുകളെ ഉപയോഗിക്കാതെ മനസിൽ വിരിയുന്ന മുഖങ്ങളും പ്രകൃതി ഭംഗികളും കഥകളും കാൻവാസിലേക്ക് അദ്ദേഹം പകർത്തിയപ്പോൾ അവ ജീവനുള്ളവയായി മാറുകയായിരുന്നു. ഛായാചിത്രങ്ങളേക്കാൾ അദ്ദേഹം തന്റെ കഴിവു തെളിയിച്ചതും വിഷയാധിഷ്ഠിത ചിത്രങ്ങളുടെ രചനയിലാണ്. ചിത്രങ്ങൾക്ക് യോജിക്കുന്ന സാഹചര്യങ്ങൾ പിന്നിലെ ദൃശ്യങ്ങളാൽ വരച്ചുചേർക്കുന്നതിലും അദ്ദേഹം വ്യത്യസ്തത പുലർത്തി.
പന്തളം കൊട്ടാരത്തിലെ അംഗവും വ്യാകരണ പണ്ഡിതനും സംസ്‌കൃത നിപുണനുമായ രേവതിനാൾ രാമവർമ തമ്പുരാന്റെയും തോട്ടത്തിൽ മാധവിയമ്മയുടെയും മകനായി ജനിച്ച വല്യത്താൻ പന്തളം പുത്തൻവീട്ടിൽ ആദ്യകാലത്ത് ചിത്രകാരനായ പി കെ ഗോപാലപിള്ളയുടെ ശിഷ്യനായി. ജീവതാവസാനംവരെ വരയുടെ ലോകത്ത് വിരാചിച്ച ചിത്രകാരനെത്തേടി അംഗീകാരങ്ങളെത്തിയത് അവസാന നാളുകളിലാണ്. 1996-ൽ കേരള ചിത്രകലാ പരിഷത്തിന്റെ ഫെലോഷിപ്പും 2002-ൽ കേരള ലളിതകലാ അക്കാദമിയുടെ ചിത്രകലാ പുരസ്‌കാരവും അദ്ദേഹം ഏറ്റുവാങ്ങി. 2006-ൽ 86-ാമത്തെ വയസിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഒരുലക്ഷം രൂപയുടെ രാജാ രവിവർമ പുരസ്‌കാരം ഏറ്റുവാങ്ങാൻ നിൽക്കാതെ ക്ലാസിക് കലയുടെ കാരണവർ ജൂൺ 21-ന് വരയുടെ ലോകത്തുനിന്നും വിടവാങ്ങി. ആർട്ടിസ്റ്റ് വി എസ് വല്യത്താൻസ് ആർട്സ് ഗ്യാലറിയുടെ ഉദ്ഘാടനം 2 ന് വൈകിട്ട് 4 ന് പന്തളം എമിനൻസ് ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, പന്തളം നഗരസഭാ ചെയർമാൻ അച്ചൻകുഞ്ഞ് ജോൺ, എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. പരിപാടിയോടനുബന്ധിച്ച് പന്തളം എമിനൻസ് സ്കൂളിൽ രാവിലെ 9 മുതൽ 30 ചിത്രകാരൻമാർ പങ്കെടുക്കുന്ന ചിത്രകലാ ക്യാമ്പ് നടക്കും.