കൊല്ലം: കൊല്ലം ജില്ലയിലെ ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടിയുടെ ബന്ധുവിന് വീണ്ടും ഫോൺകോൾ. കുട്ടി സുരക്ഷിതയാണെന്നും 10ലക്ഷം രൂപ തന്നാൽ നാളെ രാവിലെ 10മണിക്ക് കുട്ടിയെ വീട്ടിലെത്തിക്കാമെന്നും തട്ടിക്കൊണ്ടുപോയ സംഘത്തിലെ യുവതി പറയുന്നു. ബന്ധുവിന്റെ ഫോണിലേക്കാണ് യുവതി വിളിച്ചത്. എന്നാൽ വിവരം പോലീസിന് കൈമാറരുതെന്നും ബോസ് പറയുന്നതുപോലെ ചെയ്യണമെന്നും യുവതി പറയുന്നുണ്ട്. നിങ്ങളുടെ കുട്ടി സുരക്ഷിതയാണ്. 10 ലക്ഷം രൂപ തയ്യാറാക്കി വെക്കണം. നാളെ രാവിലെ കുട്ടിയെ വീട്ടിലെത്തിക്കാം. ബോസ് പറയുന്നത് പോലെ ചെയ്യണം. ഈ നമ്പറിലേക്ക് വിളിക്കരുത്. വിളിച്ച വിവരം പോലീസിൽ അറിയിക്കരുത് -യുവതി പറയുന്നു. ഫോണ്‍വിളിയുടെ വിശദാംശങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്. നേരത്തെ 5ലക്ഷം രൂപ ആവശ്യപ്പെട്ടാണ് കുഞ്ഞിൻ്റെ അമ്മയ്ക്ക് ഫോണ്‍കോൾ വന്നത്.
കുട്ടിയ്ക്കായി സംസ്ഥാന വ്യാപകമായി തെരച്ചിൽ ആരംഭിച്ചു കഴിഞ്ഞു. കേരള തമിഴ് നാട് അതിർത്തി പ്രദേശമായ കളിയിക്കാവിളയിലും പരിശോധന ശക്തമാക്കി. കൊല്ലം സിറ്റിയിലും റൂറലിലും എല്ലാ ഇടങ്ങളിലും പരിശോധന നടക്കുകയാണ്. സിറ്റി പോലീസ് കമ്മീഷണറും റൂറൽ എസ്പിയും ചേർന്നാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്. ആര്യൻകാവ് ചെക്ക്പോസ്റ്റിലും കോട്ടയം ജില്ലാ അതിർത്തിയായ ളായിക്കാട് എം സി റോഡിലും വർക്കല ഇടവ മേഖലകളിലും കൊല്ലം തിരുവനന്തപുരം അതിർത്തിയിലും ഇടുക്കിയിലെ അതിർത്തി ചെക്ക് പോസ്റ്റിലും കുമളി ചെക്ക് പോസ്റ്റിലും പരിശോധന നടക്കുകയാണ്. വിവരം കിട്ടിയാൽ അറിയിക്കുക 9946923282, 9495578999