കശ്മീര്‍ : ജമ്മുകശ്മീരില്‍ റെയ്ഡില്‍ വൻ ആയുധശേഖരം പിടികൂടി. കുപ്‍വാരയില്‍ പോലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ആയുധശേഖരം കണ്ടെടുത്തത്. പത്ത് പിസ്റ്റലുകളും പതിനേഴ് സെറ്റ് തിരകളും 54 പിസ്റ്റല്‍ റൗണ്ടുകളും അഞ്ച് ഗ്രനേഡുകളും പിടിച്ചെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്ത ജമ്മു കശ്മീര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച് ഹന്ദ്വാരയില്‍ നിന്ന് തോക്കും തിരകളുമായി ഒരു ഭീകരനെ സുരക്ഷസേന പിടികൂടിയിരുന്നു. കഴിഞ്ഞയാഴ്ച അനന്തനാഗില്‍ വെച്ചും എ.കെ 56 തോക്കുകളും പിസ്റ്റലുകളും കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡില്‍ വൻ ആയുധശേഖരം പിടികൂടിയത്.
കശ്മീരിലെ ബാരാമുള്ളയില്‍ പഞ്ചായത്ത് അധ്യക്ഷനെ കഴിഞ്ഞ ദിവസം ഭീകരര്‍ വെടിവെച്ചുകൊന്ന സാഹചര്യവുമുണ്ടായിരുന്നു. ഗോഷ് ബഗ് ഗ്രാമത്തിലെ സർപഞ്ചായ മന്‍സൂര്‍ അഹമ്മദ് ബാന്‍ഗ്രു ആണ് കൊല്ലപ്പെട്ടത്. 2011 ന് ശേഷം ഭീകരര്‍ കൊലപ്പെടുത്തുന്ന ഇരുപത്തിയൊന്നാമത്തെ പഞ്ചായത്ത് അംഗമാണ് ബാന്‍ഗ്രു. കശ്മീരിലെ ഭീകരാക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയാത്തത് ഹൃദയഭേദകമെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമർ അബ്ദുള്ളയടക്കം പ്രതികരിച്ചത്.