റാന്നി : ജില്ലയിലേക്ക് വൻതോതിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച പശ്ചിമ ബംഗാൾ സ്വദേശിയെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ ടീമും റാന്നി സബ് ഡിവിഷൻ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സലീം ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 1.36 കിലോഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രി 11.00 മണിക്ക് ശേഷമായിരുന്നു സംഭവം. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങിയ പ്രതി അവിടെനിന്നും ഓട്ടോറിക്ഷ വിളിച്ച് റാന്നി ഭാഗത്തേക്ക് വരുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം പരിശോധന നടത്തിയത്. കീകൊഴൂർ ഭാഗത്തുവെച്ച് വാഹനം തടഞ്ഞു നിർത്തി നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെടുത്തത്.
ലഹരിവസ്തുക്കൾക്കെതിരെ ജില്ലയിൽ പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായാണ് ഈ സംയുക്ത ഓപ്പറേഷൻ നടന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലഹരി കടത്തിന് പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.































