തിരുവനന്തപുരം : പേട്ടയിൽ രണ്ടുവയസ്സുകാരിയെ കാണാതായ സംഭവത്തിൽ കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങളിൽ പ്രതീക്ഷ വെച്ച് പോലീസ്. കുട്ടിയെ കണ്ടെത്തിയ ബ്രഹ്മോസിന് സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്. ഇതിൽ നിന്ന് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. കുട്ടിയെ ഇന്നലെ കണ്ടിടത്ത് വീണ്ടും പോലീസ് എത്തി പരിശോധന നടത്തുകയാണ്. അതേസമയം, കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കുട്ടി എസ്.എ.ടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെ അനുസ്മരിപ്പിക്കും വിധം ഉദ്വേഗം നിറഞ്ഞതായിരുന്നു പേട്ടയിൽ രണ്ടുവയസുകാരിക്ക് വേണ്ടി പോലീസ് നടത്തിയ പരിശോധന.
ഇന്നലെ പുലർച്ചെ 12 മണിക്കും ഒരു മണിക്കും ഇടയിലാണ് ടെൻറിൽ മൂത്ത സഹോദരനൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ കാണാതാവുന്നത്. പേട്ട ഓൾ സെയിൻറ്‌സ് കോളേജിൻറെ പിറകിലെ ചതുപ്പിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോയതായി പുലർച്ചെ രണ്ടരയോടെ പോലീസിൽ പരാതി ലഭിക്കുന്നത്. മഞ്ഞ ആക്റ്റീവ സ്‌കൂട്ടറിലെത്തിയ രണ്ടുപേർ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് കുട്ടിയുടെ ആറു വയസുകാരനായ സഹോദരൻ പോലീസിൽ മൊഴി നൽകി. മൂന്ന് മണി മുതൽ പോലീസ് പരിശോധന തുടങ്ങി. തുടർന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും കന്യാകുമാരിയിലും പരിശോധന ഊർജിതപ്പെടുത്തി. 10 മണിയോടെ അന്വേഷണത്തിൽ ട്വിസ്റ്റ്. സ്‌കൂട്ടർ കഥയിൽ വ്യക്തത വന്നിട്ടില്ലെന്നായിരുന്നു പോലീസ് ആ സമയം വ്യക്തമാക്കിയത്.
തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിനടുത്തായിരുന്നു സംഭവം എന്നതിനാൽ ഉച്ചയോടെ വിമാനത്താവള അതോറിറ്റിയുടെ പ്രത്യേക അനുമതി നേടി പൊലീസ് ഡ്രോൺ പരിശോധനയും തുടങ്ങി. അത് വിജയകരമായി. സമയം ഏഴര. കുട്ടിയെ കാണാതായതിന്‍റെ 19-ാം മണിക്കൂർ. കാണാതായ സ്ഥലത്തിന് സമീപമുള്ള ബ്രഹ്മോസിന് പിറകിലുള്ള ഓടയിൽ നിന്ന് പാതി അബോധാവസ്ഥയിൽ കുട്ടിയെ കണ്ടെത്തി. മണിക്കൂറുകൾക്കുള്ളിൽ ആശങ്കകൾക്ക് വിരാമമിട്ട് കുട്ടിയുടെ പ്രാഥമിക പരിശോധനാ ഫലം പുറത്തുവന്നു. നിർജലീകരണം മൂലമുണ്ടായ അസ്വസ്ഥത ഒഴിച്ചുനിർത്തിയാൽ ആ രണ്ടു വയസുകാരി മിടുമിടുക്കിയായി ആശുപത്രിയിൽ ഇപ്പോൾ കഴിയുകയാണ്.