കൊല്ലം : കായിക മേഖലയുടെ പുരോഗതിക്കായി കാലാനുസൃതമായ വികസനം ഉറപ്പുവരുത്തുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം സിൽവർ ജൂബിലി പവിലിയൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കായികയിനങ്ങൾക്ക് വളരെ പ്രാധാന്യമുള്ള ജില്ലയിൽ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സിന്തറ്റിക് ട്രാക്ക്, ഫ്ലഡ് ലൈറ്റ് തുടങ്ങിയ അത്യാധുനിക സജ്ജീകരണങ്ങൾ ഉറപ്പുവരുത്തും. സംസ്ഥാനത്തെ ഏറ്റവും വലിയ ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണം ജില്ലയിൽ പുരോഗമിക്കുകയാണ്. ജില്ലയുടെ സമഗ്ര വികസന ലക്ഷ്യമിട്ട് ഒട്ടനവധി പദ്ധതികളാണ് സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജില്ലയെ ഒരു ടൂറിസ്റ്റ് ഹബ്ബാക്കി മാറ്റുന്നതിനാവശ്യമായ നൈറ്റ് ലൈഫ്, ബീച്ചിന്റെ പുരോഗമനം, മ്യൂസിയം നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ ജില്ലാ ഭരണകൂടത്തിനോടൊപ്പം ചേർന്ന് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഒരു കോടി രൂപ ചിലവഴിച്ചാണ് അത്യാധുനിക സജീകരണങ്ങളോടുകൂടിയ പവലിയൻ നിർമ്മിച്ചിരിക്കുന്നത്. കൊല്ലം കോർപ്പറേഷൻ മേയർ പ്രസന്നാ ഏണസ്റ്റ് അധ്യക്ഷയായി. എം. നൗഷാദ് എം.എൽ.എ, ജില്ലാ കലക്ടർ എൻ. ദേവിദാസ്, സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് എക്സ്.ഏണസ്റ്റ്, സ്ഥിരംസമിതി അധ്യക്ഷതരായ എസ്. ഗീതാകുമാരി, എസ്. ജയൻ, യു.പവിത്ര, സുജാ കൃഷ്ണൻ, എ.കെ. സവാദ്, സൂപ്രണ്ടിംഗ് എഞ്ചിനീയർ എ ബീന,കൗൺസിലർമാർ, സെക്രട്ടറി ഡി. സാജു മറ്റ് ഉദ്ദോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.