കുമ്പഴ : സ്ഥിരം അപകട മേഖലയായിരുന്ന കുമ്പഴ ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചു. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ തിരുവല്ല – കുമ്പഴ റോഡും കുമ്പഴ – മലയാലപ്പുഴ റോഡും കൂടിച്ചേരുന്ന കുമ്പഴ ജംഗ്ഷനില്‍ അപകടങ്ങളും മരണങ്ങളും വര്‍ധിച്ച സാഹചര്യത്തിലാണ് ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കുന്നത്. ജനങ്ങളുടെ നിരന്തര പരാതിയെ തുടര്‍ന്ന് അബിന്‍ വര്‍ക്കി എം.എല്‍.എ യുടെ നേതൃത്വത്തില്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തുകയും സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുവാന്‍ ദ്രുതഗതിയില്‍ നടപടികള്‍ മുന്നോട്ട് കൊണ്ടുപോവുകയുമായിരുന്നു. ഓട്ടോമാറ്റിക്ക് സംവിധാനത്തോടെ സ്ഥാപിക്കുന്ന സിഗ്നല്‍ ലൈറ്റ് 15 ലക്ഷം രൂപയോളം വിനിയോഗിച്ചാണ് സ്ഥാപിക്കുന്നത്. ലൈറ്റുകള്‍ സ്ഥാപിക്കുന്ന തൂണുകള്‍ സ്ഥലത്തെത്തിക്കുകയും ജംഗ്ഷനില്‍ നാല് വശത്തുമായി കുഴികള്‍ എടുക്കുകയും ചെയ്തു.
90 സെക്കന്റ് സമയമാണ് നാല് റോഡിലുമായി വാഹനങ്ങള്‍ കടന്നുപോകാന്‍ നല്കിയിരിക്കുന്നത്. സിഗ്നല്‍ സ്ഥാപിച്ച ശേഷം ഒരാഴ്ചയോളം വാഹനങ്ങള്‍ കടന്നുപോകുന്ന സമയക്രമം പരിശോധിക്കും. ഇതിന് ശേഷം ആവശ്യമെങ്കില്‍ സമയക്രമത്തില്‍ മാറ്റം വരുത്തുവാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. റോഡിന്റെ മധ്യഭാഗത്തായി സിഗ്നല്‍ സ്ഥാപിക്കുവാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇത് വാഹനങ്ങള്‍ക്ക് അപകട ഭീഷണിയായി മാറുമെന്ന് ശക്തമായ അഭിപ്രായം ഉയര്‍ന്നതോടെ നാല് റോഡുകളുടെയും വശങ്ങളിലേക്ക് സിഗ്നല്‍ മാറ്റി സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കുമ്പഴ വികസന സമിതിയും വ്യാപാരി വ്യവസായി ഏകോപന സമിതിയും റോഡിന്റെ മധ്യത്തില്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുവാന്‍ അനുവദിക്കില്ലെന്ന കര്‍ശന നിലപാടും സ്വീകരിച്ചിരുന്നു. വാഹനം കടന്നുപോകേണ്ട സമയ ക്രമീകരണം കാണിക്കുന്ന ഡിജിറ്റല്‍ ബോര്‍ഡുകളും നാല് വശങ്ങളിലും സ്ഥാപിക്കും.
ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ വാഹനത്തിരക്കുള്ള തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ തിരക്കിന് അനുസൃതമായി സമയ ക്രമീകരണത്തില്‍ മാറ്റം വരുത്തുവാനും അധികൃതര്‍ ലക്ഷ്യമിടുന്നു. രാവിലെ എട്ടുമണി മുതല്‍ രാത്രി എട്ടുമണി വരെയാണ് സിഗ്നല്‍ പ്രവര്‍ത്തിക്കുക. സിഗ്നല്‍ എത്തുമ്പോള്‍ വാഹനയാത്രികര്‍ തിരിയേണ്ട വശം ചേര്‍ന്ന് സഞ്ചരിക്കണമെന്നും ഇല്ലെങ്കില്‍ ഇത് വലിയ ഗതാഗതക്കുരുക്കിന് കാരണമായി മാറുമെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തുന്നു. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അഡ്‌ന്യൂസ് ഇന്ത്യ എന്ന സ്വകാര്യ കമ്പനിക്കാണ് നിര്‍മ്മാണ ചുമതല. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ഇവര്‍ ട്രാഫിക് സിഗ്നല്‍ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്.
































