കൊല്ലം: റെഡ് സോണില്‍ നിന്നും മരണവീട്ടിലെത്തിയവരെപ്പറ്റി അധികൃതര്‍ക്ക് വിവരം നല്‍കിയെന്നാരോപിച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. പുനലൂര്‍ വിളക്കുവട്ടം സ്വദേശി സുമേഷിനെ(19) ആണ് പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിളക്കുവട്ടം സ്വദേശി റിനുവിനെ(30) ആണ് മര്‍ദ്ദിച്ച് അവശനാക്കിയത്. സുമേഷിന്റെ അപ്പൂപ്പന്‍ കഴിഞ്ഞദിവസം മരണപ്പെട്ടിരുന്നു. ഈ ചടങ്ങില്‍ പങ്കെടുക്കുവാനായി സുമേഷിന്റെ ബന്ധുക്കള്‍ ബംഗളൂരുവില്‍ നിന്ന് സുമേഷിന്റെ വീട്ടിലെത്തിയിരുന്നു.
ഈ വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചത് സുമേഷിന്റെ അയല്‍വാസിയായ റിനുവാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. വീട്ടില്‍ ആയുധവുമായി അതിക്രമിച്ചു കയറിയ സുമേഷ് റിനുവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. റിനുവിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് സുമേഷിനെ അറസ്റ്റ് ചെയ്തത്. മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങാന്‍ ശ്രമിച്ച ആറ് പേരെ ആരോഗ്യ വകുപ്പ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.