പത്തനംതിട്ട : യുവാക്കളിലും വിദ്യാര്‍ഥികളിലും എയ്ഡ്‌സ്, മയക്കുമരുന്ന് ഉപയോഗം എന്നിവ സംബന്ധിച്ച അവബോധം വര്‍ധിപ്പിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി ആരോഗ്യവകുപ്പ് പത്തനംതിട്ടയില്‍ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു. ഫെസ്റ്റിന്റെ ഭാഗമായി ജില്ലാതലത്തില്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. സ്‌കൂള്‍തല മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്കായി കളക്ടറേറ്റില്‍ റെഡ് റിബണ്‍ പ്രശ്‌നോത്തരി സംഘടിപ്പിച്ചു. തോട്ടക്കോണം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെ.ഷിഹാദ് ഷിജു, ശ്രീനാഥ് എസ്.നായര്‍ എന്നിവര്‍ ഒന്നാം സ്ഥാനവും വടശ്ശേരിക്കര ടി.ടി.എം.വി.എച്ച്.എസ് – ലെ അസ്ന അസീസ്, റ്റി.ശ്യാംദാസ് എന്നിവര്‍ രണ്ടാം സ്ഥാനവും തേക്കുത്തോട് ജി.എച്ച.എസ്.എസ് – ലെ ആന്‍ മരിയ മാത്യു, കൃപ മറിയം സാബു എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
കോളജ് വിദ്യാര്‍ഥികള്‍ക്കായി നടന്ന റെഡ് റണ്‍ മാരത്തോണ്‍ മത്സരത്തില്‍ ജില്ലയിലെ വിവിധ കലാലയങ്ങളില്‍ നിന്ന് 48 കായിക താരങ്ങള്‍ പങ്കെടുത്തു. പുരുഷ വിഭാഗത്തില്‍ സിമറ്റ് കോളേജ് ഓഫ് നേഴ്‌സിംഗിലെ ആദര്‍ശ് കൃഷ്ണ ഒന്നാം സ്ഥാനവും റാന്നി സെന്റ് തോമസ് കോളജിലെ വൈഷ്ണവ് കൃഷ്ണന്‍ രണ്ടാം സ്ഥാനവും പൊയ്യാനില്‍ കോളജ് ഓഫ് നേഴ്‌സിംഗിലെ കാര്‍ത്തിക് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിത വിഭാഗത്തില്‍ റാന്നി സെന്റ് തോമസ് കോളജിലെ ആതിര ബിജു, അനു ആന്റണി, നിത വിനോദ് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പരിപാടികളുടെ ഉദ്ഘാടനം ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതകുമാരി നിര്‍വഹിച്ചു. ജില്ല എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.രാധിക ഗോപന്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. വിജയികള്‍ക്ക് എസ്.എച്ച്.ഒ ജയകുമാര്‍ ട്രോഫികള്‍ വിതരണം ചെയ്തു.































