പറവൂർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം തട്ടിയെടുത്ത കേസിൽ രണ്ട് പേർ പൊലീസ് പിടിയിൽ. പെരുവാരം പടമാട്ടുമ്മൽ രാഹുൽ രാജു (31), കൊടുങ്ങല്ലൂർ കാര വാഴക്കൂട്ടത്തിൽ ഷനിൽ സ്റ്റീഫൻ (34) എന്നിവരാണ് പോലീസ് പിടിയിലായത്. പറവൂർ പോലീസാണ് ഇവരെ പിടികൂടിയത്. യൂറോപ്യൻ രാജ്യമായ മാൾട്ടയിലെ റിവേര ഹോട്ടൽ ആൻഡ് സ്പാ ലാംബ്രാൻഡ എന്ന സ്ഥാപനത്തിൽ ജോലി നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ച് മൂന്നു പേരിൽ നിന്നായി 8.10 ലക്ഷം രൂപയാണ് ഇവർ കൈക്കലാക്കിയത്.
ഇതിൽ 1.72 ലക്ഷം രൂപ നൽകിയ ആൾ കൊടുങ്ങല്ലൂർ സ്വദേശിയാണ്. അതിനാൽ കേസ് കൊടുങ്ങല്ലൂർ പോലീസിന് കൈമാറി. ഇതൊഴികെ മറ്റു രണ്ട് പേരുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. മൂവരിൽ നിന്നും പണത്തിന് പുറമേ ഇവർ പാസ്പോർട്ടും കൈക്കലാക്കിയിരുന്നു. മറ്റൊരു ജോലി സംബന്ധമായ ആവശ്യത്തിനായി പാസ്പോർട്ട് ചോദിച്ചപ്പോൾ തിരിച്ചു നൽകാൻ ഇവർ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് സംശയം തോന്നി പരാതി നൽകിയത്. കോടതിയിൽ ഹാജരാക്കിയ ശേഷം ഇരുവരേയും റിമാൻഡ് ചെയ്തു.





























