തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ 9600 പേർ രണ്ട് ഏക്കറിലധികം ഭൂമിയുള്ളവരാണെന്നു ധനവകുപ്പു കണ്ടെത്തി. സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ പട്ടിക വിഭാഗക്കാർ ഒഴികെയുള്ളവർക്ക് സ്വന്തം പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറിൽ കൂടുതൽ ഭൂമി ഉണ്ടാകാൻ പാടില്ലെന്നാണു നിബന്ധന.
ഇവരെ പദ്ധതിയിൽ നിന്ന് നീക്കാനുള്ള നടപടികൾ തദ്ദേശ വകുപ്പ് തുടങ്ങിക്കഴിഞ്ഞു. ഇത്തരക്കാരെ ഹിയറിംഗിന് വിളിച്ച് അവരുടെ ഭൂരേഖകൾ വിശദമായി പരിശോധിച്ചശേഷമായിരിക്കും നടപടിയിലേക്ക് കടക്കുക. ഇവർക്ക് എത്രകാലം പെൻഷൻ നൽകി എന്നു വ്യക്തമല്ല. പ്രതിമാസം 1600 രൂപയാണ് പെൻഷൻ. 9600 പേർക്ക് ഒരു വർഷം പെൻഷൻ നൽകാൻ 19 കോടിയോളം രൂപ വേണം.വാർധക്യ പെൻഷൻ, കർഷകത്തൊഴിലാളി പെൻഷൻ, 50 വയസ്സ് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ, വിധവാ പെൻഷൻ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള പെൻഷൻ എന്നിങ്ങനെ 5 സാമൂഹിക സുരക്ഷാ പെൻഷനാണ് ഉള്ളത്.





























