തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങളിൽ ഈയിടെ ഏറെ നിറഞ്ഞുനിന്ന നടൻ ദേവൻ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. തെരഞ്ഞെടുപ്പിൽ മത്സരിച്ച സമയത്ത് നേരിട്ട ആക്രമണങ്ങളെക്കുറിച്ചാണ് ദേവൻ തുറന്ന് പറഞ്ഞത്. വടിവാളുമായി നാല് പേർ തന്നെ ആക്രമിക്കാൻ വന്നുവെന്നും കളരി അറിയാവുന്നതുകൊണ്ട് അവരിൽ നിന്നും രക്ഷപെട്ടെന്നുമാണ് നടൻ അറിയിച്ചത്. സംഭവത്തിന് പിന്നാലെ സ്റ്റേഷനിൽ പോയി പരാതി നൽകിയെങ്കിലും പോലീസ് പരാതി സ്വീകരിക്കാൻ വിസമ്മതിച്ചുവെന്നും പറയുന്നു. “തെരഞ്ഞെടുപ്പ് സമയത്ത് ആക്രമണം നേരിട്ടിട്ടുണ്ട്. കളരി അറിയാവുന്നതുകൊണ്ട് അന്ന് രക്ഷപ്പെട്ടു. വാളൊക്കെ കൊണ്ടാണ് അക്രമികൾ വന്നത്” എന്ന് അദ്ദേഹം പറഞ്ഞു.
വടക്കാഞ്ചേരിയിൽ വച്ചായിരുന്നു ആക്രമണം നേരിട്ടത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. പ്രചാരണം കഴിഞ്ഞ് ക്ഷീണത്തിൽ താൻ ഒറ്റയ്ക്ക് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കെയാണ് തനിക്ക് നേരെ അക്രമികൾ അടുത്തതെന്നും ദേവൻ പറയുന്നു. പിന്നിൽ രണ്ട് സ്കൂട്ടറിൽ നാല് പേർ പിന്തുടർന്നെത്തിയത് കാറിന്റെ മിററിലൂടെയാണ് കണ്ടത്. ആദ്യം സംശയം തോന്നിയില്ലെന്നും പിന്നീട് അപകടം തിരിച്ചറിഞ്ഞുവെന്നും പറയുന്നു. റോഡ് സൈഡിൽ വണ്ടി നിർത്തിയശേഷം അക്രമികൾ വാൾ എടുത്ത് തന്റെ അടുത്തേക്ക് വന്നപ്പോൾ കയ്യിൽ വടിയുമായി താനും അവർക്ക് നേരെ തിരിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കളരി സ്വായത്തമാക്കിയതുകൊണ്ടാണ് തനിക്ക് അവരെ നേരിടാൻ കഴിഞ്ഞതെന്നാണ് താരം പറയുന്നത്.































