തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാലക്ക് വാഹനങ്ങള്‍ വാടകയ്‌ക്കെടുത്തതില്‍ അഴിമതി നടന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ആരോപിച്ചു. പൊങ്കാലയോടനുബന്ധിച്ചു നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ടിപ്പര്‍ ലോറികള്‍ വാടകയ്‌ക്കെടുത്തതില്‍ വന്‍ അഴിമതി നടന്നുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.വീണ എസ് നായര്‍ തിരുവനന്തപുരം മേയര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. വിഷയത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍എസ്ജിഡി എസിഎസ് നെ ചുമതലപ്പെടുത്തി.
കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെ ഭാഗമായി സ്വന്തം വീടുകളിലും ബന്ധുക്കളുടെ വീടുകളിലുമായാണ് ഭക്തര്‍ പൊങ്കാലയര്‍പ്പിച്ചത്. എന്നാല്‍ പൊങ്കാലയ്ക്കു ശേഷം മാലിന്യം നീക്കം ചെയ്യാനെന്ന പേരില്‍ 21 ടിപ്പര്‍ ലോറികള്‍ വാടകയ്ക്ക് എടുത്തതായാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ രേഖകള്‍ വെളിപ്പെടുത്തുന്നത് . ഈ വാടക ഇനത്തില്‍ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചതായും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. മുന്‍ വര്‍ഷങ്ങള്‍ക്ക് സമാനമായി പൊങ്കാലയ്ക്കു ശേഷമുള്ള ശുചീകരണത്തിനായി ഫോര്‍ട്ട് ഗ്യാരേജ് സൂപ്പര്‍വൈസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 21 ടിപ്പര്‍ ലോറികള്‍ വാടകയ്ക്ക് എടുത്തെന്നാണ് രേഖകള്‍ തെളിയിക്കുന്നത് .
ആറ്റുകാല്‍ പൊങ്കാല വീടുകളിലേക്ക് ചുരുങ്ങിയ സാഹചര്യത്തില്‍ പോലും ലോറികള്‍ വാടയ്‌ക്കെടുക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ക്ക് തിരുവനന്തപുരം മേയര്‍ മുന്‍കൂര്‍ അനുമതി നല്‍കിയെന്നാണ് വിവരം. പൊങ്കാലയ്ക്ക് 5 ദിവസം മുമ്പ് ഫെബ്രുവരി 22 ന് മേയര്‍ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് അനുമതി നല്‍കി എന്നാണ് രേഖകള്‍ തെളിയിക്കുന്നത്. മൊത്തം 21 ടിപ്പര്‍ ലോറികള്‍ക്കായി 3,57,800 രൂപയാണ് ചെലവഴിച്ചത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ടെന്‍ഡര്‍ നല്‍കി തുക ചെലവഴിച്ചതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. മേയര്‍ക്കെതിരെയും ഗ്യാരേജ് സൂപ്പര്‍വൈസര്‍ക്കെതിരെയും അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുത്ത് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി, വിജിലന്‍സ് ഡയറക്ടര്‍ , എല്‍ എസ് ജി ഓംബുഡ്‌സ്മാന്‍ എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യ പ്രതിപക്ഷമായ ബിജെപി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസത്തെ കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ ഇത് ചര്‍ച്ച ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടെങ്കിലും മേയര്‍ അതിന് തയ്യാറായില്ല. അതില്‍ പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചിരുന്നു.
യോഗത്തില്‍ സമര്‍പ്പിക്കാനുള്ള രേഖകളില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒരു ടിപ്പറിന് 13,000 രൂപ വാടക. 5 എണ്ണത്തിന് ചെലവായത് 65,000 രൂപ. ഇതുകൂടാതെ ലോറി ഒരെണ്ണത്തിനു വാടക 18,300 രൂപ. അങ്ങനെ ആകെ ചെലവ് 3,57,800 രൂപയെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിലുള്ളത്. മുമ്പും ഇത്തരത്തില്‍ പൊങ്കാല ശുചീകരണത്തിന്റെ പേരില്‍ തട്ടിപ്പ് നടന്നതായും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വാഹനങ്ങളുടെ ട്രിപ്പുകളുടെ എണ്ണം കൂട്ടിക്കാണിച്ചും ഇല്ലാത്ത തൊഴിലാളികളുടെ പേരില്‍ കൂലി ഇനത്തില്‍ ചില ഉദ്യോഗസ്ഥര്‍ പണം തട്ടുന്നതുമായിരുന്നു നേരത്തെയുണ്ടായിരുന്ന പരാതി. 2020 ല്‍ പൊങ്കാലയ്ക്കു ശേഷം മാലിന്യം നീക്കാന്‍ 7,27,500 രൂപ ചെലവാക്കിയെന്നാണ് കണക്ക്.
ലോറികള്‍ വാടകക്ക് എടുക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ക്ക് മേയര്‍ മുന്‍കൂര്‍ അനുമതി നല്‍കിയത് നിയമപരമല്ലെന്നും ഈ അഴിമതിയില്‍ മേയറുടെ ഓഫീസിന്റെ ഇടപെടല്‍ വ്യക്തമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. മേയറുടെ പ്രവര്‍ത്തനങ്ങളില്‍ മുന്‍പരിചയമില്ലായ്മ പ്രശ്നമാകാതിരിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റി ഒരു പിഎയെ നിയമിച്ചിരുന്നു. കഴിഞ്ഞ ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭ ശുചീകരണപ്രവര്‍ത്തനം നടത്തിയെന്ന പേരിലാണ് തട്ടിപ്പ് നടന്നതായി ആരോപണം പുറത്ത് വരുന്നത്. പൊങ്കാലക്ക് ശേഷം മാലിന്യം നീക്കാനെന്ന പേരില്‍ 21 ടിപ്പര്‍ ലോറിയുടെ വാടകയാണ് മാറ്റിയത്. സൂപ്പര്‍വൈസര്‍ 53 വാഹനങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും മേയറുടെ ഓഫീസ് ഇടപെട്ട് അത് 20 ആക്കി ചുരുക്കുകയായിരുന്നു.
കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ മാനിച്ച് ഭക്തര്‍ വീടുകളിലും ക്ഷേത്രത്തിലെ പണ്ടാര അടുപ്പിലും മാത്രമായിരുന്നു പൊങ്കാല ഇട്ടത് എന്നതിനാല്‍ ഫെബ്രുവരി 19 മുതല്‍ 28 വരെ നടന്ന ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് റോഡുകളിലോ ക്ഷേത്രത്തിലോ തിരക്കൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പൊങ്കാലയ്ക്കു ശേഷം നഗരസഭാ അധികൃതര്‍ക്ക് നഗരത്തിലെ റോഡുകള്‍ മുഴുവന്‍ വൃത്തിയാക്കേണ്ടിയും വന്നില്ല. ആറ്റുകാല്‍ ക്ഷേത്ര പരിസരം മാത്രമാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ ശുചീകരിച്ചത്. ഇതിനുവേണ്ടി ശുചീകരണ വാഹനങ്ങളുടെ വാടക ഇനത്തില്‍ 357800 രൂപ തിരിമറി നടത്തിയെന്നാണ് ആരോപണം.
ശുചീകരണത്തിനായി ഫോര്‍ട്ട് ഗ്യാരേജ് സൂപ്പര്‍വൈസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാഹനം വാടകക്ക് എടുക്കുകയായിരുന്നു. പൊങ്കാലയ്ക്ക് 5 ദിവസം മുമ്പ് ഫെബ്രുവരി 22 ന് ലോറികള്‍ വാടകയ്ക്കെടുക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ക്ക് മേയര്‍ മുന്‍കൂര്‍ അനുമതി നല്‍കിയതായും രേഖകള്‍ വ്യക്തമാക്കുന്നു. മേയറുടെ മുന്‍കൂര്‍ അനുമതി സാധൂകരിക്കുന്ന വിഷയം കഴിഞ്ഞ മാസം 17 ന് കൂടിയ ആരോഗ്യ സ്ഥിരം സമിതിയുടെ പരിഗണനയ്‌ക്കെത്തിയപ്പോഴാണ് തട്ടിപ്പു പുറത്തായത്.
പൊങ്കാലക്ക് ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ നഗരം ശുചിയാക്കുന്നുവെന്നതിന് പ്രശംസ പിടിച്ചുപറ്റിയ നഗരസഭയാണ് ഇല്ലാത്ത മാലിന്യത്തിന്റെ പേരില്‍ തുക വകമാറ്റിയത്. ഇതെ തുടര്‍ന്ന് മുന്‍വര്‍ഷങ്ങളിലെ ശുചീകരണപ്രവര്‍ത്തനങ്ങളും സംശയത്തിന്റെ നിഴലിലാണ്. ആ കണക്കുകളിലും പുനപരിശോധന വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു.150 മുതല്‍ 200 വരെ ക്യുബിക് അടി ശേഷിയുള്ള അഞ്ചു ടിപ്പറുകളും, 200 മുതല്‍ 300 വരെ ക്യുബിക് അടി ശേഷിയുള്ള 16 ലോറികളും വാടകയ്ക്ക് എടുത്തതായാണ് റിപ്പോര്‍ട്ട്.
21 വയസുകാരിയായ ആര്യാ രാജേന്ദ്രനെ മേയര്‍ ആക്കിയ സിപിഎം അന്നത് വലിയ നേട്ടമായി ആഘോഷിച്ചിരുന്നെങ്കിലും തുടര്‍ച്ചയായി സൃഷ്ടിക്കുന്ന വിവാദങ്ങളിലൂടെ തിരുവനന്തപുരം മേയര്‍ ഇന്ന് സിപിഎമ്മിന് നിരന്തരം തലവേദന സൃഷ്ടിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
































