കൊച്ചി: സംസ്ഥാനത്ത് ബ്രോയ്ലർ കോഴിയിറച്ചിവില കുത്തനെ കുറഞ്ഞു. പ്രാദേശിക ഉത്പാദനം കൂടിയതും തമിഴ്നാട്ടിൽ നിന്നുള്ള കോഴിയുടെ വരവ് ഉയർന്നതുമാണ് വില കുറയുവാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. രണ്ടാഴ്ച മുമ്പ് 160 ആയിരുന്ന കോഴിയിറച്ചിയുടെ വിലയാണ് ഇപ്പോൾ നൂറിലെത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ വില ഇനിയും കുറയും എന്നാണ് കച്ചവടക്കാർ നൽകുന്ന സൂചന. രണ്ടാഴ്ച മുമ്പ് ഫാമുകളിൽ കോഴിയുടെ വില കുറഞ്ഞതാണെങ്കിലും ചില്ലറക്കച്ചവടക്കാർ വില കുറച്ചിരുന്നില്ല. ഉപഭോക്താക്കൾ പ്രതിക്ഷേധം ഉയർത്തിയതോടെയാണ് പലയിടങ്ങളിലും വില കുറയ്ക്കാൻ ചില്ലറവ്യാപരികൾ തയ്യാറായത്. അതേസമയം, പെട്ടെന്നുള്ള വിലക്കുറവ് കോഴി ഫാം നടത്തിപ്പുകരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 65 രൂപയ്ക്കാണ് ഫാമുകളിൽനിന്ന് ഏജന്റുമാർ ഇപ്പോൾ കോഴികളെ വാങ്ങുന്നത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഫാമുകളിൽ വലിയ തോതിൽ കോഴികൾ ഉള്ളതിനാൽ ഏജന്റുമാർ പറയുന്ന വിലയ്ക്ക് നൽകേണ്ട അവസ്ഥയിലാണ് കർഷകർ. നിരക്കിൽ മാറ്റം ഉണ്ടാകുന്നതുവരെ വളർച്ചയെത്തിയ കോഴികളെ ഫാമുകളിൽ നിർത്തുന്നത് തീറ്റ ഇനത്തിലും കർഷകർക്ക് നഷ്ടമുണ്ടാക്കും.
കോഴിക്കുഞ്ഞിന്റെ വില, തീറ്റ, മരുന്ന്, പരിചരണച്ചെലവ് എന്നിവ പ്രകാരം ഒരുകിലോ കോഴി ഉൽപാദിപ്പിക്കാൻ 90 മുതൽ 100 രൂപ വരെ കർഷകന് ചെലവാകുന്നുണ്ട്. ഫാമുകളിൽ കിലോക്ക് 130 മുതൽ 140 രൂപയെങ്കിലും ലഭിച്ചാലേ പിടിച്ചുനിൽക്കാൻ കഴിയൂ എന്നാണ് കർഷകർ പറയുന്നത്. ഇനി ഓണത്തോടനുബന്ധിച്ച് മാത്രമേ വിലയിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കാനാവൂ എന്നാണ് കോഴിക്കച്ചവടക്കാർ പറയുന്നത്. അതേസമയം, കേരളത്തിൽ ഉൽപാദനം വർധിച്ചത് തിരിച്ചറിഞ്ഞുള്ള തമിഴ്നാട് ലോബിയുടെ ആസൂത്രിത നീക്കമാണ് കോഴിയുടെ വില കുത്തനെ കുറയാൻ കാരണമായതെന്നും കച്ചവടക്കാർ ആരോപിക്കുന്നുണ്ട്. കേരളത്തിൽ ചെറുതും വലുതുമായ കൂടുതൽ ഫാമുകൾ പ്രവർത്തനം തുടങ്ങിയതും വില കുറയാൻ കാരണമായിട്ടുണ്ട്.