എരുമേലിയിൽ വീണ്ടും രാസസിന്ദൂരം പിടികൂടി : 2500 ഓളം പായ്ക്കറ്റുകളും അഞ്ച് കിലോയോളം സിന്ദൂരവും പിടിച്ചെടുത്തു
എരുമേലി : ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഏറെക്കാലമായി വിവാദം സൃഷ്ടിക്കുന്ന രാസസിന്ദൂരത്തിന്റെ അനധികൃത സംഭരണം വീണ്ടും എരുമേലിയിൽ. ഇന്ന് എരുമേലി പഞ്ചായത്ത് അധികൃതർ നടത്തിയ പരിശോധനയിൽ 2500 ഓളം പായ്ക്കറ്റ് രാസസിന്ദൂരവും അഞ്ച് കിലോയോളം തൂക്കം വരുന്ന സിന്ദൂരവും പിടികൂടി. പോലീസ് സ്റ്റേഷന് തൊട്ടുമുന്നിൽ പ്രവർത്തിക്കുന്ന റോയൽ റെസിഡൻസി ലോഡ്ജിന്റെ പാർക്കിംഗ് ഗ്രൗണ്ടിലാണ് ഇവ അനധികൃതമായി സൂക്ഷിച്ചിരുന്നത്. ലോഡ്ജിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ലോഡ്ജ് ഉടമ എരുമേലി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ശബരിമല തീർത്ഥാടനത്തിന്റെ പ്രധാന ഇടത്താവളമായ എരുമേലിയിൽ പേട്ടതുള്ളൽ ചടങ്ങിനായി വൻതോതിലാണ് സിന്ദൂരം ഉപയോഗിക്കുന്നത്.
തീർത്ഥാടകർക്ക് വിൽക്കുന്നതിനായി വർഷങ്ങളായി രാസകുങ്കുമം എത്തിക്കുന്നതായും ജൈവ സിന്ദൂരത്തിന് പകരം രാസവസ്തുക്കൾ അടങ്ങിയ സിന്ദൂരം വ്യാപകമായി വിൽക്കുന്നതായും പരാതികൾ ഉയർന്നിരുന്നു. രാസകുങ്കുമത്തിന്റെ ഉപയോഗം മനുഷ്യരുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷകരമാണെന്ന ആശങ്കയെ തുടർന്ന് ശബരിമല, പമ്പ, നിലയ്ക്കൽ, എരുമേലി മേഖലകളിൽ രാസസിന്ദൂരത്തിന്റെ വിൽപനയും ഉപയോഗവും നിരോധിക്കുന്നതിനായി മുന്‍പ് ഹൈക്കോടതിയുടെ ഇടപെലുണ്ടായിരുന്നു. 2025 നവംബറിൽ എരുമേലിയിൽ മാത്രം തീർത്ഥാടന സീസണിൽ ഏകദേശം 25 ടൺ രാസകുങ്കുമം വിൽക്കുന്നതായുള്ള കണക്കുകൾ പുറത്തുവന്നിരുന്നു. തമിഴ്നാട്ടിൽനിന്ന് വൻതോതിൽ രാസകുങ്കുമം എത്തിച്ച് ചെറുപായ്ക്കറ്റുകളിലാക്കി വിൽക്കുന്ന രീതിയും അന്ന് വാർത്തയായിരുന്നു. ജൈവ സിന്ദൂരം ലഭ്യമല്ലെന്ന കാരണം പറഞ്ഞ് നിരോധനം നിലനിൽക്കുമ്പോഴും രാസകുങ്കുമ വിൽപന തുടരുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
2025 ഡിസംബറിൽ എരുമേലി ചരളയിലെ ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന 19 ചാക്ക് സിന്ദൂരം പ്രത്യേക പരിശോധനാ സംഘം പിടികൂടിയിരുന്നു. 50 കിലോ വീതമുള്ള ചാക്കുകളിലായിരുന്നു സിന്ദൂരം സൂക്ഷിച്ചിരുന്നത്. മുംബൈയിലെ കമ്പനിയുടെ ലേബലുണ്ടായിരുന്ന ചാക്കുകളിൽ 99 ശതമാനം കോൺ പൗഡറും ഒരു ശതമാനം ഫുഡ് കളറും അടങ്ങിയതാണെന്ന് രേഖപ്പെടുത്തിയിരുന്നു. ഇവ രാസസിന്ദൂരമാണോ എന്ന് പരിശോധിക്കാൻ സാമ്പിളുകൾ ശേഖരിക്കുകയും പരിശോധനാഫലം ലഭിക്കുന്നതുവരെ ചാക്കുകൾ സീൽ ചെയ്ത് സൂക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനുപുറമെ 900 പായ്ക്കറ്റ് സിന്ദൂരവും എരുമേലിയിലെ താത്കാലിക കടയിൽനിന്ന് പ്രത്യേക സ്ക്വാഡ് പിടിച്ചെടുത്തിരുന്നു. നിര്‍മ്മാണ ലൈസൻസോ ഉത്പന്നവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളോ ഇല്ലാത്തതിനെ തുടർന്നായിരുന്നു നടപടി. രാസകുങ്കുമത്തിന്റെ വിൽപന നിരോധിച്ചിട്ടും എരുമേലിയിൽ ഇത് വ്യാപകമായി ലഭിക്കുന്നുവെന്ന പരാതിയിൽ 2025 ഡിസംബറിൽ ഹൈക്കോടതി ഇടപെട്ടിരുന്നു.
ഇതിന്റെ വിതരണക്കാരെയും പരിശോധനാ സർട്ടിഫിക്കറ്റ് നൽകിയ സ്ഥാപനത്തെയും കേസിൽ കക്ഷി ചേർത്ത് കോടതി നോട്ടീസ് അയച്ചിരുന്നു. 2026 നവംബറിലും വിഷയത്തിൽ ഹൈക്കോടതി വീണ്ടും കർശന നിർദേശങ്ങൾ നൽകി. എരുമേലി പഞ്ചായത്തിലും പരിസരത്തുമായി പരിശോധന ശക്തമാക്കാൻ പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കാനും നിരോധിത രാസകുങ്കുമത്തിന്റെ വിൽപന കണ്ടെത്തിയാൽ നടപടി സ്വീകരിക്കാനും നിർദേശിച്ചിരുന്നു. നവംബർ 19 ലെ ഉത്തരവിൽ രാസസിന്ദൂരം, രാസകുങ്കുമം, സമാനമായ കൃത്രിമ നിറപ്പൊടികൾ എന്നിവ എരുമേലിയിലും ശബരിമല സന്നിധാനത്തും വിൽക്കുകയോ സൂക്ഷിക്കുകയോ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് കോടതി വ്യക്തമാക്കി. ഉത്പന്നത്തിന്റെ പേര്, ലേബൽ, വിൽപനയുടെ രീതി എന്നിവ എന്തായാലും നിരോധനം ബാധകമാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഹൈക്കോടതിയുടെ കർശന നിർദേശങ്ങളും വിവിധ വകുപ്പുകളുടെ പരിശോധനകളും നിലനിൽക്കെയാണ് പോലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ ലോഡ്ജ് പാർക്കിങ് ഗ്രൗണ്ടിൽ വൻതോതിൽ സിന്ദൂരം സൂക്ഷിച്ചിരുന്നത് കണ്ടെത്തിയിരിക്കുന്നത്. പിടിച്ചെടുത്ത സിന്ദൂരത്തിന്റെഉറവിടം, ആരാണ് ഇവിടെ എത്തിച്ചത്, എന്തിനാണ് സൂക്ഷിച്ചത്, വിൽപനയ്ക്കായി എത്തിച്ചതാണോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്.
ലോഡ്ജിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാൽ സിന്ദൂരം എത്തിച്ചവരെയും സംഭരണവുമായി ബന്ധപ്പെട്ടവരെയും കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ലോഡ്ജ് ഉടമ നൽകിയ പരാതിയിലും പോലീസ് അന്വേഷണം നടത്തേണ്ടതുണ്ട്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിൽ രാസസിന്ദൂരത്തിന്റെ വിൽപനയും സംഭരണവും തടയാൻ കർശന പരിശോധനയും തുടർനടപടികളും വേണമെന്ന ആവശ്യം വീണ്ടും ശക്തമാകുകയാണ്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
-
ഉത്തർപ്രദേശിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു ; 2024-ലെ വോട്ട് കണക്കുകൾ ബിജെപിയെ ആശങ്കപ്പെടുത്തുമ്പോൾ ആത്മവിശ്വാസത്തോടെ എസ്പിയും കോണ്‍ഗ്രസും
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
കറിപ്പൊടികളിലും വെളിച്ചെണ്ണയിലും വിഷരാസവസ്തുക്കളുടെ സാന്നിധ്യമെന്ന് പരിശോധാന റിപ്പോർട്ട്
-
കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്ന പത്മജ വേണുഗോപാലിനെ പരോക്ഷമായി വിമര്‍ശിച്ച് കരുനാഗപ്പള്ളി എംഎല്‍എ സി.ആര് മഹേഷ്





