തിരുവനന്തപുരം: രണ്ടു സിഐമാരെ അറസ്റ്റു ചെയ്യാന്‍ ഉത്തരവിട്ടത് പോലീസ് മേധാവിയാണ്. എന്നിട്ടും അറസ്റ്റ് മാത്രം നടക്കുന്നില്ല. രാഷ്ട്രീയ സ്വാധീനമുള്ള സിഐമാരായ സൈജുവും ജയ സനലും വെളിയില്‍ തന്നെ. ഇതിനിടെ പോലീസില്‍ എസ്‌ഐ മുതല്‍ എസ്‌പി വരെയുള്ളവരില്‍ നടപടി നേരിടുന്നവര്‍ 900 പേര്‍ എന്ന കണക്കും പുറത്തു വരുന്നു. വകുപ്പുതല നടപടി മുതല്‍ ക്രിമിനല്‍ നടപടി വരെ നേരിടുന്നവരുടെ എണ്ണമാണിത്. പക്ഷേ കണക്കെടുക്കലിന് അപ്പുറം ഒന്നും പോലീസില്‍ നടക്കില്ല. ഇതിന് തെളിവാണ് സൈജുവിന്റേയും ജയസനിലിന്റേയും സുഖവാസം.
പോലീസ് ആസ്ഥാനത്ത് തയാറാക്കിയ ഓരോ ദിവസവും അപ്‌ഡേറ്റ് ചെയ്യുന്ന പോര്‍ട്ടലിലാണ് എസ്‌ഐ ആയി നേരിട്ട് കയറുന്നവരുടെ മുതല്‍ എസ്‌പിമാരുടെ വരെ വിവരങ്ങള്‍ പട്ടിക തയാറായത്. ഒറ്റ ക്ലിക്കില്‍ ഓരോ ഓഫിസറുടെയും സ്വഭാവവും നടപടികളുമെല്ലാം ഇനി പോലീസിന് അറിയാന്‍ സാധിക്കും. അറിഞ്ഞാലും ഒന്നും സംഭവിക്കില്ലെന്നതാണ് വസ്തുത. സൈജുവിനേയും ജയസനിലിനേയും അറസ്റ്റു ചെയ്യാന്‍ കഴിയാത്തവരാണ് പുതിയ പദ്ധതികളുമായി എത്തുന്നത്. ഇന്‍സ്‌പെക്ടര്‍മാരാണ് (സിഐ) കൂടുതല്‍ അച്ചടക്കനടപടി നേരിടുന്നവര്‍. എസ്‌ഐമാര്‍ രണ്ടാംസ്ഥാനത്ത് പോലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ നിന്നാണ് ദിവസവും ജില്ലയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യുന്നത്. ഇത് പരിശോധിച്ച് ഉദ്യോഗസ്ഥരെ താക്കീത് ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനും നിര്‍ദ്ദേശം നല്‍കും. അതിന് അപ്പുറം എന്തെങ്കിലും നടക്കുമോ എന്ന് ആര്‍ക്കും അറിയില്ല.
പീഡനക്കേസില്‍ പ്രതിയായ സിഐയേയും പോക്സോ കേസിലെ പ്രതിയെ പീഡിപ്പിച്ച സിഐയേയും കണ്ടെത്താനും ഉടനടി അറസ്റ്റ് ചെയ്യാനും ഉന്നത ഉദ്യോഗസ്ഥരടങ്ങിയ തിരച്ചില്‍ സംഘം രൂപീകരിച്ചതും ദിവസങ്ങള്‍ക്ക് മുമ്ബാണ്. ഒളിവില്‍ പോയ ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. പോലീസിലെ ചിലരുടെ ഒത്താശ ഈ രണ്ടു സിഐമാര്‍ക്ക് ലഭിക്കുന്നതായി റൂറല്‍ എസ്‌പി.ഡി. ശില്‍പ്പ ഡി.ജി.പി അനില്‍ കാന്തിനെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രത്യേക തിരച്ചില്‍ സംഘം രൂപീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. എന്നിട്ടും ഈ സിഐമാരെ അറസ്റ്റ് ചെയ്തില്ലെന്നതാണ് വസ്തുത. ഇതില്‍ സൈജു നെയ്യാറ്റിന്‍കരയിലെ രാഷ്ട്രീയ പ്രമുഖന്റെ നിയന്ത്രണത്തിലുള്ള റിസോര്‍ട്ടിലാണ് ഒളിച്ചു താമസിക്കുന്നതെന്നും സൂചനയുണ്ട്. മുമ്പ് നെയ്യാറ്റിന്‍കര ഡിവൈഎസ്പിയായിരുന്ന ഹരികുമാര്‍ ഒളിച്ചു താമസിച്ചിരുന്ന അതേ റിസോര്‍ട്ടാണ് ഇതെന്നും പോലീസിലെ ചിലര്‍ പറയുന്നു. ഈ റിസോര്‍ട്ടിലെത്തി അറസ്റ്റ് ചെയ്യാനുള്ള കരുത്ത് കേരളാ പൊലീസിനില്ലെന്നാണ് സൂചന.
മലയിന്‍കീഴ് മുന്‍ എസ്.എച്ച്.ഒ: സൈജു, അയിരൂര്‍ മുന്‍ എസ്.എച്ച്.ഒ: ജയസനല്‍ എന്നിവര്‍ക്കെതിരെയാണ് കടുത്ത നടപടി വരുന്നത്. ഇരുവരും സസ്പെന്‍ഷനിലാണ്. സിഐ സൈജുവിനെതിരേ രണ്ട് പീഡനക്കേസും വ്യാജ രേഖ സമര്‍പ്പിച്ച് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം തരപ്പെടുത്തിയതിന് മറ്റൊരു കേസും നിലവിലുണ്ട്. സിഐ ജയസനല്‍ പോക്സോ കേസിലെ പ്രതിയെ ക്വാര്‍ട്ടേഴ്സില്‍ കൊണ്ടു പോയി പിഡീപ്പിച്ച ശേഷം അറസ്റ്റ് ഒഴിവാക്കാന്‍ കോഴ കൈപറ്റുകയായിരുന്നു. സൈജുവിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കാട്ടക്കട കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ന്മേല്‍ കേസ് നടക്കുകയാണ്. കഴിഞ്ഞ ദിവസം കേസില്‍ പ്രോസിക്യൂട്ടര്‍ പോലും കോടതിയില്‍ എത്തിയില്ലെന്നതാണ് വസ്തുത.
എസ്.എച്ച്.ഒമാരെ രക്ഷപ്പെടുത്താന്‍ തിരുവനന്തപുരം റൂറല്‍ ജില്ലയിലെ ഒരു ഡിവൈ.എസ്‌പി ഇടപെട്ടെന്ന ആക്ഷേപവും ശക്തമാണ്. പോലീസ് ഒളിവിലെന്നു പറയുന്ന സിഐ സൈജു സ്ഥലത്തുണ്ടെന്നും ദിവസങ്ങള്‍ക്ക് മുന്‍പ് സൈജു വീട്ടില്‍ പൂജ നടത്തിയെന്നും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. സൈജു കേസ് റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടും അനുകൂല ഉത്തരവ് കിട്ടിയില്ല. പിന്നീട് ഈ കേസ് റദ്ദാക്കാന്‍ അതിജീവിതയുമായി ഹൈക്കോടതിയെ സമീപിച്ചു. സൈജുവിന് എല്ലാ സഹായവും ചെയ്യുന്നത് കാട്ടാക്കട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ്. ഇരകളെ സ്വാധീനിക്കാനും അഭിഭാഷകര്‍ക്കൊപ്പം ഈ പോലീസുകാരന്‍ പോയിട്ടുണ്ട്.
അതിനിടെ ഹൈക്കോടതിയെ കബളിപ്പിച്ച് ജാമ്യം നേടാനായി വ്യാജ രേഖ ചമച്ച സംഭവത്തില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടറില്‍ നിന്നാണ് വ്യാജരേഖ ചമച്ചതെന്നു പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി.എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ തെളിവ് ശേഖരണത്തിന്റെ ഭാഗമായി ഈ കംപ്യൂട്ടര്‍ പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് കൈമാറും. പോലീസിന് തന്നെ നാണക്കേടായ ഈ സംഭവം അതീവ രഹസ്യമാക്കി വച്ചിരിക്കുകയാണ്.
അതിനിടെ, വ്യാജരേഖ ചമച്ച കേസില്‍ സിഐ സൈജുവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ഡി.ജി.പിയുടെ രഹസ്യ കത്ത് തിരുവനന്തപുരം റൂറല്‍ എസ്‌പി: ഡി. ശില്‍പ്പയില്‍ നിന്ന് മറച്ച് വച്ച സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് ഒരു ഡിവൈ.എസ്‌പിയോട് വിശദീകരണം ആരാഞ്ഞിട്ടുണ്ട്. കടുത്ത അച്ചടക്ക നടപടി എടുത്തിട്ടും 2 ഇന്‍സ്‌പെക്ടര്‍മാരെ അറസ്റ്റ് ചെയ്യാതെ മുന്‍കൂര്‍ ജാമ്യം നേടാന്‍ ഒത്തുകളിച്ചെന്ന റിപ്പോര്‍ട്ടില്‍ തിരുവനന്തപുരം റൂറല്‍ എസ്‌പിക്ക് കടുത്ത ഭാഷയില്‍ ഡിജിപിയുടെ വിമര്‍ശനം എത്തുന്ന സാഹചര്യത്തിലാണ് ഇത്. ഡിജിപി വിളിച്ചു ചേര്‍ത്ത ക്രൈം കോണ്‍ഫറന്‍സിലാണിത്. അയിരൂര്‍, മലയിന്‍കീഴ് സ്റ്റേഷനുകളില്‍ എസ്‌എച്ച്‌ഒമാരായിരുന്ന ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താനാണ് റൂറല്‍ ജില്ലയിലെ ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചത്.
ഒരാള്‍ പോക്‌സോ കേസിലും രണ്ടാമന്‍ പീഡനക്കേസിലുമാണു പെട്ടത്. മലയിന്‍കീഴ് മുന്‍ ഇന്‍സ്‌പെക്ടര്‍ക്കു കോടതി ജാമ്യം നിഷേധിച്ചിട്ടും അറസ്റ്റ് ചെയ്തില്ല. ഈ കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്നു. അതിന് ശേഷം ആദ്യത്തെ പീഡന കേസില്‍ വ്യജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയെന്ന എഫ് ഐ ആറും ഇട്ടു. അതിന് ശേഷവും അറസ്റ്റ് സംഭവിച്ചില്ല. ഈ സാഹചര്യത്തിലാണ് ഡിജിപിയുടെ വിമര്‍ശനം. സിപിഎം അനുകൂല സംഘടനാ നേതാവാണ് സൈജു. അതുകൊണ്ടാണ് അറസ്റ്റിന് കഴിയാത്തത്.
സൈജു കേസ് റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടും അനുകൂല ഉത്തരവ് കിട്ടിയതുമില്ല. പിന്നീട് ഈ കേസ് റദ്ദാക്കാന്‍ ഇരയുമായി ചേര്‍ന്ന് ഹൈക്കോടതി സമീപിച്ചു. അതിനിടെയാണ് പഴയ കേസിലെ വ്യാജ രേഖയുണ്ടാക്കലില്‍ കേസ് വന്നത്. അയിരൂര്‍ സിഐയായിരുന്ന ജയ സനിലിനേയും പിടിക്കാനായില്ല. ഇതാണ് ഡിജിപിയെ ക്ഷോഭിപ്പിക്കുന്നത്. ഇവരെ 2 പേരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നു രേഖാമൂലം ഉത്തരവു നല്‍കിയിട്ടും എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്നായിരുന്നു ഡിജിപിയുടെ ചോദ്യം.
പരമാവധി ശ്രമിച്ചെന്നും പൊലീസുകാര്‍ സഹകരിച്ചില്ലെന്നുമായിരുന്നു എസ്‌പിയുടെ മറുപടി. പൊലീസില്‍ രണ്ടു പേര്‍ക്കുമുള്ള സ്വാധീനമാണ് ഇതിന് കാരണമെന്നത് വ്യക്തമാണ്. സിഐ സൈജുവിനെ രക്ഷിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത് കാട്ടാക്കട പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനാണ്. ഇതെല്ലാം എല്ലാവര്‍ക്കും അറിയാം. ഇതിനൊപ്പം സംഘടനാ നേതാവെന്ന മുഖവും സൈജുവിന് തുണയാണ്.
































