തമിഴ്നാട്ടിൽ ഡിഎംകെയും ബിജെപിയും തമ്മിൽ രാഷ്ട്രീയ സഖ്യത്തിന് നീക്കമെന്ന ആരോപണവുമായി തമിഴക വെട്രി കഴകം
ചെന്നൈ : തമിഴ്നാട്ടിൽ ഡിഎംകെയും ബിജെപിയും തമ്മിൽ രാഷ്ട്രീയ സഖ്യത്തിന് നീക്കമെന്ന ആരോപണവുമായി നടൻ വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം. ഗവർണർ രാജേന്ദ്ര ആർലേക്കറെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ സന്ദർശിച്ചത് ഇത്തരമൊരു നീക്കത്തിന്റെ ഭാഗമാണെന്നാണ് ടിവികെയുടെ ആരോപണം. പാർലമെന്റിന്റെ ശീതകാല സമ്മേളനം 30ന് ആരംഭിക്കാനിരിക്കെ ഉയർന്ന ആരോപണം തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. എന്നാൽ ബിജെപിയുമായി സഖ്യമുണ്ടാക്കാൻ ഡിഎംകെയ്ക്ക് യാതൊരു പദ്ധതിയുമില്ലെന്ന് പാർട്ടി വ്യക്തമാക്കി. ഡിഎംകെയുടെ മുഖപത്രമായ ‘മുരശൊലി’യിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ നയ്നാർ നാഗേന്ത്രന്റെ അഭിമുഖം പ്രസിദ്ധീകരിച്ചതും ഇരു പാർട്ടികളും തമ്മിലുള്ള അടുപ്പത്തിന്റെ സൂചനയാണെന്ന് ടിവികെ ചൂണ്ടിക്കാട്ടി. എന്നാൽ നാഗേന്ത്രനുമായുള്ള പൂർണ അഭിമുഖമല്ല പത്രത്തിൽ വന്നതെന്നും ടിവികെയുടെ ആരോപണങ്ങൾ വാർത്തയാക്കുക മാത്രമാണ് ചെയ്തതെന്നും ഡിഎംകെ വക്താവ് സയ്യിദ് ഹഫീസുള്ള വിശദീകരിച്ചു. ബിജെപിയുമായി രാഷ്ട്രീയ ധാരണയുണ്ടാക്കാനുള്ള നീക്കങ്ങളൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ മുഖ്യമന്ത്രി സി.എൻ. അണ്ണാദുരൈയുടെ പ്രസിദ്ധമായ ‘ആടിന് താടിയും നാടിന് ഗവർണറും എന്തിന്?’ എന്ന ചോദ്യമുയർത്തിയാണ് ടിവികെയുടെ ഐടി വിഭാഗം ഡിഎംകെയെ കടന്നാക്രമിച്ചത്. ഗവർണർ പദവിക്കെതിരെ നിലപാടെടുത്തിരുന്ന ഡിഎംകെ ഇപ്പോൾ അതേ ഗവർണറുടെ മുന്നിൽ കീഴടങ്ങുകയാണെന്നാണ് ടിവികെയുടെ വിമർശനം. നിയമസഭയിൽ ഗവർണറെ അനുവദിക്കാതിരുന്ന രാഷ്ട്രീയ പാരമ്പര്യമുള്ള പാർട്ടി ഇന്ന് ഗവർണറുമായി അടുപ്പം പുലർത്തുന്നത് ആശയപരമായ വ്യതിയാനമാണെന്നും ആരോപിച്ചു. മുൻകാലങ്ങളിൽ ബിജെപിയുമായി കൈകോർത്ത ചരിത്രം ആവർത്തിക്കപ്പെടുകയാണെന്നും ഇപ്പോഴത്തെ നിലപാടുകൾ വെറും മുഖംമൂടിയാണെന്നും ടിവികെ കുറ്റപ്പെടുത്തി.
അതേസമയം, മണ്ഡല പുനർനിർണയ വിഷയത്തിൽ തമിഴ്നാടിന്റെ നിലവിലെ പാർലമെന്റ് പ്രാതിനിധ്യം കുറയാൻ അനുവദിക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് ഡിഎംകെ ആവർത്തിച്ചു. ജനസംഖ്യാ നിയന്ത്രണത്തിൽ ഫലപ്രദമായ നടപടികൾ സ്വീകരിച്ച തമിഴ്നാടിന് അതിന്റെ പേരിൽ ലോക്സഭയിലെ സീറ്റുകൾ നഷ്ടമാകരുതെന്നാണ് പാർട്ടിയുടെ ആവശ്യം. സംസ്ഥാനത്തിന് നിലവിലുള്ള 7.2 ശതമാനം പ്രാതിനിധ്യം അതേപടി നിലനിർത്തണമെന്നും ഹഫീസുള്ള വ്യക്തമാക്കി. എന്നാൽ മണ്ഡല പുനർനിർണയ ബില്ലിൽ ബിജെപിയെ പിന്തുണയ്ക്കാൻ ഡിഎംകെ തയ്യാറാകുമോയെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. ഡിഎംകെ ബില്ലിനെ അനുകൂലിച്ചാൽ പ്രതിപക്ഷ ഇന്ത്യാസഖ്യത്തിന് അത് വലിയ രാഷ്ട്രീയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസുമായുള്ള ബന്ധത്തിൽ അകൽച്ചയുണ്ടായ സാഹചര്യത്തിൽ ഡിഎംകെയുടെ അടുത്ത നീക്കവും നിർണായകമാകും. മണ്ഡല പുനർനിർണയ വിഷയത്തിൽ ചർച്ച നടത്താൻ ഡിഎംകെ നേതാക്കൾ ഉടൻ യോഗം ചേരുമെന്നാണ് സൂചന.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്വ്വ് ബാങ്ക് പിഴ ചുമത്തി
-
121 കിലോ സ്വർണാഭരണങ്ങൾ ; തിരുപ്പതി ക്ഷേത്രത്തിൽ റെക്കോർഡ് സംഭാവനയുമായി ഭക്തൻ
-
എവറസ്റ്റ് കീഴടക്കിയ ഷെയ്ഖ് ഹസൻ ഖാന് സ്വീകരണവും ആദരവും നല്കി
-
വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച് ഭീഷണിപ്പെടുത്തി : മുപ്പത്തഞ്ചുകാരന് അറസ്റ്റിൽ
-
മദ്യനയം ; യുഡിഎഫ് ഉപസമിതിയെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ; മുൻ എംഎൽഎ കെ. ശിവദാസൻ നായർ കൺവീനർ





