കോന്നി : ജല ജീവൻ പദ്ധതി പൈപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി അരുവാപുലം പഞ്ചായത്തിലെ ഐരവൺ, മെഡിക്കൽ കോളേജ്, കുമ്മണ്ണൂർ, മാവനാൽ ഭാഗങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങിയത് ജനങ്ങളെ വലക്കുന്നു. കഴിഞ്ഞ നാല് ദിവസത്തിലേറെയായി ഈ പ്രദേശത്ത് കുടിവെള്ള വിതരണം മുടങ്ങിയിട്ട്. എന്നിട്ടും ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ല. മുൻപ് ഐരവൺ മാളാപാറ ശുദ്ധജല പദ്ധതിയിൽ നിന്നും നേരിട്ടായിരുന്നു ഈ പ്രദേശത്തേക്ക് വെള്ളം പമ്പ് ചെയ്തിരുന്നത്.
എന്നാൽ ഇപ്പോൾ മാളാപാറയിൽ നിന്നും മെഡിക്കൽ കോളേജ് ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന കുടിവെള്ള വിതരണ ടാങ്കിൽ വെള്ളം പമ്പ് ചെയ്ത് കൊണ്ടുവന്ന ശേഷമാണ് ഈ പ്രദേശങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. കൂടുതലും കുടിവെള്ള പൈപ്പ് ലൈനുകളെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങൾ ആണ് ഇവിടെ ഉള്ളത്. നിലവിൽ കുടിവെള്ളം മുടങ്ങിയിട്ട് നാല് ദിവസം ആയെങ്കിലും ഇതിന് മുൻപ് ഒരാഴ്ച വെള്ളം മുടങ്ങിയിരുന്നു. മുൻ വർഷങ്ങളിലും ഈ പ്രദേശത്ത് പമ്പിങ്ങിലെ അപാകതകൾ അടക്കം കുടിവെള്ള വിതരണത്തെ സാരമായി ബാധിക്കുന്നുണ്ട്. ജല ജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട് പൈപ്പ് ലൈനുകൾ പൊളിച്ചിട്ടിട്ടുള്ളത് പമ്പിങ് സമയത്ത് ജല നഷ്ട്ടം ഉണ്ടാകുന്നതിനും കാരണമാകുന്നുണ്ട്. പ്രദേശത്തെ ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴും വിഷയത്തിൽ അധികൃതർ നടപടി സ്വീകരിക്കുന്നില്ല എന്നാണ് ആക്ഷേപം ഉയരുന്നത്.