ആലപ്പുഴ : സ്കൂള്‍ തുറന്നതിനൊപ്പം നഗരത്തില്‍ ഛര്‍ദിയും അതിസാരവും പടരുന്നതില്‍ ആശങ്ക.കടപ്പുറം വനിത-ശിശു ആശുപത്രി, ജില്ല ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ രോഗം ബാധിച്ച് ഒമ്പതു കുട്ടികള്‍ കൂടി ചികിത്സ തേടിയതോടെയാണ് ആശങ്ക വര്‍ധിച്ചത്. ഇതോടെ നാലുദിവസത്തിനുള്ളില്‍ ചികിത്സതേടിയവരുടെ എണ്ണം 45 ആയി ഉയര്‍ന്നു. കുടിവെള്ളത്തില്‍നിന്നാണ് രോഗം പടരുന്നതെന്നാണ് സംശയം. ഇതോടെ, വാട്ടര്‍അതോറിറ്റിയുടെ നേതൃത്വത്തില്‍ കുടിവെള്ളം സൂപ്പര്‍ കോറിനേഷന്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. അടുത്ത ദിവസങ്ങളില്‍ ശുദ്ധജലം സൂപ്പര്‍ ക്ലോറിനേഷന് നടത്തും.
ചികിത്സതേടിയവരില്‍ ഏറെയും രണ്ട് മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളാണ്. പുറത്തുനിന്നുള്ള ഭക്ഷണം, ജൂസ് അടക്കമുള്ള പാനീയം എന്നിവയില്‍നിന്നാണ് രോഗവ്യാപനത്തിന് സാധ്യതയെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. ഇതിനിടെ, നഗരസഭ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷവകുപ്പിന്റെയും നേതൃത്വത്തില്‍ നഗരത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന നടത്തി. വൃത്തിയും ശുചിത്വവും ഉറപ്പാക്കാനാണിത്. ഇതിനൊപ്പം പരിശോധനക്കായി കുടിവെള്ളത്തിന്റെ സാമ്പിളുകളും ശേഖരിച്ചു.
നഗരത്തില്‍ കുടിവെള്ളംവിതരണം ചെയ്യുന്ന ആര്.ഒ പ്ലാന്ററുകളിലടക്കം പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം സമാനരീതയില്‍ ഛര്‍ദിയും വയറിളക്കവും ബാധിച്ച് 200ലേറെ കുട്ടികളാണ് ചികിത്സ തേടിയത്. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ സ്വകാര്യ ആര്.ഒ പ്ലാന്റിലെ വെള്ളമാണ് വില്ലനായതെന്നായിരുന്നു കണ്ടെത്തല്‍. മഴ തുടരുന്ന സാഹചര്യത്തില്‍ തിളപ്പിച്ച ആറിയ വെള്ളം ഉപയോഗിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.