കൊച്ചി: തോക്ക് ലൈസന്‍സ് ആവശ്യപ്പെട്ട് വനംവകുപ്പിനെ ഒരുവര്‍ഷത്തിനിടെ സമീപിച്ചത് 820 അപേക്ഷകര്‍. ഇതില്‍ 326പേര്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ട് വനംവകുപ്പ് നല്‍കിയിട്ടുണ്ട്. വ്യത്യസ്ത തലങ്ങളിലുള്ള അന്വേഷണങ്ങള്‍ക്കുശേഷം കലളക്ടര്മാരാണ് ലൈസന്‍സ് അനുവദിക്കുക. പ്രധാനമായും സ്പോര്‍ട്സ് ആവശ്യങ്ങള്‍, വിമുക്ത ഭടന്മാര്ക്ക് സെക്യൂരിറ്റി ജോലി ചെയ്യുന്നതിനും സ്വയരക്ഷക്കും കാര്‍ഷിക വിളകളുടെ സംരക്ഷണാര്‍ഥവും എന്നിവക്കാണ് തോക്ക് ലൈസന്‍സ് നല്‍കുന്നതിന് വനംവകുപ്പിന്റെ നിരാക്ഷേപപത്രം കളക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്.
1972ലെ വന്യജീവി സംരക്ഷണ നിയമം സെഷന് 34 പ്രകാരം വന്യജീവി സങ്കേതത്തില്‍നിന്ന് 10 കിലോമീറ്റര്‍ ദൂരപരിധിക്കുള്ളില്‍ താമസിക്കുന്നവര്‍ അപേക്ഷിച്ചാല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ മുന്‍കൂര്‍ അനുമതി കരസ്ഥമാക്കിയശേഷം മാത്രമേ ലൈസന്‍സ് അനുവദിക്കാവൂ. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ വനംവകുപ്പ് ഏറ്റവും കൂടുതല്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയത് കോഴിക്കോട് ജില്ലയിലാണ്. 59പേര്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള റിപ്പോര്‍ട്ടാണ് ഇവിടെ നല്‍കിയത്. കാസര്‍കോട് ജില്ലയില്‍ ഒരാള്‍ക്ക് മാത്രമേ അനുകൂല റിപ്പോര്‍ട്ട് ലഭിച്ചിട്ടുള്ളൂ. പാലക്കാട് – 48, മലപ്പുറം – 42, എറണാകുളം – 40, തൃശൂര്‍ -35, കോട്ടയം – 32, പത്തനംതിട്ട – 30, വയനാട് – 27, തിരുവനന്തപുരം – 16, ഇടുക്കി – 12, കണ്ണൂര്‍ – 10, ആലപ്പുഴ – ഏഴ്, കൊല്ലം – അഞ്ച് എന്നിങ്ങനെയാണ് അനുകൂല റിപ്പോര്‍ട്ട് നല്‍കിയത്.
വനംവകുപ്പിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ പരിശോധിച്ച് ലൈസന്‍സിനുള്ള തുടര്‍നടപടി സ്വീകരിക്കുന്നത് കളക്ടര്‍മാരാണ്. എന്നാല്‍ ഇത്തരത്തില്‍ നല്കുന്ന ലൈസന്‍സികളുടെ വിശദാംശങ്ങള്‍ എല്ലാ കലളക്ടര്മാരും വനംവകുപ്പില്‍ ലഭ്യമാക്കാറില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തില്‍ അവയെ വെടിവെച്ചുകൊല്ലണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ നിരവധി ആളുകള്‍ കാട്ടുപന്നികളില്‍നിന്ന് കാര്‍ഷിക വിളകള്‍ സംരക്ഷിക്കുന്നതിന് തോക്ക് ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ചതായി വിവരമുണ്ട്.





























