Skip to content

അരുണാചലിൽ വീണ്ടും ഇന്ത്യ-ചൈന സംഘർഷം ; സ്ഥിരീകരിച്ച് ഐ.ടി.ബി.പി. ഡയറക്ടർ ജനറൽ

ന്യൂഡൽഹി : അരുണാചൽപ്രദേശിലെ യഥാർഥ നിയന്ത്രണരേഖയിൽ (എൽ.എ.സി.) ഇന്ത്യയും ചൈനയും തമ്മിൽ വീണ്ടും സംഘർഷം. ജൂലായ് മുതൽ ഇവിടെ വിവിധയിടങ്ങളിൽ സൈനിക ഏറ്റുമുട്ടൽ നടക്കുന്നതായി ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐ.ടി.ബി.പി.) ഡയറക്ടർ ജനറൽ ശത്രുജീത് കപൂർ വ്യക്തമാക്കി. കിഴക്കൻ അതിർത്തിയിലെ സംഘർഷാവസ്ഥയെക്കുറിച്ചുള്ള ആദ്യത്തെ ഔദ്യോഗിക സ്ഥിരീകരണമാണിത്. ഈ മാസം വിരമിക്കാനിരിക്കേയാണ് ശത്രുജീത് കപൂറിന്റെ വെളിപ്പെടുത്തൽ.

ഇതിനുപിന്നാലെ, അതിർത്തിയിലെ കടന്നുകയറ്റത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രസർക്കാരിന്റെയും നിശ്ശബ്ദതയെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. സേനയുടെ വാർഷിക അനുമോദനച്ചടങ്ങിലാണ് ശത്രുജീത് കപൂർ നിർണായകവിവരങ്ങൾ പങ്കുവെച്ചത്. തക്സിങ്, മാസ, ഗലേമോ മേഖലകളിൽ ചൈനീസ് സേനയുടെ കടന്നുകയറ്റമുണ്ടായെന്ന് നേരത്തേ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ (പി.പി.എ.) ഫാക്ട് ഫൈൻഡിങ് റിപ്പോർട്ടിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. ചൈനീസ് സൈന്യം 60 കിലോമീറ്റർ ഉള്ളിലേക്ക് കടന്നുവെന്ന അവകാശവാദങ്ങളെ മുഖ്യമന്ത്രി പേമ ഖണ്ഡുവും ആഭ്യന്തരമന്ത്രി മാമ നതുങ്ങും കേന്ദ്രമന്ത്രി കിരൺ റിജിജുവും തള്ളി.

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച പല വീഡിയോ ക്ലിപ്പുകളും പഴയതാണെന്ന് ‘പി.ഐ.ബി. ഫാക്ട് ചെക്ക്’ വിഭാഗവും ചൂണ്ടിക്കാട്ടി. സേനയുടെ ധീരതയെ അഭിനന്ദിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ്, അരുണാചൽ അതിർത്തിയിലെ സംഘർഷങ്ങളിൽ പ്രധാനമന്ത്രിയും കേന്ദ്രവും പുലർത്തുന്ന നിശ്ശബ്ദത ദുരൂഹമാണെന്ന് കുറ്റപ്പെടുത്തി. അരുണാചലിലെ പ്രദേശങ്ങൾ ചൈന പുനർനാമകരണം ചെയ്യുന്നതും 60,000 മെഗാവാട്ടിന്റെ ഭീമൻ അണക്കെട്ട് നിർമിക്കുന്നതും ഇന്ത്യയുടെ ജല-പാരിസ്ഥിതിക സുരക്ഷയ്ക്ക് വൻഭീഷണിയാണെന്ന് ജയറാം രമേഷ് പറഞ്ഞു.

സാമ്പത്തികരംഗത്തും ചൈനയ്ക്കുമുന്നിൽ കീഴടങ്ങുന്ന നയമാണ് കേന്ദ്രത്തിന്റേതെന്ന് അദ്ദേഹം ആരോപിച്ചു. 2025-26 കാലത്ത് ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി 11,200 കോടി ഡോളറിലെത്തി. ഇതോടെ ചെറുകിട-ഇടത്തരം വ്യവസായങ്ങൾ തകർന്നു. ‘മെയ്ക്ക് ഇൻ ഇന്ത്യ’ എന്നത് ‘ഇംപോർട്ട് ഫ്രം ചൈന’യായി മാറി. 2020-ൽ ഗാൽവാനിൽ 20 ഇന്ത്യൻ ജവാന്മാർ വീരമൃത്യുവരിച്ചപ്പോൾ, ‘ആരും അതിർത്തിയിൽ കടന്നുകയറിയിട്ടില്ല’ എന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചത് ചൈനയ്ക്ക് നൽകിയ ക്ലീൻചിറ്റായിരുന്നെന്നും അന്നുതുടങ്ങിയ വിട്ടുവീഴ്ചകളുടെ ഭവിഷ്യത്താണ് രാജ്യം ഇപ്പോഴും അനുഭവിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. തറയിൽ ഫിനാൻസ് ഉടമ സജി പി.സാമിനെ 9 വർഷം തടവിന് ശിക്ഷിച്ചു : ബഡ്സ് ആക്ട് പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ വിധി

  2. പാമ്പാടിയിലെ യുവതികളുടെ ദാരുണമരണം ; ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

  3. ശബരിമല തീര്‍ത്ഥാടനം: വെജിറ്റേറിയന്‍ ആഹാര സാധനങ്ങളുടെ വില നിശ്ചയിച്ചു

  4. പന്തളത്ത് ഗുണ്ടാ ആക്രമണം ; ശിവസേന പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് ഗുരുതര പരിക്ക്

  5. ഗണേഷ് കുമാറിന്റെ ഭാര്യയുടെ പേരിലെ കമ്പനിക്ക് നടപടികൾ പാലിക്കാതെ കരാർ നൽകിയതിൽ ക്രമക്കേട് ; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് വിജിലൻസ്

Share on WhatsApp

Share this story

അരുണാചലിൽ വീണ്ടും ഇന്ത്യ-ചൈന സംഘർഷം ; സ്ഥിരീകരിച്ച് ഐ.ടി.ബി.പി. ഡയറക്ടർ ജനറൽ pathanamthittamedia.com