അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്‍വെന്‍ഷന്‍ : മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ യോഗം
അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്‍വെന്‍ഷനോട് അനുബന്ധിച്ചുള്ള അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജലസേചന വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ 31ന് ഉച്ചകഴിഞ്ഞ് 2.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേരും.
മാരാമണ്‍ കണ്‍വെന്‍ഷന്‍: മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ യോഗം
മാരാമണ്‍ കണ്‍വെന്‍ഷനോട് അനുബന്ധിച്ചുള്ള അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജലസേചന വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ 31 ന് ഉച്ചകഴിഞ്ഞ് 3.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേരും.
ഫോസ്റ്റര്‍ കെയര്‍ പദ്ധതി : സന്മനസുളളവര്‍ക്ക് അപേക്ഷിക്കാം
നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കൊപ്പം ആരോരുമില്ലാത്ത കുട്ടികളെക്കൂടി അവധിക്കാലത്ത് വീട്ടില്‍ സംരക്ഷിക്കാന്‍ സന്മനസുള്ളവര്‍ക്കായി ഫോസ്റ്റര്‍ കെയര്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അച്ഛനമ്മമാര്‍ക്ക് കൂടെ നിര്‍ത്തി സംരക്ഷിക്കാന്‍ കഴിയാത്ത കുട്ടികളെ മറ്റൊരു കുടുംബത്തില്‍ അവധിക്കാലത്ത് പോറ്റി വളര്‍ത്തുന്നതിനുള്ള പദ്ധതിയാണ് വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍. വനിതാശിശുവികസന വകുപ്പിനു കീഴില്‍ കുട്ടികളുടെ സംരക്ഷണത്തിനായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ബാലനീതി സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികളെ വേനലവധിക്കാലത്ത് കുടുംബാന്തരീക്ഷത്തില്‍ വളര്‍ത്താന്‍ അനുവദിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസ് മുഖേനയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. യോഗ്യരാകുന്ന കുടുംബാംഗങ്ങള്‍ക്ക് കൗണ്‍സലിംഗും കുട്ടികളുമായി കൂടിക്കാഴ്ചയ്ക്ക് അവസരവും ഒരുക്കും. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുഖേനയാണു കുട്ടികളെ അനുയോജ്യമായ കുടുംബങ്ങളിലേക്കു വിടുന്നത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ സ്ഥിരം മേല്‍നോട്ടത്തിലാകും പദ്ധതി നടപ്പാക്കുന്നത്. ആറു വയസിനു മുകളില്‍ പ്രായമുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരഞ്ഞെടുക്കപ്പെട്ട വീടുകളിലേക്ക് അയയ്ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ആറന്മുള മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലോ, 0468-2319998,7012374037, 8589990362 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.
പാവപ്പെട്ട കുട്ടികളെ സ്പോണ്‍സര്‍ ചെയ്യാന്‍ അവസരം
വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ സംയോജിത ശിശുസംരക്ഷണ പദ്ധതി പ്രകാരം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് മുഖേന നടപ്പാക്കുന്ന സ്പോണ്‍സര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമ്പത്തിക കാരണങ്ങളാല്‍ കുട്ടികളെ കുടുംബത്തില്‍ നിന്ന് അകറ്റി അനാഥാലയങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിനു പകരം കുട്ടികളുടെ ജീവിത- വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുളള തുക ലഭ്യമാക്കി കുട്ടികളെ കുടുംബത്തില്‍ തന്നെ സംരക്ഷിക്കുന്നതിനുളള പദ്ധതിയാണ് ഇത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യാതൊരു വിധ ധനസഹായവും ലഭിക്കാത്തവരാകണം അപേക്ഷകര്‍. ഏക രക്ഷിതാവിന്റെ സംരക്ഷണത്തില്‍ കഴിയുന്ന കുട്ടികള്‍, എച്ച്.ഐ.വി ബാധിതരായ കുട്ടികള്‍/ എച്ച്.ഐ.വി ബാധിതരായ രക്ഷിതാവിന്റെ കുട്ടികള്‍, തടവുശിക്ഷ അനുഭവിക്കുന്ന രക്ഷിതാവിന്റെ കുട്ടികള്‍, ശയ്യാവലംബരായ രക്ഷിതാവിന്റെ കുട്ടികള്‍, മാരകരോഗങ്ങള്‍ ബാധിച്ച രക്ഷിതാവിന്റെ കുട്ടികള്‍/ മാരക രോഗങ്ങള്‍ ബാധിച്ച കുട്ടികള്‍ എന്നിവര്‍ക്കാണു സ്പോണ്‍സര്‍ഷിപ്പ് പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നത്.
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദിഷ്ട അപേക്ഷഫോം പൂരിപ്പിച്ച് നല്‍കുന്നതിനോടൊപ്പം കുട്ടികള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ മേലധികാരിയില്‍ നിന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യാതൊരു വിധ ധനസഹായവും സ്‌കൂള്‍ മുഖേന കൈപ്പറ്റുന്നില്ല എന്നുള്ള സാക്ഷ്യപത്രവും, ജനന സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്,(വാര്‍ഷിക വരുമാനം 24000 രൂപയില്‍ താഴെ), മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡിന്റെ കോപ്പി, കുട്ടിയുടെയും രക്ഷിതാവിന്റെയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ കുട്ടിയുടെയും രക്ഷിതാവിന്റെയും പേരില്‍ എടുത്ത ബാങ്ക് അക്കൗണ്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. യോഗ്യരായ അപേക്ഷകരുടെ ഹോം സ്റ്റഡി നടത്തി സ്പോണ്‍സര്‍ഷിപ്പ് & ഫോസ്റ്റര്‍ കെയര്‍ അപ്രൂവല്‍ കമ്മിറ്റി അംഗീകാരത്തിനുശേഷം യോഗ്യരായ കുട്ടികളുടെ മാതാവിന്റെയും കുട്ടിയുടേയും സംയുക്ത അക്കൗണ്ടിലേക്കു പ്രതിമാസം 2000 രൂപ വീതം ലഭ്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ആറന്മുള മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിനെ സമീപിക്കണം.ഫോണ്‍: 0468-2319998,8281954196, 8589990362.
കണ്ടുപഠിക്കാം പടയണി ; വിദ്യാലയങ്ങള്‍ക്ക് അവസരം
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ (ഡി.ടി.പി.സി ) ആഭിമുഖ്യത്തില്‍ പടയണി കരകളില്‍ പടയണി ആസ്വാദന കളരിയും കുട്ടികള്‍ക്കായി സംഘടിപ്പിക്കും. പത്തനംതിട്ട ജില്ലയുടെ അനുഷ്ഠാന കലാരൂപമായ പടയണി വിദ്യാഭ്യാസ വകുപ്പ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആറാം ക്ലാസിലേയും പതിനൊന്നാം ക്ലാസിലേയും മലയാളം പാഠാവലിയില്‍ പടയണി വിശദമായി പ്രതിപാദിക്കുന്ന പാഠങ്ങളുണ്ട്. തികച്ചും പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് നടത്തപ്പെടുന്ന ഈ അനുഷ്ഠാന കലാരൂപത്തിന്റെ പ്രചരണാര്‍ഥം ഡി.ടി.പി.സി പടയണി കലണ്ടര്‍ പുറത്തിറക്കിയിട്ടുണ്ട്. പടയണിയെ ആസ്വദിക്കുന്നതിനും കോലമെഴുത്തുള്‍പ്പടെയുള്ള മുന്നൊരുക്കങ്ങള്‍ കണ്ടറിയുന്നതിനും പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തുകയാണ് ഡി.റ്റി.പി.സി യുടെ ലക്ഷ്യം.
താല്‍പ്പര്യമുള്ള വിദ്യാലയങ്ങള്‍ക്ക് പടയണി ആസ്വദിക്കുന്നതിനും പഠിക്കുന്നതിനായും ആവശ്യമായ മറ്റ് വിവരങ്ങള്‍ക്കുമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്കായി കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിനു സമീപമുള്ള ഡി.റ്റി.പി.സി ജില്ലാ ഓഫീസില്‍ നേരിട്ടോ, 9447564170, 9447756113, 04682311343 എന്നീ നമ്പറുകളില്‍ ഫോണ്‍ മുഖാന്തിരമോ ബന്ധപ്പെടണം.
കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്, ഉപന്യാസ രചന മത്സരം
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് പാര്‍ലമെന്ററി ജനാധിപത്യത്തെ ആസ്പദമാക്കി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്, ഉപന്യാസ രചന മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം മേഖലാതല മത്സരങ്ങള്‍ ഫെബ്രുവരി ഒന്നിന് രാവിലെ 9.30ന് തിരുവനന്തപുരം, പാളയം യൂണിവേഴ്സിറ്റി കോളേജില്‍ നടക്കും. സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം ഹാജരാക്കി മത്സരങ്ങളില്‍ പങ്കെടുക്കാം. ഓരോ ഇനത്തിലും ഒരു കോളേജില്‍ നിന്നും പരമാവധി രണ്ടു കുട്ടികളെ മാത്രമേ പങ്കെടുപ്പിക്കു. ക്വിസ് മത്സരം രണ്ടുകുട്ടികള്‍ പങ്കെടുക്കുന്ന ടീമായിട്ടായിരിക്കും നടത്തുക. വിദ്യാര്‍ത്ഥികളുടെ പേരുകള്‍ ഇ-മെയില്‍, ഫോണ്‍ മുഖാന്തരം 29ന് വൈകിട്ട് നാലിനു മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. ഇ-മെയില്‍: [email protected], ഫോണ്‍: 0471-2339266, 8921356763, 0471-2331080, 9895445748.
സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍
വിദേശ പഠനത്തിനും ജോലികള്‍ക്കുമായി പോകുന്ന കേരളീയര്‍ക്കായി വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലും, എച്ച്.ആര്‍.ഡി സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലും ജനുവരി 31 ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. എം.ഇ.എ അറ്റസ്റ്റേഷന്‍, അപ്പോസ്‌റ്റൈല്‍ (ഹേഗ് കണ്‍വെന്‍ഷന്‍ ഉടമ്പടിയുടെ ഭാഗമായി 118 രാജ്യങ്ങളിലേക്കുളള അറ്റസ്റ്റേഷന്‍), യു.എ.ഇ എംബസി, കുവൈറ്റ് എംബസി, ഖത്തര്‍ എംബസി, ബഹറൈന്‍ എംബസി എന്നിവയ്ക്കായി അന്നേ ദിവസം സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാം. കൂടാതെ കുവൈറ്റ് വിസാ സ്റ്റാംപിങ്ങിനുളള രേഖകളും സ്വീകരിക്കും. സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനും മറ്റു സേവനങ്ങള്‍ക്കുമായി www.norkaroots.org എന്ന വെബ്സൈറ്റില്‍ മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ 0471-2770561 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് നോര്‍ക്ക റൂട്ട്സ് സെന്റര്‍ മാനേജര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ ജനുവരി 31 ന് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉളളതിനാല്‍ അന്നേ ദിവസം നോര്‍ക്ക റൂട്ട്സ് തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കില്ല.
കെട്ടിടം പൊളിച്ചുമാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
തുമ്പമണ്‍ നോര്‍ത്ത് ഗവ. ഹൈസ്‌കൂളിന്റെ നിലവിലുളള എല്‍ -ആകൃതിയിലുളള കെട്ടിടത്തിന്റെ രണ്ട് മുറികള്‍ ഒഴിച്ച് ബാക്കി കെട്ടിടം പൊളിച്ചുമാറ്റി തറ നിരപ്പാക്കുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. താല്‍പ്പര്യമുളളവര്‍ ഫെബ്രുവരി അഞ്ചിന് വൈകിട്ട് നാലിന് മുന്‍പായി സ്‌കൂള്‍ പ്രഥമാധ്യാപികയ്ക്ക് ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍ : 9497816398.
ക്ഷേമനിധി പെന്‍ഷന്‍ മസ്റ്ററിങ്
കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ക്കായി അക്ഷയാ സെന്ററുകള്‍ വഴി നടത്തുന്ന മസ്റ്ററിങ്ങ് സമയപരിധി ഈമാസം 31വരെ നീട്ടി. മസ്റ്ററിങ്ങില്‍ പങ്കെടുക്കാത്ത അംഗങ്ങള്‍ ആധാര്‍ കാര്‍ഡുമായി അക്ഷയാ സെന്ററിലെത്തി നിര്‍ബന്ധമായും മസ്റ്ററിങ്ങ് പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0468-2222709
കോഴഞ്ചേരി താലൂക്ക് വികസന സമിതി ഫെബ്രുവരി ഒന്നിന്
കോഴഞ്ചേരി താലൂക്ക് വികസന സമിതി ഫെബ്രുവരി ഒന്നിന് രാവിലെ 10.30 ന് കോഴഞ്ചേരി താലൂക്ക് ഓഫീസില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
ലക്ഷ്വറി ബസ് ആവശ്യമുണ്ട്
വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളെ ഫെബ്രുവരി ഏഴിന് എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ( തൃപ്പൂണിത്തറ ഹില്‍ പാലസ്, മറൈന്‍ ഡ്രൈവ്, മെട്രോ റെയില്‍) തുടങ്ങിയ സ്ഥലങ്ങളില്‍ വിനോദയാത്രയ്ക്കു കൊണ്ടുപോകുവാന്‍ 45 സീറ്റുളള രണ്ട് ലക്ഷ്വറി ബസ് ലഭ്യമാക്കുന്നതിന് തയാറുളള ടൂര്‍ ഓപ്പറേറ്റര്‍മാർ/വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി നാലിനു വൈകിട്ട് മൂന്നു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് 04735 -251153.
































