Saturday, April 27, 2024 6:00 pm

ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാജ്യത്തിനു സമര്‍പ്പിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാജ്യത്തിനു സമര്‍പ്പിക്കും. ഇന്ത്യ 75ാം ജന്മദിനം ആഘോഷിക്കുന്ന വേളയിലുള്ള കമ്മിഷനിങ് ചടങ്ങില്‍ മറ്റൊരു നിര്‍ണ്ണായക പ്രഖ്യാപനവും ഉണ്ടായേക്കും. രണ്ടാം വിമാനവാഹിനി കപ്പല്‍ നിര്‍മ്മാണം സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നടത്തും എന്നാണ് സൂചന. ഇന്ത്യ തദ്ദേശീയമായി രൂപകല്‍പന ചെയ്തു നിര്‍മ്മിച്ച ആദ്യ വിമാനവാഹിനിയാണ് വിക്രാന്ത്. കൊച്ചിയിലായിരുന്നു നിര്‍മ്മാണം.

9.30ന് കപ്പല്‍ശാലയിലെത്തുന്ന പ്രധാനമന്ത്രി 150 അംഗ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കും. നാവികസേനാ മേധാവി അഡ്‌മിറല്‍ ആര്‍.ഹരികുമാര്‍, ദക്ഷിണനാവിക കമാന്‍ഡ് മേധാവി വൈസ് അഡ്‌മിറല്‍ എം.എ.ഹംപിഹോളി, കൊച്ചിന്‍ ഷിപ്യാഡ് ലിമിറ്റഡ് സിഎംഡി മധു എസ്.നായര്‍ എന്നിവരും പ്രസംഗിക്കും. യുദ്ധക്കപ്പലിന്റെ കമാന്‍ഡിങ് ഓഫിസര്‍ കമ്മഡോര്‍ വിദ്യാധര്‍ ഹാര്‍കെ കമ്മിഷനിങ് വാറന്റ് വായിക്കും. തുടര്‍ന്നു നാവികസേനയുടെ പുതിയ പതാക, നേവല്‍ എന്‍സൈന്‍ പ്രധാനമന്ത്രി അനാഛാദനം ചെയ്യും.

കപ്പലിന്റെ ഫ്ലൈറ്റ് ഡെക്കില്‍ എത്തുന്ന പ്രധാനമന്ത്രി സൈനികരുടെ സല്യൂട്ട് സ്വീകരിക്കും. ഇതിനു ശേഷം കപ്പലിന്റെ മുന്‍ഡെക്കില്‍ ദേശീയപതാകയും പിന്‍ഡെക്കില്‍ പുതിയ നേവല്‍ എന്‍സൈനും ഉയര്‍ത്തും. കമ്മിഷനിങ് പ്ലേറ്റും അനാഛാദനം ചെയ്യും. 20 യുദ്ധവിമാനങ്ങളും 10 ഹെലികോപ്റ്ററുകളും ഉള്‍പ്പെടെ 30 വിമാനങ്ങള്‍ ഒരേസമയം സൂക്ഷിക്കാനും അറ്റകുറ്റപ്പണി നടത്താനുമുള്ള സൗകര്യം കപ്പലിലുണ്ട്. യുദ്ധവിമാനങ്ങള്‍ പറന്നുയരാന്‍ 2 റണ്‍വേകളും ഇറങ്ങാന്‍ ഒരെണ്ണവുമുണ്ട്. 23,500 കോടി രൂപയാണു നിര്‍മ്മാണച്ചെലവ്.

സമുദ്രയുദ്ധ രംഗത്ത് ഏഷ്യയില്‍ ഇന്ത്യയെ വെല്ലാന്‍ മറ്റൊരു ശക്തിയും ഇനിയുണ്ടാകില്ല. ചൈനയെയും കടത്തിവെട്ടുന്ന വിധത്തിലാണ് നാവിക സേനാ രംഗത്തെ ഇന്ത്യന്‍ മുന്നേറ്റം. ലോകരാജ്യങ്ങളെ അസൂയപ്പെടുത്തും വിധത്തിലുള്ള നേട്ടമാണ് ഇന്ത്യ ഇപ്പോള്‍ കൈവരിക്കുന്നതും. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി ഐഎന്‍എസ് വിക്രാന്ത് ഇതിന് തെളിവാണ്. കപ്പല്‍ കമ്മിഷന്‍ ചെയ്തു കഴിഞ്ഞ ശേഷമാകും യുദ്ധവിമാനങ്ങള്‍ ലാന്‍ഡ് ചെയ്തും പറന്നുയര്‍ന്നുമുള്ള പരീക്ഷണങ്ങള്‍ നടക്കുക.

കടലില്‍ ഒഴുകുന്ന ചെറുനഗരമാണു വിക്രാന്ത്. കപ്പലിന്റെ ഫ്ളൈറ്റ് ഡെക്കിനു മാത്രം രണ്ടു ഫുട്ബോള്‍ ഗ്രൗണ്ടിനു തുല്യമായ വലുപ്പം. 262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയും 59 മീറ്റര്‍ ഉയരവും കപ്പലിനുണ്ട്. 15 ഡെക്കുകളാണു കപ്പലില്‍. 40,000 ടണ്‍ ആണു ഭാരവാഹക ശേഷി. 1700 പേരുള്ള വരുന്ന ക്രൂവിനായി രൂപകല്‍പന ചെയ്ത കംപാര്‍ട്മെന്റുകളില്‍ വനിതാ ഓഫിസര്‍മാര്‍ക്കു വേണ്ടി പ്രത്യേക ക്യാബിനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരേസമയം 10 ഹെലികോപ്റ്ററുകളെയും 20 യുദ്ധവിമാനങ്ങളെയും വഹിക്കാന്‍ കഴിയുന്ന വിക്രാന്തിന്റെ പരമാവധി വേഗം മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈലാണ്. 3 റണ്‍വേകളുണ്ട്.

2009 ഫെബ്രവരിയില്‍ കീലിട്ട കപ്പല്‍ 2018ല്‍ പൂര്‍ത്തിയാവേണ്ടതായിരുന്നു. പല കാരണങ്ങളാല്‍ നിര്‍മ്മാണം നീളുകയായിരുന്നു. 2013ലായിരുന്നു നീറ്റിലിറക്കിയത്. 2002ലാണു വിമാന വാഹിനിക്കപ്പല്‍ നിര്‍മ്മാണ പദ്ധതിക്കു കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയത്. റഷ്യന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മ്മിച്ച കപ്പലിന് മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈല്‍ മൈല്‍ വേഗതയും 18 മൈല്‍ ക്രൂയിസിങ് വേഗതയും 7,500 മൈല്‍ ദൂരം പോകുവാനുള്ള ശേഷിയുമുണ്ട്. കപ്പല്‍ നിര്‍മ്മാണത്തിന് 20,000 ടണ്‍ ഉരുക്കാണ് ആവശ്യമായി വന്നത്. ഇതു മുഴുവനായും ഇന്ത്യയിലാണ് ഉല്‍പ്പാദിപ്പിച്ചത്. യന്ത്രഭാഗങ്ങളുടെ 70 ശതമാനവും മറ്റ് ഉപകരണങ്ങളുടെ 80 ശതമാനവും നിര്‍മ്മിച്ചതും തദ്ദേശീയമായി തന്നെ.

ബെംഗളുരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്‌ട്രിക്കല്‍ ലിമിറ്റഡ് (ബിഎച്ച്‌ഇഎല്‍) ആണ് കപ്പലിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സംവിധാനം (ഐ.പി.എം.എസ്.) ഒരുക്കുന്നത്. 14 ഡക്കുകളാണ് കപ്പലിനുള്ളത്. ഇവയിലായി ഫ്ളൈറ്റ് ഡെക്കിനു മുകളിലായി സൂപ്പര്‍ സ്ട്രക്ചറിലായി അഞ്ചും താഴെയായി ഒന്‍പതും ഡെക്കുകള്‍. വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹാങ്ങര്‍ ആണ് ഒരു ഡെക്ക്. ഇതില്‍ ഒരേ സമയം 20 വിമാനം സൂക്ഷിക്കാം. ഹാങ്ങറില്‍നിന്ന് ലിഫ്റ്റ് വഴിയാണ് വിമാനങ്ങള്‍ ഫ്ളെറ്റ് ഡെക്കിലെത്തിക്കുക.

മൊത്തം ഡെക്കുകളിലായി 2300 കമ്ബാര്‍ട്ട്മെന്റുകളാണുള്ളത്. ഇതില്‍ 1850 എണ്ണം നാവികരുടെ താമസത്തിനും ഓഫിസ് ആവശ്യത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. വനിതാ ഓഫീസര്‍മാര്‍ക്ക് വേണ്ടി പ്രത്യേക ക്യാബിനുകളുണ്ട്. ഇവ കഴിഞ്ഞുള്ള ക്യാബിനുകളിലാണ് യുദ്ധോപകരണങ്ങളും മറ്റും സൂക്ഷിക്കുക. കപ്പലിലാകെ ഉപയോഗിച്ചിരിക്കുന്നത് 2100 കിലോ മീറ്റര്‍ കേബിള്‍.

ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് 1971 ലെ യുദ്ധത്തില്‍ പാക്കിസ്ഥാന്‍ നാവികസേനയുടെ നീക്കം ബംഗാള്‍ ഉള്‍ക്കടലില്‍ ചെറുത്തതിലൂടെ ഇന്ത്യന്‍ നാവിക ചരിത്രത്തില്‍ ഗംഭീര ഏടാണ് എഴുതിച്ചേര്‍ത്തത്. 1957ല്‍ ബ്രിട്ടനില്‍നിന്നു വാങ്ങിയ എച്ച്‌എംഎസ് ഹെര്‍ക്കുലിസ് എന്ന വിമാന വാഹിനിക്കപ്പല്‍ 1961ലാണ് ഐഎന്‍എസ് വിക്രാന്ത് എന്ന പേരില്‍ കമ്മിഷന്‍ ചെയ്തത്.

1997 ജനുവരി 31നു ഡീകമ്മിഷന്‍ ചെയ്തു. 2012 വരെ മുംബൈയില്‍ നാവിക മ്യൂസിയമായി സൂക്ഷിച്ച ഈ കപ്പല്‍ 2014ല്‍ ലേലത്തില്‍ വിറ്റു. തുടര്‍ന്ന് സുപ്രീം കോടതി അനുമതി നല്‍കിയതോടെ പൊളിക്കുകയായിരുന്നു. ഈ കപ്പലിനു പകരമായാണ് ഐഎസി 1 വരുന്നത്. 210 മീറ്റര്‍ നീളവും 39 മീറ്റര്‍ വീതിയുമുണ്ടായിരുന്ന പഴയ ഐഎന്‍എസ് വിക്രാന്തിന് 25 നോട്ടിക്കല്‍ മൈലായിരുന്നു വേഗം. ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെട 21-23 വിമാനങ്ങളെ വഹിക്കാനുള്ള ശേഷിയുണ്ടായിരുന്നു.

ബ്രിട്ടീഷ് റോയല്‍ നേവിയുടെ ഭാഗമായിരുന്ന എച്ച്‌എംഎസ് ഹെര്‍മസ് വിമാനവാഹിനിക്കപ്പലാണ് ഐഎന്‍എസ് വിരാട് ആയി ഇന്ത്യന്‍ സേനയില്‍ അവതരിച്ചത്. 1959ല്‍ നിര്‍മ്മിച്ച കപ്പല്‍ 1984ല്‍ ബ്രിട്ടന്‍ ഡികമ്മിഷന്‍ ചെയ്ത്, 1987ല്‍ ഇന്ത്യയ്ക്കു വില്‍ക്കുകയായിരുന്നു. തുടര്‍ന്ന് 30 വര്‍ഷത്തോളം ഐഎന്‍എസ് വിരാടായി ഇന്ത്യന്‍ സേനയുടെ ഭാഗമായ കപ്പലിന്റ അവസാന യാത്ര 2016 ജൂലൈ 23ന് മുംബൈയില്‍നിന്ന് കൊച്ചിയിലേക്കായിരുന്നു. 2017 മാര്‍ച്ച്‌ ആറിന് ഡീകമ്മിഷന്‍ ചെയ്തു. തുടര്‍ന്ന് വിറ്റ കപ്പല്‍ പൊളിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

80 ലക്ഷം നേടിയ ഭാഗ്യവാനാര്? ; കാരുണ്യ KR 651 ലോട്ടറി ഫലം

0
കേരള ഭാഗ്യക്കുറി വകുപ്പ് കാരുണ്യ KR 651 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു....

ഇളകൊള്ളൂർ അതിരാത്രം : സവിശേഷതകളേറെ

0
പത്തനംതിട്ട : ഏപ്രിൽ 27 മുതൽ ആരംഭിച്ച ഇളകൊള്ളൂർ അതിരാത്രം നിരവധി...

സുഗമവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കി വെബ് കാസ്റ്റിംഗ് സംവിധാനം ; ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : സുഗമവും സുതാര്യവുമായ തെരഞ്ഞെടുപ്പ് അനുഭവം ഉറപ്പാക്കുന്നതിന് വെബ് കാസ്റ്റിംഗ്...

പത്തനംതിട്ട മണ്ഡലത്തില്‍ കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്തി സ്ത്രീകള്‍…

0
പത്തനംതിട്ട : മണ്ഡലത്തില്‍ കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയത് സ്ത്രീ വോട്ടര്‍മാര്‍. മണ്ഡലത്തിലെ...