കൊച്ചി : കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ മലയാളം അസി. പ്രഫസറായി എം.ബി. രാജേഷിന്റെ ഭാര്യ ആര്‍.നിനിതയ്ക്കു നിയമനം ലഭിച്ചതിലെ വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടപെടും. റാങ്ക് പട്ടികയില്‍ അട്ടിമറി നടന്നതില്‍ ഇന്റര്‍വ്യൂ ബോര്‍ഡിലെ മറ്റു രണ്ടു സബ്ജക്ട് എക്സ്പര്‍ട്ടുമാര്‍ കൂടി പ്രതിഷേധം അറിയിച്ച സാഹചര്യത്തിലാണ് ഇത്.
മലയാള സര്‍വകലാശാലയിലെ ഡോ. ടി. പവിത്രന്‍, ഡോ. കെ.എം. ഭരതന്‍ എന്നിവരാണ് വിസിക്ക് ഇമെയില്‍ അയച്ചത്. ആദ്യം ആരോപണം ഉന്നയിച്ച ഡോ. ഉമര്‍ തറമേലിന്റെ അഭിപ്രായം തന്നെയാണു തങ്ങള്‍ക്കുമെന്ന് ഇരുവരും വ്യക്തമാക്കി. ഗവര്‍ണര്‍ക്കു പരാതി നല്‍കാനാണ് പട്ടികയില്‍ തൊട്ടടുത്തുള്ള ഉദ്യോഗാര്‍ഥികളുടെ തീരുമാനം. ഇതോടെയാണ് ഗവര്‍ണ്ണറുടെ പരിശോധനയിലേക്ക് കാര്യങ്ങളെത്തുന്നത്. കാലടി സര്‍വ്വകലാശാലയിലെ ജോലി ലഭിച്ചെങ്കിലും അവിടെ ജോയിന്‍ ചെയ്യുന്ന കാര്യത്തില്‍ താന്‍ തീരുമാനിച്ചിരുന്നില്ലെന്ന് എംബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയും അറിയിച്ചു.
ബോധപൂര്‍വ്വം തന്നെ ജോലിയില്‍ നിന്നും നീക്കാന്‍ ചില കോണുകളില്‍ നിന്നും ശ്രമമുണ്ടായെന്നും അതേ തുടര്‍ന്നാണ് ജോലിക്ക് ചേരാന്‍ തീരുമാനിച്ചതെന്നും അവര്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ നിയമന വിവാദം ഉണ്ടാകില്ല. റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരിക്ക് ജോലി കിട്ടും. മക്കളെ ജാതിയും മതവും ചേര്‍ക്കാതെയാണ് രാജേഷ് സ്‌കൂളില്‍ ചേര്‍ത്തത്. ഇതിന് വലിയ വാര്‍ത്താ പ്രാധാന്യവും കിട്ടി. ഇതിനെ ഭാര്യയും പിന്തുണച്ചിരുന്നു. എന്നാല്‍ കാലടി സര്‍വ്വകലാശാലയില്‍ മുസ്ലിം സംവരണത്തിലാണ് നിനിത ജോലിക്ക് അപേക്ഷിച്ചത്. ഇത് പാര്‍ട്ടിക്കും തീരാ തലവേദനയായി.
മതമില്ലെന്ന് പറയുന്ന നേതാവിന്റെ കുടുംബത്തിനെതിരായ ആരോപണം പാര്‍ട്ടിയേയും പ്രതിക്കൂട്ടിലാക്കി. ഇക്കാര്യത്തില്‍ അന്വേഷണം എത്തിയാല്‍ പ്രശ്നമുണ്ടാകും. ഈ സാഹചര്യത്തിലാണ് തനിക്ക് ജോലി വേണ്ടെന്ന് നിനിത വ്യക്തമാക്കുന്നത്. ഇന്റര്‍വ്യൂ ബോര്‍ഡിലെ മൂന്ന് പേര്‍ എതിര്‍പ്പുമായി രംഗത്തു വന്നതാണ് ഇതിന് കാരണം. റാങ്ക് പട്ടികയെ ശീര്‍ഷാസനം ചെയ്തുവെന്ന ഗുരുതരമായ ആരോപണം നേരത്തെ ഡോ മര്‍ തറമേല്‍ ഉന്നയിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ജോലി വേണ്ടെന്ന് നിനിത കണിച്ചേരിയും വിശദീകരിക്കുന്നത്. നിലവിലെ വിവാദങ്ങളുടെ സത്യാവസ്ഥ അറിയാതെ ഞാന്‍ ഈ ജോലിക്ക് ചേരുന്നില്ല. ഈ വിവാദങ്ങളുടെയൊന്നും അന്തിമ ലക്ഷ്യം ഞാനല്ല എന്നെനിക്കറിയാം. എന്നാല്‍ എന്നെക്കൂടി ബാധിക്കുന്നതാണ് ഈ വിഷയങ്ങളെല്ലാം. വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് എനിക്കെതിരെ ഉയരുന്നത്. യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ഈ ജോലിക്ക് ചേരണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഞാന്‍ ആശയക്കുഴപ്പത്തിലായിരുന്നു. ഈ ഘട്ടത്തിലാണ് എന്നെ ജോലിയില്‍നിന്നും ഒഴിവാക്കാനുള്ള ശ്രമം ചില കോണുകളില്‍ നിന്നുണ്ടായത്. അതോടെയാണ് ജോലിക്ക് ജോയിന്‍ ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചത്.
വാര്‍ത്തയോടൊപ്പം വന്ന ദൃശ്യങ്ങളില്‍ ഏഴ് കൊല്ലം മുമ്പുള്ള പിഎസ്സി റാങ്ക് ലിസ്റ്റിന്റെ ചിത്രങ്ങളുണ്ട്. ഇപ്പോഴത്തെ പരീക്ഷയില്‍ എനിക്ക് തൊട്ടുതാഴെ റാങ്ക് ലിസ്റ്റില്‍ വന്നു എന്നു പറയുന്നവരുടെ പേര് ഈ റാങ്ക് ലിസ്റ്റില്‍ എവിടെയെങ്കിലുമുണ്ടോ എന്ന് കാണിക്കണം. സര്‍വകലാശാലാ നിയമനവുമായി ഈ റാങ്ക് ലിസ്റ്റിന് ഒരു ബന്ധവുമില്ല. ഇതില്‍ ഞാനാരേക്കാളും മുന്നില്‍ എന്ന് അവകാശപ്പെടുന്നില്ല. പക്ഷേ നിലവിലെ വിവാദങ്ങളെക്കുറിച്ച് സര്‍വകലാശാലയോട് ഞാന്‍ തന്നെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതാണ്. പിഎസ്.സി പരീക്ഷയില്‍ എനിക്ക് 212-ാം റാങ്കായിരുന്നു എന്നു കാണിക്കുന്നത് തെറ്റാണെന്നും നിനിത പറയുന്നു.
അതിനിടെ നിയമന വിവാദത്തില്‍ അവ്യക്ത നീക്കണമെന്ന് ആവശ്യപ്പെട്ട് നിനിത കണിച്ചേരി യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്ക് കത്ത് അയയ്ക്കുകയും ചെയ്തു. ഫെബ്രുവരി 1ന് ആണ് രജിസ്ട്രാര്‍ക്ക് നിനിത കത്തയച്ചത്. ജനുവരി 31ന് സെലക്ഷന്‍ കമ്മിറ്റിയിലുള്ള മൂന്നു ആളുകളുടെ പേരിലുള്ള കത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചെന്നും ഇതിന്റെ അവ്യക്തത നീക്കിയതിന് ശേഷം മാത്രം തന്നെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നും നിനിത രജിസ്ട്രാര്‍ക്ക് അയച്ച പരാതിയില്‍ പറയുന്നു. പിന്നീട് ജോലിക്കില്ലെന്ന നിലപാടും എടുത്തു.
ജനുവരി 31ന് രാത്രി 11നാണ് സെലക്ഷന്‍ കമ്മറ്റിയിലെ ചിലരുടെ കത്ത് സമൂഹ മാധ്യമങ്ങളിലൂടെ തനിക്ക് ലഭിച്ചത്. ഇപ്പോള്‍ തനിക്കെതിരെ കൊടുത്ത പരാതിയുടെ പകര്‍പ്പും അന്ന് തന്നെ ലഭിച്ചിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച കത്തിന്റെ ഉള്ളടക്കം മനോവേദനയുണ്ടാക്കി. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാണ് നിനിത കണിച്ചേരി ആവശ്യപ്പെടുന്നത്. ജോലിയില്‍ പ്രവേശിക്കുന്നത് ആലോചിച്ച ശേഷം മാത്രമേ ചെയ്യാവൂ എന്ന് കാണിച്ച് ചില ഫോണ്‍ കോളുകള്‍ എം ബി രാജേഷിന് വന്നിരുന്നെന്ന് അദ്ദേഹത്തോട് അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നു. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ തീരുമാനം.
റാങ്ക് ലിസ്റ്റ് തന്നെ തലകുത്തി മറിഞ്ഞു പോയ അനുഭവം ഇതാദ്യമായിട്ടാണെന്നും ഇനി മേല്‍ സബ്ജക്ട് എക്‌സ്പര്‍ട്ടായി നിയമനപ്രക്രിയകളില്‍ പങ്കെടുക്കാനില്ലെന്നുമായിരുന്നു ഡോ. ഉമര്‍ തറമേല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നിനിതയേക്കാള്‍ യോഗ്യതയുള്ളവരുണ്ടായിട്ടും അവരെയെല്ലാം തഴഞ്ഞാണ് നിനിതയ്ക്ക് നിയമനം നല്‍കിയതെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ജാതിയും മതവും ഒന്നും ഇല്ലന്നു പറയുന്ന യുവ നേതാവിന്റെ ഭാര്യക്ക് നിയമനം കിട്ടിയത് മുസ്ലിം കോട്ടയിലാണെന്നതും വൈരുദ്ധ്യമാണെന്ന് ആരോപണം ശക്തമായിരുന്നു. സര്‍വകലാശാലയിലെ സീനിയര്‍ പ്രൊഫസര്‍മാരുള്‍പ്പെട്ട ഇന്റര്‍വ്യൂ ബോര്‍ഡ് യോഗ്യതകളുടെ അടിസ്ഥാനത്തില്‍ മറ്റൊരു ഉദ്യോഗാര്‍ഥിനിക്കായിരുന്നു ഒന്നാം റാങ്ക് ശുപാര്‍ശ ചെയ്തതെന്നും എന്നാല്‍ ബാഹ്യസമ്മര്‍ദത്തിന്റെ പേരില്‍ അവരെ രണ്ടാം സ്ഥാനത്തേക്ക് തഴഞ്ഞാണ് എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് നിയമനം നല്‍കിയതെന്നും ഈ നിയമന തിരിമറിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ് ശശികുമാറും സെക്രട്ടറി എം.ഷാജിര്‍ഖാനും ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
സംസ്‌കൃത സര്‍വ്വകലാശാലാ മലയാള വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (മുസ്ലിം സംവരണം) തസ്തികയിലേക്ക് ജനുവരി 21ന് ഇന്റര്‍വ്യു നടന്നു. 2019 ഓഗസ്റ്റ് 31ന് പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരില്‍ നിന്നാണ് യോഗ്യതയുള്ള ആളെ കണ്ടെത്തിയത്. ഒന്നാം റാങ്ക് കിട്ടിയത് നിനിതക്കാണ്. രണ്ടാം റാങ്ക് ഹസീന കെ പി എയ്ക്കും മൂന്നാം റാങ്ക് ഹിക്മത്തുള്ള വിക്കുമാണ്.
































