തിരുവനന്തപുരം : തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ തുറന്നു. കരമനയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്ന് മുന്നറിയിപ്പുണ്ട്.
വരുന്ന മൂന്നുമണിക്കൂര്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്.
മഴയെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കരിപ്പൂര്‍, നെടുമങ്ങാട് ഭാഗങ്ങളില്‍ വീടുകളിലും കോവളത്ത് വെങ്ങാനൂര്‍ ഭാഗങ്ങളില്‍ കൃഷിയിടങ്ങളിലും വെള്ളം കയറി. നെയ്യാര്‍ ഡാമിലെ ഫിഷറീസ് അക്വേറിയം വെള്ളത്തില്‍ മുങ്ങി. മധ്യകേരളത്തില്‍ വ്യാഴാഴ്ച രാത്രിമുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വരെ അതിശക്തമായ മഴയായിരുന്നു.
കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി വി.എസ് സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ മീറ്റിങ് നടന്നു. നഗരത്തില്‍ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതി സജീവമായി നടക്കുന്നുണ്ട്. മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. ഉത്തരകേരളത്തില്‍ സാമാന്യം തെളിഞ്ഞ കാലാവസ്ഥയാണ്. എന്നാല്‍ ജാഗ്രതാ നിര്‍ദേശം തുടരുന്നു. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുത് എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.































