തിരുവനന്തപുരം: കെ.എന്‍ ബാലഗോപാല്‍ സാമ്പത്തിക വിദഗ്ധനൊന്നുമല്ല. പക്ഷേ സാമ്പത്തികത്തിലെ സാധാരണക്കാരന്റെ ചിന്തകള്‍ അറിയാവുന്ന സാമ്പത്തിക വിചിന്തകന്‍. കേരളം ജിഎസ്ടിയെ പിന്തുണച്ചത് തോമസ് ഐസകിന്റെ വാക്കു കേട്ടാണ്. എന്നാല്‍ ബാലഗോപാലിന് മറ്റൊരു ചിന്തയാണുണ്ടായിരുന്നത്. ജി എസ് ടി നടപ്പിലായി വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ബാലഗോപാലാണ് ശരിയെന്ന് സിപിഎം തിരിച്ചറിഞ്ഞു. ഇതിനുള്ള അംഗീകാരമാണ് ബാലഗോപാലിനുള്ള ധനമന്ത്രി സ്ഥാനം. വിദ്യാഭ്യാസ ശേഷം ലഭിച്ച പൊതുമേഖലാ ബാങ്കിലെ ജോലി ഉപേക്ഷിച്ച് മുഴുവന്‍സമയ പൊതുപ്രവര്‍ത്തകനായ കെ എന്‍ ബാലഗോപാല്‍ ഇനി ധനമന്ത്രി. എം.കോം, എല്‍ എല്‍ എം ബിരുദധാരിയാണ് ബാലഗോപാല്‍.
വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയോഗിച്ചത് ബാലഗോപാലിനെയായിരുന്നു. പിണറായി വിജയന്റെ അതിവിശ്വസ്തനായ നേതാവായിരുന്നു എന്നും ബാലഗോപാല്‍. എന്‍ എസ് എസുമായി ചേര്‍ന്നു നില്‍ക്കുന്ന കുടുംബ പശ്ചാത്തലവും ബാലഗോപാലിനുണ്ട്. എന്‍ എസ് എസിനെ സര്‍ക്കാരുമായി അടുപ്പിക്കുകയെന്ന ദൗത്യവും ബാലഗോപാലിന് ഏറ്റെടുക്കേണ്ടി വരും. അങ്ങനെ പിണറായി മന്ത്രിസഭയിലെ താക്കോല്‍ സ്ഥാനം ബാലഗോപാല്‍ സ്വന്തമാക്കുകയാണ്.
പി രാജീവിനേയും ധനവകുപ്പിലേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ തന്റെ പിന്‍ഗാമി രാജീവനായിരിക്കുമെന്ന് പരോക്ഷ സൂചനകളുമായി ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് തന്നെ സംസാരിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് വ്യവസായത്തിലേക്ക് രാജീവിനെ തട്ടുന്നത്. തോമസ് ഐസക്ക് തന്റെ പിന്‍ഗാമിയി കണ്ട വ്യക്തിയെ ധനവകുപ്പില്‍ നിന്ന് ഒഴിവാക്കുന്നുവെന്ന് സാരം. ജി എസ് ടിയിലെ ഐസക്കിന്റെ വിമര്‍ശകന് അതിന്റെ ഗുണവും ലഭിക്കുന്നു. അടിസ്ഥാന സത്തയായ ഫെഡറലിസത്തിന് നേരെ ജി എസ് ടി ഗുരുതരമായ ഭീഷണിയുയര്‍ത്തുന്നു എന്ന് വാദിച്ച ബാലാഗോപാല്‍ ഐസകിന്റെ പിന്‍ഗാമിയാകുന്നു.
ചരക്കുസേവന നികുതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ ബാലഗോപാല്‍ വിയോജിപ്പ് ഉയര്‍ത്തി. സംസ്ഥാനങ്ങളുടെ നികുതി പിരിക്കാനുള്ള അവകാശത്തിന്മേല്‍ കൈ കടത്താനുള്ള കേന്ദ്ര ഗവണ്‍മെന്റ് നീക്കത്തിനെതിരായ അദ്ദേഹത്തിന്റെ ശക്തമായ വാദങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ വരെ വലിയ വാര്‍ത്തയാക്കി. എന്നാല്‍ ഇതൊന്നും ഐസക്ക് ആദ്യം അംഗീകരിച്ചില്ല. പിന്നീട് ബാലഗോപാലായിരുന്നു ശരിയെന്ന് സമ്മതിക്കേണ്ട അവസ്ഥയും വന്നു.
ജി എസ് ടി ബില്‍ അവതരിപ്പിച്ചപ്പോള്‍ ബാലഗോപാല്‍ ഉയര്‍ത്തിയത് ഈ വാദങ്ങളായിരുന്നു. ഏകീകൃത ചരക്ക്, സേവന നികുതി സംവിധാനം കൊണ്ടുവരാനുള്ള ഭരണഘടന ഭേദഗതി ബില്ലിനുള്ള ശ്രമങ്ങള്‍ ഒരു ദശാബ്ദത്തോളമായി നടന്നുവരികയായിരുന്നു. ചില കോര്‍പ്പറേറ്റുകള്‍, കേന്ദ്രം, ചില സംസ്ഥാന സര്‍ക്കാരുകള്‍, ചില രാഷ്ട്രീയ കക്ഷികള്‍, ചില മാധ്യമ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഈ ബില്ലിനു കലവറ ഇല്ലാത്ത പിന്തുണയാണ് നല്‍കിയത്. ഇതിനെ വളര്‍ച്ചയുടെയും വികസനത്തിന്റെയും ഒറ്റമൂലിയായി ഇവര്‍ കരുതുന്നു. ബില്‍ പാര്‍ലമെന്റില്‍ അംഗീകരിക്കാത്തതിനു ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയും ചെയ്തു. പക്ഷേ ഇവരെല്ലാം സൗകര്യപൂര്‍വം വിസ്മരിക്കുന്ന ഒരു കാര്യമുണ്ട്, എന്തുകൊണ്ടാണ് ബില്‍ ഇത്രയും കാലം നീണ്ടുപോയത്? നമ്മുടെ അടിസ്ഥാന സത്തയായ ഫെഡറലിസത്തിന് നേരെ ഈ ബില്‍ ഗുരുതരമായ ഭീഷണിയുയര്‍ത്തുന്നു എന്നതുകൊണ്ടാണത് എന്നതായിരുന്നു ബാലഗോപാലിന്റെ നിലപാട്.
കേരളത്തിലെ സാഹചര്യം തമിഴ്‌നാട്, അസം, പശ്ചിമ ബംഗാള്‍ എന്നിവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ഓരോ സംസ്ഥാനത്തിനും തങ്ങളുടേതായ നികുതി തീരുമാനങ്ങള്‍ എടുക്കാന്‍ അവയുടേതായ സാമൂഹ്യസാമ്പത്തിക രാഷ്ട്രീയ കാരണങ്ങളുമുണ്ടാകും. പതിറ്റാണ്ടുകളായി രാജ്യത്തെ തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടിട്ടും രാജ്യത്താകെ ഒരു ഏകീകൃത കുറഞ്ഞ വേതനം നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പക്ഷേ തങ്ങളുടെ കോര്‍പ്പറേറ്റ് യജമാനമാരെ തൃപ്തിപ്പെടുത്താന്‍ ബിജെപിയും കോണ്‍ഗ്രസും ബില്‍ നിയമമാക്കാന്‍ ഒറ്റക്കെട്ടായി നിന്നു- ഈ വാദങ്ങള്‍ കാലം കഴിയുമ്പോള്‍ ശരിയാണെന്ന് തെളിഞ്ഞതായി സിപിഎം വിലയിരുത്തുന്നു.
മന്ത്രിയായി ബാലഗോപാലിനെ സിപിഐ എം സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചപ്പോള്‍ മലയാളികളുടെ മനസില്‍ തെളിഞ്ഞത് പലതവണ ജയില്‍വാസവും പോലീസ് മര്‍ദനവും ഏറ്റുവാങ്ങിയ പഴയ വിദ്യാര്‍ത്ഥി നേതാവിനെയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെ ബാലഗോപാലിന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ വടക്കേ അറ്റം മുതല്‍ തിരുവനന്തപുരം വരെ നടന്ന കാല്‍നടജാഥയും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് ഇങ്ങനെ കാല്‍നട ജാഥ നയിച്ച ആദ്യത്തെ വിദ്യാര്‍ത്ഥി ജാഥയുടെ ക്യാപ്റ്റനാണ് ബാലഗോപാല്‍.
പത്തനാപുരം കലഞ്ഞൂര്‍ ശ്രീനികേതനില്‍ പരേതരായ പി. കെ. നാരായണപ്പണിക്കരുടെയും ഒ.വി.രാധാമണി അമ്മയുടെയും മകന്‍. എം. കോം, എല്‍ എല്‍ എം ബിരുദധാരി. ഭാര്യ: കോളജ് അദ്ധ്യാപികയായ ആശാ പ്രഭാകരന്‍. മക്കള്‍: വിദ്യാര്‍ത്ഥികളായ കല്യാണി, ശ്രീഹരി. പുനലൂര്‍ എസ് എന്‍ കോളേജ് യൂണിയന്‍ മാഗസിന്‍ എഡിറ്ററ്റായാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയ രംഗത്ത് തുടക്കം. പുനലൂര്‍ എസ് എന്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍, എസ്.എഫ്.ഐ പുനലൂര്‍ ഏരിയ പ്രസിഡന്റ്, തിരുവനന്തപുരം എം.ജി കോളേജ് യൂണിയന്‍ ചെയര്‍മാന്‍, എസ്‌എഫ്‌ഐ കൊല്ലം ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് തുടങ്ങിയ ചുമതലകളിലും പ്രവര്‍ത്തിച്ചു.
സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന വിധത്തില്‍ വലിയ ഇടപെടലുകള്‍ നടത്തി. ജില്ല നേരിടുന്ന കടുത്ത വരള്‍ച്ചയെ നേരിടാന്‍ ആവിഷ്‌കരിച്ച മഴക്കൊയ്ത്ത് പദ്ധതി വന്‍വിജയമായി. 2010 മുതല്‍ 16 വരെയാണ് കെ എന്‍ ബാലഗോപാല്‍ രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചത്. 2016 ഇന്ത്യയിലെ ഏറ്റവും മികച്ച രാജ്യസഭാംഗത്തിനുള്ള സന്‍സദ് രത്‌ന പുരസ്‌കാരം ലഭിച്ചു. ശ്രദ്ധേയമായ നിരവധി ഇടപെടലുകളാണ് ഇക്കാലത്ത് പാര്‍ലമെന്റിനകത്തും പുറത്തും അദ്ദേഹം നടത്തിയത്. ഇതെല്ലാം ധനമന്ത്രി പദത്തിലൂടെ അംഗീകരിക്കപ്പെടുന്നു.