കോന്നി : കോന്നി ഇനിമുതൽ ക്യാമറ നിരീക്ഷണത്തിലാകും. ജനുവരി ഇരുപത്തിയാറ് മുതലാണ് കോന്നി നഗരം ക്യാമറ നിരീക്ഷണത്തിന്റെ പരിധിയിൽ വരുക. കോന്നി പോലീസിന്റെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടേയും വ്യാപാരി വ്യവസായി സമിതിയുടെയും സഹകരണത്തോടെയാണ് കോന്നിയുടെ സുപ്രധാന കേന്ദ്രങ്ങൾ ക്യാമറ നിരീക്ഷണത്തിലാക്കുന്നത്. ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള തൂണുകളുടെ കാൽനാട്ട് കർമ്മം കോന്നി സെൻട്രൽ ജംഗ്ഷനിൽ കോന്നി സി ഐ എസ് അഷാദ് നിർവ്വഹിച്ചു. കോന്നി ചൈനാമുക്ക് മുതൽ പ്രൈവറ്റ് ബസ്റ്റാന്റ് വരെയുള്ള പതിനഞ്ച് കേന്ദ്രങ്ങളിലായാണ് ഏറ്റവും നൂതനമായ ക്യാമറകൾ സ്ഥാപിക്കുന്നത്.
വാഹനാപകടങ്ങൾ, അക്രമങ്ങൾ, മോഷണങ്ങൾ എന്നിവ തടയുന്നതിനും ഇതുമായി ബന്ധപ്പെട്ട കുറ്റക്കാരെ കണ്ടെത്തുന്നതിനുമാണ് ക്യാമറ സ്ഥാപിക്കുന്നതെന്ന് പോലീസ് പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ അനിൽ നെപ്റ്റൂൺ, സന്തോഷ് മാത്യു, ജോർജ്ജ് മാത്യു, വ്യാപാരി വ്യവസായി സമിതി നേതാക്കളായ രാജഗോപാൽ, ഷിജു, രാമചന്ദ്രൻ, എസ് ഐ ബിനു തുടങ്ങിയവർ സംസാരിച്ചു.