പീരുമേട് പോബ്സ് എസ്റ്റേറ്റുകളിലെ ലോക്കൗട്ട് പിൻവലിച്ചു – ഡിസംബർ 3 മുതൽ തോട്ടങ്ങൾ തുറക്കും
പീരുമേട് : പീരുമേട് താലൂക്കിൽ പോബ്സ് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഏഴ് തോട്ടങ്ങളിലെ തൊഴിൽ പ്രശ്നങ്ങൾക്ക് പരിഹാരമായി. പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസിന്റെ സാന്നിധ്യത്തിൽ കോട്ടയം ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻസിന്റെ കാര്യാലയത്തിൽ ചേർന്ന അനുരഞ്ജന ചർച്ചയിലാണ് തർക്കവിഷയങ്ങൾ ഒത്തുതീർപ്പിലായത്. ഇതോടെ തോട്ടങ്ങളിൽ നിലനിന്നിരുന്ന ലോക്കൗട്ട് പിൻവലിക്കാനും ഡിസംബർ മൂന്ന് മുതൽ തോട്ടങ്ങൾ പൂർണ്ണതോതിൽ തുറന്ന് പ്രവർത്തിപ്പിക്കാനും തീരുമാനമായി. ഒത്തുതീർപ്പ് വ്യവസ്ഥകൾ പ്രകാരം തൊഴിലാളികൾക്ക് നൽകാനുള്ള 2025 ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ കുടിശ്ശിക വേതനം 2026 ഡിസംബർ രണ്ടിന് മുമ്പായി വിതരണം ചെയ്യും. കുടിശ്ശിക നൽകുന്നതിന്റെ തൊട്ടടുത്ത ദിവസം മുതൽ തോട്ടങ്ങളുടെ പ്രവർത്തനം പൂർണതോതിൽ പുനരാരംഭിക്കും. തോട്ടം തുറക്കുന്ന തീയതി മുതൽ വേതനം കൃത്യമായി നൽകുമെന്നും കുടിശ്ശിക അതത് മാസത്തെ വേതനത്തോടൊപ്പം വിതരണം ചെയ്യുമെന്നും മാനേജ്‌മെന്റ് ഉറപ്പുനൽകിയിട്ടുണ്ട്. 2025-26 സാമ്പത്തിക വർഷത്തെ ബോണസ് ഡിസംബറിൽ ക്രിസ്മസിന് മുമ്പായി നൽകാനും തീരുമാനമായി. ബാക്കിയുള്ള കുടിശ്ശിക വേതനം സംബന്ധിച്ച തുടർചർച്ചകൾ 2027 ഫെബ്രുവരി ആദ്യവാരം നടക്കും. തോട്ടം തുറന്ന് പ്രവർത്തിക്കുമ്പോൾ ആവശ്യമായ തൊഴിലാളികളെ പൂർണമായി ജോലിക്ക് എത്തിക്കാമെന്ന് യൂണിയനുകൾ സമ്മതിച്ചു.
തൊഴിലാളികളുടെ കുറവുണ്ടായാൽ പകരം ആളുകളെ നിയമിക്കാൻ മാനേജ്‌മെന്റിന് അനുമതിയുണ്ടായിരിക്കും. ഫാക്ടറിയിലെ ആഴ്ച അവധി തിങ്കളാഴ്ചയാക്കാനും ഞായറാഴ്ചകളിൽ ഫാക്ടറി പ്രവർത്തിപ്പിക്കാനും ധാരണയായിട്ടുണ്ട്. തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടാത്ത രീതിയിൽ തോട്ടത്തിൽ യന്ത്രവത്കരണം നടപ്പിലാക്കുന്നതിനും അതിനുള്ള ഇൻസെന്റീവ് സംബന്ധിച്ച് ചർച്ച നടത്തുന്നതിനും ഇരുകക്ഷികളും സമ്മതിച്ചു. മരണവുമായി ബന്ധപ്പെട്ട മറ്റ് തോട്ടങ്ങളിലെ കീഴ്‌വഴക്കങ്ങൾ ഫെബ്രുവരിയിലെ ചർച്ചയിൽ തീരുമാനിക്കാനും അനധികൃത ലയം കൈയ്യേറ്റം, ഹാജരില്ലായ്മ എന്നിവയിൽ മാനേജ്‌മെന്റിന് നിയമപരമായ നടപടികൾ സ്വീകരിക്കാനും കരാറിൽ വ്യവസ്ഥയുണ്ട്. എറണാകുളം റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ സുരേഷ് കുമാർ ഡി., കോട്ടയം ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻസ് ശങ്കർ പി.ആർ. എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച. മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് ശിവപ്രസാദ് ഡി., പ്രദീപ് കുമാർ, സുരേഷ് പി. വർഗ്ഗീസ്, അഡ്വ. ഷോൺ എബ്രഹാം, ജോസഫ് കെ.ഡി. എന്നിവരും, ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് ഷാജി പൈനാടത്ത്, പി.കെ. രാജൻ (ഐ.എൻ.ടി.യു.സി), എസ്. ബാബു, ആർ. തിലകൻ, എം. തങ്കദുരൈ (സി.ഐ.ടി.യു), കെ.എം. മുഹമ്മദ് അലി (പി. ടി. ടി യൂണിയൻ), എ.എം. ചന്ദ്രൻ, ആർ. വിനോദ് (എ.ഐ.ടി.യു.സി), പി. ഭുവനേന്ദ്രൻ (ബി.എം.എസ്) എന്നിവരും ചർച്ചയിൽ പങ്കെടുത്ത് കരാറിൽ ഒപ്പുവെച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
ബംഗളൂരുവിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു , കൊല്ലം സ്വദേശി കസ്റ്റഡിയിൽ
-
‘തന്റെ ഫോൺ ചോർത്തുന്നുണ്ട്, നിരന്തരം നിരീക്ഷണത്തിലാണ്’; നിർണായക വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
-
ഭാര്യമാര്‍ തമ്മിൽ നിരന്തരം വഴക്ക് ; പ്രകോപിതരായ ഭര്‍ത്താക്കൻമാര്‍ കോടാലി കൊണ്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കുഴിച്ചുമൂടി
-
കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ ഉണ്ടായ വെള്ളക്കെട്ടിൽ ആരോപണമുനയിൽ മേയർ വി വി രാജേഷ്





