കണ്ണൂര്‍: തൃശൂരില്‍ വന്ധ്യതാ ക്ലിനിക് തുടങ്ങാമെന്ന് വാഗ്ദാനം ചെയ്ത് തലശ്ശേരിയിലെ ഡോക്ടറില്‍ നിന്നും പണം തട്ടിയെടുത്തെന്ന കേസില്‍ പ്രതിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി. കേസിലെ ആറാംപ്രതി തൃശൂര്‍ ജില്ലയിലെ കെ പി രാജു നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ് ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. തലശേരിയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. വേണുഗോപാലിന്റെ ബാങ്ക് അക്കൌണ്ടില്‍ നിന്ന് 1.32 കോടി രൂപ തട്ടിപ്പ് സംഘം പിന്‍വലിച്ചെന്നാണ് കേസ്.
തൃശൂരിലെ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് രണ്ടരക്കോടി രൂപ വായ്പയെടുത്തപ്പോള്‍ ഈടായി ഡോക്ടറില്‍ നിന്ന് വാങ്ങിയ ചെക്കുകള്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പെന്നാണ് പരാതി. 2015ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ക്വട്ടേഷന്‍ സംഘം പങ്കിട്ടെടുത്ത തുകയില്‍ 15 ലക്ഷം രൂപ ആറാം പ്രതിയായ രാജുവിന് ലഭിച്ചതായാണ് കേസ്. കൊടകര കുഴല്‍പ്പണക്കേസ് പ്രതി രഞ്ജിത്താണ് തട്ടിപ്പിന്റെ പ്രധാന സൂത്രധാരനെന്ന് പോലീസ് പറയുന്നു. കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ളവരാണ് മറ്റുള്ള ഏഴ് പ്രതികള്‍.
ഇതില്‍ ഒരാള്‍ പാമ്പ് വിഷം കടത്തുകേസിലും പ്രതിയാണെന്നാണ് വിവരം. പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ ജില്ലാ ഗവ. പ്ലീഡര്‍ അഡ്വക്കെറ്റ് അജിത് കുമാര്‍ കോടതി മുന്‍പാകെ ബോധിപ്പിച്ചിരുന്നു.





























