പത്തനംതിട്ട : സഹകരണ വകുപ്പിന്റെ അംഗസമാശ്വാസ നിധിയില്‍ നിന്നും പത്തനംതിട്ട ജില്ലയില്‍ രണ്ട് ഘട്ടങ്ങളിലായി 3,34,60,000 രൂപ വിതരണം ചെയ്തതായി ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) എം.പി ഹിരണ്‍ അറിയിച്ചു. കേരള സഹ.സംഘം നിയമം വകുപ്പ് 56(1)സി, ചട്ടം 53 എന്നിവ പ്രകാരം രൂപീകൃതമായ അംഗസമാശ്വാസ നിധിയില്‍ നിന്നും കാന്‍സര്‍, വൃക്കരോഗം, കരള്‍ രോഗം, ശയ്യാവലംബര്‍, എച്ച്ഐവി ബാധിച്ചവര്‍, ബൈപ്പാസ് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടത്തിയവര്‍, മാതാപിതാക്കള്‍ മരിച്ചുപോയ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ എന്നിങ്ങനെ 1661 ഗുണഭോക്താക്കള്‍ക്കാണ് ധനസഹായം നല്‍കിയത്.
കൊള്ളപലിശക്കാരില്‍ നിന്നും ഗ്രാമീണ ജനങ്ങളെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടുകൂടി മുറ്റത്തെമുല്ല എന്ന പേരില്‍ ആരംഭിച്ച ലഘു വായ്പാ പദ്ധതിയിലൂടെ ജില്ലയിലെ 54 സംഘങ്ങള്‍ 268 കുടുംബശ്രീ യൂണിറ്റിലൂടെ 18.2 കോടി രൂപ വിതരണം ചെയ്തു. സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് കുടിശികയായ സഹകാരികളെ കടബാധ്യതയില്‍ നിന്നും രക്ഷിക്കുന്നതിനായി നവകേരളീയം കുടിശിക നിവാരണം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കി വരുന്നു. 6230 വായ്പക്കാര്‍ക്ക് ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിച്ചു. ഇതുവഴി ബാങ്കുകളുടെ വായ്പാ നഷ്ടം കുറയ്ക്കുന്നതിന് സാധിച്ചു. കൂടാതെ കൃത്യമായി വായ്പാ തിരിച്ചടവ് നടത്തുന്നവര്‍ക്ക് പലിശ ഇന്‍സെന്റീവും നല്‍കുന്നു.
കേരളത്തിലെ സഹകരണ മേഖലയില്‍ ഉത്പ്പാദിപ്പിക്കുന്ന ഉത്പ്പന്നങ്ങള്‍ ഏകീകൃത ബ്രാന്‍ഡിംഗിന് കീഴില്‍ കൊണ്ടുവന്ന് വിപണിയില്‍ സജീവമാക്കുന്നതിനായി ബ്രാന്‍ഡിംഗ് ആന്റ് മാര്‍ക്കറ്റിംഗ് ഓഫ് കോ – ഓപ്പറേറ്റീവ് പ്രൊഡക്ട് എന്ന പദ്ധതി പ്രകാരം ജില്ലയില്‍ പറക്കോട് സര്‍വീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയില്‍ കോ – ഓപ്പ്മാര്‍ട്ട് എന്ന പേരില്‍ സ്ഥാപനം ആരംഭിച്ച് പ്രവര്‍ത്തിച്ചുവരുന്നു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഹരിതം സഹകരണം എന്ന പേരില്‍ സഹകരണ സംഘങ്ങള്‍ വഴി ഏഴായിരത്തോളം പുളിമരങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നട്ടുവളര്‍ത്തിയിട്ടുണ്ട്. സഹകരണ സംഘങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സംഘം സമര്‍പ്പിക്കുന്ന പ്രൊജക്ടുകള്‍ക്ക് അനുസരിച്ച് പ്ലാന്‍ഫണ്ടില്‍ നിന്നുള്ള ധനസഹായമായി 2021-22 സാമ്പത്തിക വര്‍ഷം 4,20,19,000 രൂപ വിതരണം ചെയ്തു.
സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 2022 ഫെബ്രുവരി 10 മുതല്‍ മേയ് 20 വരെ രണ്ടാം നൂറുദിന കര്‍മപരിപാടി നടപ്പാക്കുന്നതിന്റെ ഭാഗമായി, സഹകരണ മേഖലയില്‍ നേരിട്ട് 34 പേര്‍ക്കും വായ്പവഴി 464 പേര്‍ക്കും തൊഴില്‍ നല്‍കി. ഭക്ഷ്യകാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തമാകുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ 13 സംഘങ്ങള്‍ 39.37 ഏക്കര്‍ സ്ഥലത്ത് നെല്ല്, വാഴ, വിവിധയിനം പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവ കൃഷി ചെയ്തു വരുന്നു.
ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി ഭിന്നശേഷിക്കാര്‍ക്കുള്ള വായ്പ എന്ന പേരില്‍ ആരംഭിച്ച പദ്ധതി പ്രകാരം ജില്ലയില്‍ 8,80,000 രൂപ വിതരണം ചെയ്തു. അശരണരായ സഹകാരികള്‍ക്ക് ആശ്വാസമായി സഹകാരി സാന്ത്വനം എന്ന പേരില്‍ സഹകരണ സംഘങ്ങളിലെ ഭരണസമിതിയില്‍ അംഗമായിരിക്കുകയും ഇപ്പോള്‍ അവശത അനുഭവിക്കുകയും ചെയ്യുന്ന സഹകാരികള്‍ക്ക് ചികിത്സയ്ക്കായി 50,000 രൂപ വരെ നല്‍കിവരുന്നു.
ജില്ലയില്‍ യുവാക്കളായ സംരംഭകരുടെ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവും ആയ പുരോഗതിയും ഉത്പ്പാദന മേഖലകളായ കൃഷി, ഐ.ടി, വ്യവസായം, സേവന മേഖലയിലെ സംരംഭങ്ങള്‍ എന്നിവയുടെ പുരോഗതിയും ലക്ഷ്യമാക്കി ജില്ലയില്‍ യുവജനങ്ങള്‍ക്കായി ഒരു സംഘം പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ പട്ടികജാതി / പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവജനങ്ങളെ ഉള്‍പ്പെടുത്തി ഒരു യുവജന സംരംഭക സഹ.സംഘവും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സഹകരണ വകുപ്പിന്റെ നിയന്ത്രണത്തില്‍ കടമ്പനാട് സര്‍വീസ് സഹകരണ ബാങ്കിന്റെ ചുമതലയില്‍ ഫുട്ബോള്‍ ടര്‍ഫിന്റെ നിര്‍മാണം പുരോഗമിച്ചു വരുന്നു.