പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ പേര് നൽകാൻ സർക്കാർ തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവ് അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും അദ്ദേഹം നിവേദനം നൽകി.
കേരളത്തിന്റെ വികസനത്തിന് സമാനതകളില്ലാത്ത സംഭാവനകളാണ് ലീഡർ നൽകിയിട്ടുള്ളത്. അദ്ദേഹത്തോടുള്ള ആദരസൂചകമായി പുതിയതായി ആരംഭിക്കുന്ന ഏതെങ്കിലും പദ്ധതിക്ക് അദ്ദേഹത്തിന്റെ പേര് നൽകുകയോ, അല്ലെങ്കിൽ നിലവിലെ പ്രധാന പദ്ധതികളിൽ ഒന്നിന് അദ്ദേഹത്തിന്റെ പേര് പുനർനാമകരണം ചെയ്യുകയോ വേണമെന്ന് നിവേദനത്തിൽ അദ്ദേഹം അഭ്യർത്ഥിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ യു.ഡി.എഫ്. സർക്കാർ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെ ഇ.എം.എസിന്റെ പേരിൽ എൽ.ഡി.എഫ്. സർക്കാരും മുൻപ് പദ്ധതികൾ നടപ്പിലാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കെ. കരുണാകരന് അർഹിക്കുന്ന ആദരം നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ് വ്യക്തമാക്കി.





























