ചാരുംമൂട് : നാടിന്റെ സ്വപ്നപദ്ധതിയായിരുന്ന താമരക്കുളം വയ്യാങ്കരച്ചിറ ടൂറിസത്തിനു പുതിയ ചുവടുവെപ്പ്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു (ഡി.ടി.പി.സി.) കീഴിൽ പച്ചക്കാട് ഫാർമേഴ്‌സ് ക്ലബ്ബ് ബോട്ടിങ്ങുൾപ്പെടെ സജ്ജീകരിച്ച് പ്രാദേശിക ടൂറിസമിടമായി വയ്യാങ്കരച്ചിറയെ ഒരുക്കി. വ്യാഴാഴ്ച തുറന്നുനൽകും. 2000-ലെ തദ്ദേശതിരഞ്ഞെടുപ്പിനുശേഷമാണ് പദ്ധതിക്കു ജീവൻ വെച്ചത്. സംസ്ഥാന സർക്കാർ ചില പദ്ധതികൾ പ്രഖ്യാപിച്ചിരുന്നെങ്കിലും 2014-ൽ കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ ശ്രമഫലമായി അനുവദിച്ച 1.64 കോടി രൂപയുടെ നിർമാണപ്രവർത്തനമാണ് ആദ്യം തുടങ്ങിയത്. പ്രവേശനകവാടം, ലേക്‌വ്യൂ ബ്രിഡ്ജ്, ടോയ്‌ലെറ്റുകൾ, കുട്ടികളുടെ പാർക്ക്, നടപ്പാത, അലങ്കാരച്ചെടികൾ, വൈദ്യുതിവിളക്കുകൾ എന്നിവയാണ് ഒന്നാംഘട്ടത്തിൽ പണിതത്.
ഡി.ടി.പി.സി.യാണ് പൂർണമായ ടൂറിസമിടമാക്കാൻ ടെൻഡർ നൽകിയത്. മത്സ്യക്കൃഷി നടത്തിയിരുന്നവർ ചേർന്നുള്ള പച്ചക്കാട് ഫാർമേഴ്‌സ് ക്ലബ്ബിനാണ് നിർമാണച്ചുമതല ലഭിച്ചത്. തുടർന്ന് മാസങ്ങളായി നടന്നുവന്ന രണ്ടാംഘട്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ പൂർത്തിയായത്. കുട്ടികളുടെ പാർക്ക് വിപുലമാക്കി. ഓപ്പൺ ജിംനേഷ്യവും ഒരുക്കി. നടപ്പാതയുടെ വശങ്ങളിൽ മുളകൾ ഉൾപ്പെടെ വെച്ചുപിടിപ്പിച്ചു മനോഹരമാക്കി. സന്ദർശകർക്കായി യന്ത്രബോട്ടിങ്ങും പെഡൽ ബോട്ടിങ്ങും കുട്ടവഞ്ചികളും കയാക്കിങ്ങ് വള്ളങ്ങളും തയ്യാറാക്കി. പുതിയ ജെട്ടിയും നിർമിച്ചു. ചിറയ്ക്കു നടുവിലുള്ള കുടിൽ ആകർഷകമാണ്. സന്ദർശകർക്ക് ഇവിടെ വിശ്രമിക്കാം. നടപ്പാതയുടെ വശങ്ങളിലെ ഇരിപ്പിടങ്ങളും സുന്ദരമാണ്. ഭക്ഷണശാലയും തയ്യാറാക്കിയിട്ടുണ്ട്. ഓണക്കാലത്ത് സന്ദർശകരെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഫാർമേഴ്‌സ് ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു.