കൽപറ്റ: ചരിത്രപരമായ ഉയർന്ന വിലയിൽ കുരുമുളക് വിപണി മുന്നേറുമ്പോഴും കർഷകർക്ക് കനത്ത തിരിച്ചടിയായി ഉൽപാദനക്കുറവ്. 2014-15 കാലഘട്ടത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയായ 70,000 രൂപയാണ് നിലവിൽ ഒരു ക്വിന്റൽ കുരുമുളകിന് ലഭിക്കുന്നത്. എന്നാൽ പ്രതികൂല കാലാവസ്ഥയും രോഗബാധയും മൂലം ഉൽപാദനം ഗണ്യമായി കുറഞ്ഞത് കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
2015ലെ ഉയർന്ന വിലയ്ക്കു ശേഷം വില കുറഞ്ഞു 2019ൽ 34,200 രൂപ വരെ എത്തിയിരുന്നു. കുരുമുളക് ഇറക്കുമതി വന്നതോടെ വില വലിയ തോതിൽ കുറഞ്ഞു. പിന്നീട് മികച്ച വില ലഭിച്ചത് 2021ൽ ആയിരുന്നു. ക്വിന്റലിന് 52,000 രൂപ. തുടർന്നു 2 വർഷത്തോളം കാര്യമായ മാറ്റമില്ലാതെ നിലനിന്ന വിലയിൽ കഴിഞ്ഞ വർഷങ്ങളിൽ വീണ്ടും ഉയർച്ച ഉണ്ടായി. കുരുമുളക് വിളവെടുപ്പ് സമയത്തും മോശമല്ലാത്ത വില ഉണ്ടായിരുന്നെങ്കിലും ഉൽപാദനത്തിലെ കുറവു കാരണം കർഷകർക്കു വില വർധനയുടെ പ്രയോജനം ലഭിക്കുന്നില്ല.































