തിരുവനന്തപുരം : നയപ്രഖ്യാപനത്തിനായി സഭയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം തീര്‍ത്തത്. പ്ലക്കാര്‍ഡുകളുമായി സഭയിലെത്തിയ പ്രതിപക്ഷം ഗവര്‍ണര്‍ക്കെതിരെ ഗോബാക്ക് വിളിച്ചു. ആര്‍എസ്എസ് ഗവര്‍ണര്‍ക്ക് ഗോബാക്ക് എന്നായിരുന്നു പ്രതിപക്ഷ മുദ്രാവാക്യം. പ്രതിപക്ഷ പ്രതിഷേധത്തില്‍ ക്ഷുഭിതനായ ഗവര്‍ണര്‍ നിങ്ങള്‍ പ്രതിഷേധം നടത്തേണ്ട സമയമല്ലിതെന്ന് പറഞ്ഞാണ് നയപ്രഖ്യാപനം തുടങ്ങിയത്. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ച് പുറത്തിറങ്ങുകയായിരുന്നു. ഗവര്‍ണറോടുള്ള വിയോജിപ്പ് എന്നോണം ഭരണപക്ഷം സഭയില്‍ ഒരു പ്രതികരണവും നടത്തുന്നില്ല. സര്‍ക്കാറിന്റെ സുപ്രധാന പ്രഖ്യാപനങ്ങളും പദ്ധതികളും നേട്ടങ്ങളും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുമ്പോള്‍ ഡസ്‌ക്കിലടിച്ച് പിന്തുണക്കാന്‍ ഭരണപക്ഷം തയ്യാറായില്ല.
സര്‍ക്കാറിന്റെ കോവിഡ് പ്രതിരോധത്തെ പ്രകീര്‍ത്തിച്ചാണ് ഗവര്‍ണറുടെ പ്രസംഗം തുടര്‍ന്നത്. കോവിഡ് രോഗവ്യാപന സമയത്ത് കേരള സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നിന്നെന്നും ഗവര്‍ണര്‍ പറഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്ന ഭാഗവും ഗവര്‍ണര്‍ വായിച്ചു. കേന്ദ്രം സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയതായി ഗവര്‍ണര്‍ പറഞ്ഞു. കണ്‍കറന്റ് ലിസ്റ്റില്‍ കേന്ദ്രം സംസ്ഥാനവുമായി കൂടിയാലോചന നടത്തുന്നില്ല. ഇത് ഫെഡറലിസത്തെ തകര്‍ക്കുന്നതാണ്. കേന്ദ്രം സംസ്ഥാനത്തിന്റെ വായ്പാ പരിധികുറച്ചു. പ്രതിസന്ധി കാലത്ത് സഹായിക്കാന്‍ കേന്ദ്രത്തിന് ബാധ്യതയുണ്ട്.
കെ – റെയില്‍ പദ്ധതി പരിസ്ഥിതി സൗഹൃദമാണെന്നും കേന്ദ്രം ഉടന്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ഗവര്‍ണര്‍ പറഞ്ഞു. വേഗതയുള്ള സൗകര്യപ്രദമമായ യാത്രാസൗകര്യത്തിനാണ് കെ – റെയില്‍. പദ്ധതി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. കോവിഡ് മൂലം നികുതി വരുമാനം കുറഞ്ഞു. ഇതിനൊപ്പം കേന്ദ്ര വിഹിതം കുറഞ്ഞതും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുണ്ട്. ആറ് വര്‍ഷത്തിനിടെ സംസ്ഥാനത്ത് വ്യവസായ നിക്ഷേപം കൂടി. ചെറുകിട വ്യവസായ മേഖലയില്‍ മൂന്ന് ലക്ഷം തൊഴിലവസരമുണ്ടാക്കാനായി കൃഷിശ്രീ ഗ്രൂപ്പുകളുണ്ടാക്കും. യുവാക്കള്‍, സ്ത്രീകള്‍, പ്രവാസികള്‍ എന്നിവരുടെ പങ്കാളിത്തം കൃഷി ശ്രീ ഗ്രൂപ്പുകളിലുണ്ടാകും. പതിനാലാം പഞ്ചവത്സര പദ്ധതിക്ക് 2022 മെയില്‍ രൂപം നല്‍കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷം പത്ത് ശതമാനം വളര്‍ച്ചാ നിരക്ക് നേടും. 20 ലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന പ്രഖ്യാപനം നടപ്പാക്കും. കേന്ദ്രത്തിന്റെ ധനക്കമ്മി ആറ് ശതമാനമായി ഉയര്‍ത്തുന്നു. സംസ്ഥാനങ്ങളുടേത് മൂന്ന് ശതമാനമായി നിജപ്പെടുത്തുന്നു. ഇത് സംസ്ഥാനങ്ങളോടുള്ള വിവേചനമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.





























