പന്തളം : വർഷങ്ങളായി പുനരുദ്ധാരണംപോലും നടത്താത്ത കൈപ്പുഴയിലെ ഗ്രാമീണ റോഡുകൾ തകർന്ന് യാത്രചെയ്യാൻ കഴിയാതെയായി. വീതികുറഞ്ഞ റോഡിൽ ജലജീവൻ മിഷൻ കുടിവെള്ളപദ്ധതിയുടെ പൈപ്പിടൽകൂടിയായപ്പോൾ ഇരുചക്രവാഹനം ഓടിക്കാൻപോലും വഴി ഇല്ലാതെയായി. എം.സി.റോഡിൽനിന്നു കൈപ്പുഴ കെ.ടി.ഡി.സി. അമിനിറ്റി സെന്ററിന് മുൻവശത്തുകൂടി ഒരുതാപ്പള്ളിൽ ഭാഗത്തേക്കും നെയ്തശ്ശേരിൽ ഭാഗത്തേക്കും പോകുന്ന റോഡിന്റെ സ്ഥിതിയാണ് വളരെ പരിതാപകരം. 2018-ലും അതിന് ശേഷവുമുണ്ടായ പ്രളയത്തിൽ ഒഴുകിയെത്തിയ മൺകൂന കാരണം റോഡിലൂടെ വാഹനം ഓടിക്കാൻ കഴിയാത്ത അവസ്ഥയാണ്. കുണ്ടും കുഴിയുമായി കിടക്കുകയാണ് ഈ റോഡ്. അമിനിറ്റി സെന്ററിന് മുൻവശമുള്ള ഓട മണ്ണുനിറഞ്ഞ് കിടക്കുന്നതുകാരണം വെള്ളം ഒഴുകിപ്പോകുന്നില്ല. ചെറിയ മഴപെയ്താൽപ്പോലും റോഡ് മുങ്ങിപ്പോകുകയാണ് പതിവ്. വീതികുറഞ്ഞ റോഡിലേക്ക് അരികിൽനിന്നു കാട് വളർന്നുനിൽക്കുന്നുമുണ്ട്. ശബരിമല മണ്ഡലകാലമാരംഭിച്ചാൽ തീർഥാടകരുൾപ്പെടെയുള്ളവർ ആശ്രയിക്കുന്ന റോഡാണിത്.
എം.സി.റോഡിൽനിന്നു കൈപ്പുഴ കറുത്തേരിൽപ്പടി മുതൽ കൈപ്പുഴയുടെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന റോഡുകളുടേയും സ്ഥിതി ഇതാണ്. കൈപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം-ഗുരുനാഥൻമുകടി റോഡ്, മെഡിക്കൽട്രസ്റ്റാശുപത്രിക്ക് പിൻഭാഗത്തുകൂടിയുള്ള റോഡ്, എം.സി.റോഡിൽനിന്നു കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കുപോകുന്ന തിരുവാഭരണപ്പാത തുടങ്ങിയ വഴികളെല്ലാം ടാറിങ് ഇളകി കുഴികളായിക്കഴിഞ്ഞു. ജലജീവൻ മിഷൻ പദ്ധതിയിൽ റോഡ് കുഴിച്ച് പൈപ്പ് ലൈനിട്ടശേഷം ഇത്പൂ ർവസ്ഥിതിയിലാക്കിക്കൊടുക്കുമെന്നാണ് കരാർ വ്യവസ്ഥയുള്ളത്. എന്നാൽ കുഴിയെടുത്ത് പൈപ്പിട്ടതല്ലാതെ കുഴി ശരിയായി നികത്താൻപോലും കരാറുകാർ ശ്രമിച്ചിട്ടില്ല.