കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് ഏറ്റെടുക്കല്‍ നടപടിയുടെ നിജസ്ഥിതി തേടി നിക്ഷേപകര്‍ കേരളാ ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചില്‍ ഹര്‍ജി നല്‍കി. ന്യൂട്ടന്‍സ് ലോ അഭിഭാഷകരായ മനോജ് വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ ടി.കെ എന്നിവര്‍ മുഖേന പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷനാണ് (പി.ജി.ഐ.എ) ഹര്‍ജി നല്‍കിയത്. പൂട്ടിക്കിടക്കുന്ന പോപ്പുലര്‍ ഗ്രൂപ്പ് ഏറ്റെടുക്കുവാന്‍ മുമ്പോട്ടു വന്നിട്ടുള്ള ഡി കാപ്പിറ്റല്‍ കമ്പിനി ചെയര്‍മാന്‍ തിരുവനന്തപുരം സ്വദേശി ദാനിയേല്‍ വര്‍ഗീസ്, പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ദാനിയേല്‍, കോമ്പിറ്റെന്റ് അതോറിറ്റിയുടെ തലവന്‍ സഞ്ജയ് കൌള്‍ എന്നിവരെ പ്രതി ചേര്‍ത്താണ് ഹര്‍ജി. കേസില്‍ കൂടുതല്‍പേരെ കക്ഷിയാക്കുവാനാണ് നിക്ഷേപകരുടെ നീക്കം. കേസിന്റെ അടിയന്തിര സ്വഭാവം പരിഗണിച്ച് അവധിക്കാല ബഞ്ചിലാണ് ഹര്‍ജി നല്‍കിയത്. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചുകൊണ്ട് പ്രതിഭാഗം അഭിഭാഷകര്‍ പി.ജി.ഐ.എയുടെ അഭിഭാഷകര്‍ക്ക് രേഖാമൂലം കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് ഇതിന്റെ നിജസ്ഥിതി ആരാഞ്ഞുകൊണ്ട് കോമ്പിറ്റെന്റ് അതോറിറ്റിക്ക് പി.ജി.ഐ.എ രേഖാമൂലം കത്ത് നല്‍കി. എന്നാല്‍ ഒന്നര മാസമായിട്ടും ഒരു മറുപടിയും ലഭിച്ചില്ല. കോമ്പിറ്റെന്റ് അതോറിറ്റിയുടെ നിശബ്ദതയില്‍ തങ്ങള്‍ക്ക് സംശയം ഉണ്ടെന്നും കോടതിയുടെ ശക്തമായ ഇടപെടലിലൂടെ മാത്രമേ സത്യാവസ്ഥ പുറത്തുവരുകയുള്ളുവെന്നും നിക്ഷേപകര്‍ പറഞ്ഞു.
അബുദാബിയില്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തതാണ് ഡി കാപ്പിറ്റല്‍ പോര്‍ട്ട് ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് എല്‍.എല്‍.സി എന്ന കമ്പിനി. ഇതിന്റെ ചെയര്‍മാന്‍ തിരുവനന്തപുരം സ്വദേശി ദാനിയേല്‍ വര്‍ഗീസാണ്. ഈ കമ്പിനിയാണ് പൂട്ടിക്കിടക്കുന്ന പോപ്പുലര്‍ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നിട്ടുള്ളത്. നാമമാത്രമായ മൂലധനം മാത്രമാണ് ഈ കമ്പിനിയില്‍ ഉള്ളത്. തന്നെയുമല്ല കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തിയതായി തെളിവുമില്ല. പോപ്പുലര്‍ കേസിലെ പ്രതികളുടെ പുതിയ നീക്കത്തില്‍ സംശയം ഉണ്ടെന്നും പോപ്പുലര്‍ ഏറ്റെടുക്കാമെന്ന് പറയുന്ന ഡി കാപ്പിറ്റലിന്റെ ആസ്തി ബാധ്യതകള്‍ വ്യക്തമാക്കണമെന്നും ഓഡിറ്റര്‍ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും ഹര്‍ജിയിലൂടെ നിക്ഷേപകര്‍ ആവശ്യപ്പെട്ടൂ. കൂടാതെ കമ്പിനി ഉടമ ദാനിയേല്‍ വര്‍ഗീസിന്റെ സാമ്പത്തിക ഭദ്രതയും നിക്ഷേപകര്‍ക്ക് ബോധ്യം വരേണ്ടതുണ്ട്. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് ഇപ്പോള്‍ മൂന്നു കേന്ദ്ര ഏജന്‍സികളാണ് അന്വേഷിക്കുന്നത്. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയും പ്രതികളുടെ സ്വത്തുവകകള്‍ കോമ്പിറ്റെന്റ് അതോറിറ്റി കണ്ടുകെട്ടുകയും ചെയ്ത സാഹചര്യത്തില്‍ കോമ്പിറ്റെന്റ് അതോറിറ്റിയുടെ നിലപാടും കോടതിയില്‍ വ്യക്തമാക്കണമെന്ന് നിക്ഷേപകര്‍ ആവശ്യപ്പെട്ടു.
കോടതിയില്‍ മാത്രമാണ് തങ്ങള്‍ക്ക് വിശ്വാസമെന്നും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കില്‍ അത് കോടതിയുടെ മേല്‍നോട്ടത്തിലും സാന്നിധ്യത്തിലും മാത്രമാകണമെന്നും നിക്ഷേപകര്‍ പറഞ്ഞു. ഒത്തുതീര്‍പ്പിന് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ തട്ടിപ്പിന് ഇരയായ നിക്ഷേപകര്‍ വീണ്ടും മറ്റൊരു തട്ടിപ്പിന് ഇരയാകേണ്ട സാഹചര്യം ഒഴിവാക്കുന്നതിനുമാണ് ഹര്‍ജി നല്‍കിയതെന്ന് അവര്‍ പറഞ്ഞു. ജീവിതത്തിലെ വിലപ്പെട്ട സമ്പാദ്യം നഷ്ടപ്പെട്ട വേദനയില്‍ 70 പതിലധികം നിക്ഷേപകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മരുന്നുവാങ്ങാനും ചികിത്സക്കും പണമില്ലാതെ പലരും ബുദ്ധിമുട്ടുകയാണ്. വീടുപണിയും വിവാഹവും മുടങ്ങിയവര്‍ നിരവധിയാണ്. എന്നാല്‍ ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ് പ്രതികള്‍.
നിക്ഷേപമായി ലഭിച്ച കോടികള്‍ വിദേശ രാജ്യങ്ങളിലേക്ക് കടത്തിയത് കൂടാതെ കോടികള്‍ ധൂര്‍ത്തടിക്കുകയും ചെയ്തു. ആഡംബര ജീവിതമായിരുന്നു ഇവര്‍ നയിച്ചത്. പ്രതികളുടെ കയ്യില്‍ ഇപ്പോഴും കോടികള്‍ ഉണ്ടെന്നും എന്നാല്‍ ഇതൊക്കെ ചിലര്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണെന്നും പറയുന്നു. ഫോറന്‍സിക് ഓഡിറ്റ് റിപ്പോര്‍ട്ട് കോടതിയില്‍ എത്തിയാല്‍ മാത്രമേ പണത്തിന്റെ ഇടപാടുകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരികയുള്ളു. കേസുകള്‍ അട്ടിമറിക്കുവാന്‍ തുടക്കം മുതല്‍ ശ്രമമുണ്ടായിരുന്നു. കോടതിയുടെ ശക്തമായ ഇടപെടലിലൂടെയാണ് അന്വേഷണം ഇതുവരെയായത്.
കേരളത്തിലും പുറത്തുമായി 273 ബ്രാഞ്ചുകളാണ് പൂട്ടിക്കെട്ടിയ പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പിന് ഉണ്ടായിരുന്നത്. മുപ്പതിനായിരത്തിലധികം നിക്ഷേപകര്‍ക്കായി 1200 കോടിയിലധികം രൂപയാണ് പ്രതികള്‍ നല്‍കേണ്ടത്. നിലവില്‍ അഞ്ച് പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ ഇവര്‍ ജാമ്യത്തിലിറങ്ങി ഏറണാകുളത്ത് താമസിക്കുകയാണ്. പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ദാനിയേല്‍ എന്ന റോയി, ഭാര്യ പ്രഭാ തോമസ്, റിനു, റിയ, റീബാ എന്നീ പെണ്‍മക്കളുമാണ് അറസ്റ്റിലായവര്‍. തോമസ് ദാനിയേലിന്റെ മാതാവ്, അടുത്ത ബന്ധുക്കള്‍, പോപ്പുലര്‍ ഗ്രൂപ്പിലെ ചില ജീവനക്കാര്‍ എന്നിവരെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല.