മുണ്ടക്കയം: കോരുത്തോട് പഴയ പനക്കച്ചിറ പാലം അപകടാവസ്ഥയില്‍. മുണ്ടക്കയം കോരുത്തോട് റൂട്ടിലെ പഴയ പനക്കച്ചിറ പാലത്തിന്റെ കാര്യത്തില്‍ ആശങ്ക ഉയരുകയാണ്. ഒരുവശത്തെ സംരക്ഷണഭിത്തിയുടെ കല്ലുകള്‍ ഇളകി മാറിയത് പാലത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായി മാറുകയാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള പാലത്തിലൂടെ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. പ്രളയകാലത്തെ ശക്തമായ ഒഴുക്കിനെ തുടര്‍ന്നാണ് പാലത്തിന്റെ സംരക്ഷണഭിത്തിയുടെ കല്ലുകള്‍ ഇളകിത്തുടങ്ങിയത്. ശബരിമല പാതയായ കോരുത്തോട് റൂട്ടിലെ പ്രധാന പാലമാണിത്. കാലപ്പഴക്കത്താല്‍ പാലത്തിന്റെ കൈവരികളും നശിച്ചു തുടങ്ങിയിട്ടുണ്ട്.
മഴ തുടരുന്ന സാഹചര്യത്തില്‍ തോട്ടില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ വീണ്ടും കല്ലുകള്‍ ഇളകി മാറാനും പാലത്തിന്റെ ഒരുഭാഗം ഇടിഞ്ഞുവീഴാനും സാധ്യത ഏറെയാണ്.കോരുത്തോട് പഞ്ചായത്തിലെ മന്നം പാലവും പഴയ പനക്കച്ചിറ പാലവും പൊളിച്ചു നീക്കി പുതിയത് നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് മുന്‍പ് ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ പദ്ധതികളൊന്നും നടപ്പായില്ല.





























