തിരുവനന്തപുരം : ശബരിമല വിഷയത്തിൽ ബി.ജെ.പിക്കും സി.പി.എമ്മിനും ഒരേ സ്വരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തിൽ ബി.ജെ.പിയും സി.പി.എമ്മും ഇപ്പോൾ ഒന്നും മിണ്ടുന്നില്ല. പരസ്പര ധാരണയുടെ ഫലമായിട്ടുള്ള നിശബ്ദതയാണിത്. ശബരിമല വിഷയത്തിൽ പുനഃപരിശോധ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇത് വേഗത്തിൽ തീർപ്പാക്കാൻ സംസ്ഥാന സർക്കാർ ഇടപെടുമോയെന്ന് ചെന്നിത്തല ചോദിച്ചു.
ഇപ്പോൾ പാർലമെന്‍റ് സമ്മേളനം നടക്കുകയാണ്. ശബരിമലയെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ നിയമ നിർമാണം നടത്തുമോ. അതിനായി സംസ്ഥാന ബി.ജെ.പി നേതൃത്വം സർക്കാറിൽ സമർദ്ദം ചെലുത്തുമോയെന്നും െചന്നിത്തല ചോദിച്ചു. ശബരിമലയെ കലാപഭൂമിയാക്കി മാറ്റി ബി.ജെ.പി വളരാൻ അവസരമുണ്ടാക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
നേരത്തെ പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും ശബരിമല വിഷയത്തിൽ അഭിപ്രായം പറഞ്ഞിരുന്നു. വിശ്വാസികൾക്ക് വേദനയുണ്ടാക്കുന്ന സംഭവമാണ് ശബരിമലയിലുണ്ടായതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പരാമർശം.