കൊച്ചി : റോഡരികില്‍ നാളുകളായി കിടക്കുന്ന ഏഴ് വാഹനങ്ങളെ ഒഴിവാക്കി ശേഷിക്കുന്ന ഭാഗത്ത് ടാര്‍ ചെയ്ത് കൊച്ചി കോര്‍പ്പറേഷന്‍ കാട്ടിയ ‘മാതൃക’ നാട്ടുകാര്‍ക്ക് ചിരിക്കാനുള്ള വകയായി. സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ് ഇതിന്റെ ദൃശ്യങ്ങള്‍. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്റെ ഇരുവശത്തുമുള്ള സ്‌റ്റേഡിയം ലിങ്ക് റോഡിലാണ് 35 ലക്ഷം മുടക്കിയുള്ള ഈ ‘അപൂര്‍വ’ ടാറിംഗ്. കാരണക്കോടം ജംഗ്ഷനില്‍ നിന്ന് സ്റ്റേഡിയം മെട്രോ സ്റ്റേഷന്‍വരെ 440 മീറ്ററില്‍ മൂന്നുദിവസമെടുത്താണ് ടാര്‍ ചെയ്തത്.
റോഡരികില്‍ കിടക്കുന്ന ഉപയോഗശൂന്യമായ കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളെ എടുത്തുമാറ്റാതെ അതിന്റെ ചുറ്റിനും ടാര്‍ ചെയ്യുകയായിരുന്നു. കാലടി മേരീസദന്‍ പ്രോജക്‌ട്സിനാണ് കരാര്‍. കോര്‍പ്പറേഷന്റെ സൂപ്പര്‍വൈസര്‍മാര്‍ മേല്‍നോട്ടത്തിനുണ്ടായിരുന്നു. അതേസമയം, നാലുതവണ കോര്‍പ്പറേഷന് കത്തു നല്‍കിയിട്ടും വാഹനങ്ങള്‍ മാറ്റിയില്ലെന്നാണ് കരാര്‍ കമ്പനിയുടെ പ്രതിനിധി പറയുന്നത്. എന്നാല്‍, വാഹനങ്ങള്‍ നീക്കണമെന്ന് കരാറുകാരോട് നിര്‍ദ്ദേശിച്ചിരുന്നുവെന്ന് കോര്‍പ്പറേഷന്‍ എന്‍ജിനീയറിംഗ് വിഭാഗം വാദിക്കുന്നു. സംഭവം വിവാദമായതോടെ വാഹനങ്ങള്‍ എടുത്തുമാറ്റി ആ ഭാഗത്തുകൂടി ടാര്‍ ചെയ്യാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്.





























