തിരുവനന്തപുരം : തമിഴ്നാട് അതിര്‍ത്തിയിലെ കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ വില്‍സണിനെ ബുധനാഴ്ച രാത്രി വെടിവച്ചുകൊന്ന കേസില്‍ തുടരന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തേക്കും. നിലവില്‍ കേരള -തമിഴ്നാട് പോലീസിന്റെ സംയുക്താന്വേഷണമാണ് നടക്കുന്നത്. ഡി.ഐ.ജി അനൂപ് ജോണ്‍ കുരുവിളയ്ക്കും തമിഴ്നാട് സ്‌പെഷ്യല്‍ സ്‌ക്വാഡിനുമാണ് ചുമതല. ബംഗളൂരുവില്‍ നിന്നുള്ള എന്‍.ഐ.എ ടീം ഇന്നലെ കന്യാകുമാരിയിലെത്തി. രണ്ട് സംസ്ഥാനങ്ങളിലായി നടന്ന ആക്രമണം, ഭീകരസ്വഭാവമുള്ള കേസ് എന്നിവയാണ് എന്‍.ഐ.എ പരിഗണിക്കുന്നത്. കൊലപാതകികളെന്ന് സംശയിക്കുന്ന രണ്ടുപേരെ സമീപത്തെ മുസ്ളിം പള്ളിയിലെ സി.സി ടി.വി ഫുട്ടേജില്‍ നിന്നാണ് തിരിച്ചറിഞ്ഞത്.
പ്രതികളായ അബ്ദുള്‍ ഷെമീം, തൗഫിഖ് എന്നിവര്‍ക്കുവേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്നലെ രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും പ്രതികളുടെ ചിത്രങ്ങള്‍ അയച്ചു. പ്രതികള്‍ രാജ്യം വിട്ട് പോകാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചു. ഇവര്‍ക്ക് ഭീകര ബന്ധമുള്ളതായി കണ്ടെത്തി. ഇവര്‍ ഉത്തരേന്ത്യയിലെ രഹസ്യകേന്ദ്രത്തില്‍ നടന്ന ആയുധപരിശീലനത്തില്‍ പങ്കെടുത്തവരും കന്യാകുമാരിയില്‍ നിന്ന് ഭീകര പരിശീലനം നേടിയ പന്ത്രണ്ടംഗസംഘത്തില്‍ പെട്ടവരുമാണ്.