റിയാദ്: സൗദിയില്‍ ലേബര്‍ ക്യാമ്പുകളിലെയും ഷെയറിങ് താമസ ഇടങ്ങളിലെയും സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി മുനിസിപ്പല്‍ പാര്‍പ്പിട മന്ത്രാലയം. താമസക്കാരുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. മുനിസിപ്പല്‍ ഗ്രാമകാര്യ പാര്‍പ്പിട മന്ത്രാലയമാണ് കെട്ടിട ചട്ടങ്ങള്‍ കര്‍ശനമാക്കിയത്. ആവശ്യമായ സുരക്ഷാ മുന്‍കരുതലുകളും മന്ത്രാലയം നിര്‍ദേശിച്ച സുരക്ഷ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തൊഴില്‍ ദാതാക്കളോടും കമ്പനികളോടും മന്ത്രാലയം ആവശ്യപ്പെട്ടു. അടിയന്തിര സാഹചര്യങ്ങളില്‍ ഒഴിപ്പിക്കുന്നതിനാവശ്യമായ എമര്‍ജന്‍സി വാതിലുകള്‍, ആവശ്യമായ അഗ്നിശമന ഉപകരണങ്ങള്‍, വൈദ്യുതി നിലച്ചാല്‍ സ്വയം പ്രവര്‍ത്തിക്കുന്ന ഇന്‍വര്‍ട്ടര്‍ ലൈറ്റുകള്‍ എന്നിവ ഇവിടങ്ങളിൽ നിർബന്ധമായും ഉണ്ടായിരിക്കണം.
കൂടാതെ ആളുകള്‍ക്ക് പുറത്ത് കടക്കാന്‍ ദിശ നിര്‍ണയിച്ചു നല്‍കുന്ന മാപ്പുകളും സുരക്ഷാ ബോര്‍ഡുകളും അപകട അറിയിപ്പ് നല്‍കുന്ന അലാറം എന്നിവയും സജ്ജമായിരിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു. ഉപകരണങ്ങള്‍ കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്തി പ്രവര്‍ത്തനസജ്ജമാണെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രാലയം വ്യക്തമാക്കി. നടപടികള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കുമെതിരെ കടുത്ത പിഴയുള്‍പ്പെടുന്ന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം വിശദീകരിച്ചു.






























