കൊല്ലം : കാറില്‍ എത്തിയ യുവാവ് ബസ് സ്റ്റോപ്പില്‍ നിന്ന വീട്ടമ്മയുടെ സ്വര്‍ണമാല അപഹരിച്ചു. കൊല്ലം അഞ്ചല്‍ പനച്ചവിള വൃന്ദാവനം ജംഗ്‌ഷനിലാണ് കേസിനാസ്പദമായത് നടന്നത്. അഞ്ചല്‍ വൃന്ദാവനം മുക്ക് സ്വദേശിനി അജിതയുടെ രണ്ട് പവന്റെ സ്വര്‍ണ മാലയാണ് കാറിലെത്തിയ യുവാവ് അപഹരിച്ചത്. വീട്ടമ്മയുടെ അടുത്ത് കാര്‍ നിര്‍ത്തിയ യുവാവ് ഒരാളുടെ മേല്‍വിലാസം തിരക്കി. പെട്ടന്ന് വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന മാല പിടിച്ചു പൊട്ടിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച വീട്ടമ്മയെ യുവാവ് കത്തികാട്ടി ഭീഷണിപ്പെടുത്തി.
32 വയസ് തോന്നിക്കുന്ന യുവാവാണ് മാല മോഷ്ടിച്ചതെന്നും ഈയാളുടെ വലത് കൈയുടെ പുറക് വശം പച്ച കളറില്‍ ടാറ്റു ചെയ്തതു പോലെ അടയാളമുണ്ടെന്നും വീട്ടമ്മ പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം തുടങ്ങി. മോഷ്ടാവ് സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. അഞ്ചല്‍ മേഖലയില്‍ കാല്‍നടയാത്രക്കാരായ സ്ത്രീകളുടെയും ബസ് യാത്രക്കാരായ സ്ത്രീകളുടെയും സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിക്കുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുന്നു. അടുത്തിടെ അഞ്ചല്‍ പോലീസ് ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.





























